എയർ ബബിൾ കരാറിൽ ഒപ്പിട്ടു; ശ്രീലങ്കയിലേക്ക് ഇനി ഇന്ത്യയിൽനിന്ന് വിമാനങ്ങൾ പറക്കും
text_fieldsന്യൂഡൽഹി: അയൽരാജ്യമായ ശ്രീലങ്കയുമായി ഇന്ത്യ എയർ ബബിൾ കരാർ ഒപ്പിട്ടു. ഉഭയകക്ഷി കരാർ പ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇരുരാജ്യങ്ങളും തമ്മിലെ അന്താരാഷ്ട്ര വിമാന സർവിസുകൾ ഇനി സാധ്യമാവും.
ശ്രീലങ്ക കൂടാതെ 27 രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ, ഫ്രാൻസ്, കാനഡ, ജർമനി, മാലിദ്വീപ്, യു.എസ്.എ, യു.കെ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ യാത്രക്കാർക്കായി ശ്രീലങ്ക വീണ്ടും വാതിൽ തുറക്കുന്നത് മാലിദ്വീപുമായി ടൂറിസം മേഖലയിൽ ആരോഗ്യപരമായ മത്സരത്തിന് വേദിയാകുമെന്ന് ഈ മേഖലയിലുള്ളവർ വിലയിരുത്തുന്നു. കോവിഡ് കാലത്ത് ഇന്ത്യക്കാർ ഏറ്റവുമധികം യാത്ര പോയ രാജ്യങ്ങളിലൊന്നാണ് മാലിദ്വീപ്. യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ ഇനി പലരും ശ്രീലങ്കയാകും തെരഞ്ഞെടുക്കുക.
കോവിഡ് മഹാമാരിയെത്തുടർന്നുള്ള 10 മാസത്തെ അടച്ചുപൂട്ടലിന് ശേഷം ജനുവരിയിൽ ശ്രീലങ്ക വിദേശ വിനോദ സഞ്ചാരികൾക്കായി വാതിലുകൾ തുറന്നിരുന്നു. എന്നാൽ, എയർ ബബിളിന്‍റെ ഭാഗമല്ലാത്തതിനാൽ ഇന്ത്യക്കാർക്ക് യാത്ര സാധ്യമായിരുന്നില്ല.
സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ശ്രീലങ്ക, കോവിഡിനെ പിടിച്ചുകെട്ടാൻ തീവ്രമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ശ്രീലങ്കയുടെ ജി.ഡി.പിയുടെ അഞ്ച് ശതമാനവും വഹിക്കുന്നത് ടൂറിസം മേഖലയാണ്.
10 മാസത്തെ അടച്ചിടലിനുശേഷം 2021 ജനുവരി 21ന് കൊളംബോ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നതോടെ മാർച്ച് അവസാനം വരെ 9,630 സഞ്ചാരികൾ ശ്രീലങ്ക സന്ദർശിച്ചു. രാജ്യത്ത് എത്തുന്നതിന് രണ്ടാഴ്ച മുമ്പ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച ടൂറിസ്റ്റുകൾക്ക് ഒരു ദിവസം മാത്രമാണ് ക്വാറൈന്റനിൽ കഴിയേണ്ടത്. എന്നാലും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണം. ഇതിൽ നെഗറ്റീവാവുകയാണെങ്കിൽ പുറത്തിറങ്ങി യാത്ര ചെയ്യാം.
വാക്സിനേഷൻ ലഭിക്കാത്ത വിനോദസഞ്ചാരികൾ 14 ദിവസം ക്വാറൈന്റനിൽ കഴിയണം. ഒരാഴ്ച ഇടവിട്ട് രണ്ട് ആർ.ടി.പി.സി.ആർ പരിശോധനയും നടത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.