പുതുവത്സരത്തിൽ പറക്കാനൊരുങ്ങി എയർകേരള
text_fieldsമലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരളത്തിലെ ആദ്യ സ്വകാര്യ വിമാന സർവിസ് കമ്പനിയായ എയർകേരള 2025 ഏപ്രിലോടെ പറന്നുയരും. തുടക്കത്തിൽ ആഭ്യന്തര സർവിസാണ് ലക്ഷ്യമിടുന്നത്. കൊച്ചിയിൽ നിന്ന് ഹൈദരാബാദ് നഗരത്തിലേക്കായിരിക്കും ആദ്യ സർവിസ്. ഇന്ത്യയിലെ ടയർ 2, ടയർ 3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും ഈ സർവിസ്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് സർവിസ് ഉണ്ടാകും. പ്രാദേശിക സർവിസുകൾക്കായി മൂന്ന് എ.ടി.ആർ 72-600 വിമാനങ്ങളാണ് പരിഗണിക്കുക. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക് സർവിസുകൾ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.
അന്താരാഷ്ട്ര റൂട്ടിൽ അനുമതി ലഭിച്ചാൽ തായ്ലൻഡ്, വിയറ്റ്നാം, മലേഷ്യ, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ റൂട്ടുകൾക്ക് മുൻഗണന നൽകും.
താങ്ങാവുന്ന ടിക്കറ്റ് നിരക്കാണ് എയർ കേരള വാഗ്ദാനം ചെയ്യുന്നത്. അടുത്ത മാർച്ചിൽ തന്നെ സർവിസ് നടത്താനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് എയർ കേരള ഉടമസ്ഥരായ സെറ്റ്ഫ്ലൈ ഏവിയേഷൻ ചെയർമാൻ അഫി അഹമ്മദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
യാത്രാ സർവിസുകൾക്കുപുറമെ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെയുള്ള ചരക്കുനീക്ക സാധ്യതകൾ കമ്പനി പരിശോധിച്ചുവരുകയാണ്. ആഭ്യന്തര സർവിസ് തുടങ്ങുന്നതിനുള്ള എൻ.ഒ.സി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്ന് ലഭിച്ചുകഴിഞ്ഞു.
എന്നാൽ, എയർ ഓപറേഷൻ സർട്ടിഫിക്കറ്റ് (എ.ഒ.സി) കൂടി ലഭിച്ചാലെ സർവിസ് ആരംഭിക്കാനാവൂ. ഇതിന് ശ്രമങ്ങൾ തുടരുകയാണ്. കമ്പനി ചീഫ് ഓപറേറ്റിങ് ഓഫിസർ (സി.ഇ.ഒ) ആയി ഹരീഷ് കുട്ടി ഉൾപ്പെടെ പ്രധാന തസ്തികകളിലേക്ക് ഉള്ളവരെ ഇതിനകം നിയമിച്ചുകഴിഞ്ഞു.
ചീഫ് ഫിനാൻഷ്യൽ ഓഫിസറായി കീർത്തി റാവു, ക്വാളിറ്റി മാനേജറായി ജയിംസ് ജോർജ്, ഗ്രൗണ്ട് ഓപറേഷൻസ് മേധാവിയായി ഷാമോൻ പട്ടവാതുക്കൽ സയ്യിദ് മുഹമ്മദ്, എയർ ക്രാഫ്റ്റ് മെയിന്‍റനൻസ് മേധാവിയായി പരാർഥപറമ്പിൽ രംഗരാജ മല്യ കമലേഷ് എന്നിവരാണ് എയര്‍ കേരള ടീമിലേക്ക് പുതുതായെത്തുന്നത്. കഴിഞ്ഞ വർഷമാണ് എയർ കേരള ഡോമെയിൻ സെറ്റ്ഫ്ലൈറ്റ് ഏവിയേഷൻ സ്വന്തമാക്കിയത്. കൊച്ചിയായിരിക്കും കമ്പനിയുടെ ആസ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.