അകലാപ്പുഴ, സഞ്ചാരികളുടെ പറുദീസ...
text_fieldsകൊയിലാണ്ടി: അകലാപ്പുഴയുടെ സൗന്ദര്യം നുകരാൻ സന്ദർശകരുടെ തിരക്കേറുന്നു. കായൽപ്പരപ്പിലൂടെ യാത്ര ചെയ്ത് പ്രകൃതിസൗന്ദര്യം ആസ്വദിക്കാം. പുഴമധ്യത്തിലെ തുരുത്ത് സഞ്ചാരികളെ ആകർഷിക്കും. തെങ്ങുകൾ, കണ്ടൽക്കാടുകൾ, മറ്റു സസ്യങ്ങൾ, കിളികളുടെ കൂട്ടങ്ങൾ എന്നിവ മനസ്സിനെ കുളിർപ്പിക്കുന്ന അനുഭവമാണ്.
ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി വളരുകയാണ് അകലാപ്പുഴ. യാത്രക്ക് വിവിധ രീതിയിലുള്ള ബോട്ടുകളുണ്ട്. 10 മുതൽ 60 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടുകള്‍ സജ്ജമാണ്. തുറന്ന രീതിയിലുള്ള ശിക്കാരി ബോട്ടിൽ ചാരിക്കിടന്നും ഇരുന്നും ദൃശ്യചാരുത നുകരാം.
60 പേര്‍ക്ക് സഞ്ചരിക്കാവുന്ന ശിക്കാര ബോട്ടില്‍ മീറ്റിങ്ങുകള്‍, ജന്മദിനാഘോഷങ്ങള്‍, വിവാഹവാര്‍ഷികം, വിവാഹനിശ്ചയം, മറ്റ് ആഘോഷപരിപാടികള്‍ എന്നിവ നടത്താം. രണ്ടു പേര്‍ക്കും അഞ്ചു പേര്‍ക്കും യാത്ര ചെയ്യാന്‍ പറ്റുന്ന പെഡല്‍ ബോട്ടുകള്‍, വാട്ടര്‍ സൈക്കിള്‍, റോയിങ് ബോട്ടുകൾ എന്നിവയും സഞ്ചാരികൾക്കുവേണ്ടി ഒരുക്കിയിട്ടുണ്ട്. കരയില്‍ കുട്ടികളുടെ പാര്‍ക്ക്, മിനി കോണ്‍ഫറന്‍സ് ഹാള്‍, ഓപണ്‍ സ്റ്റേജ്, റെസ്റ്റാറന്റ്, ശുചിമുറി സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് ലെയ്ക് വ്യൂ പാലസ് ശിക്കാര ബോട്ട് സര്‍വിസ് സംഘാടകരായ സി. മൊയ്തീന്‍, സി.എം. ജ്യോതിഷ് എന്നിവര്‍ പറഞ്ഞു.
പുറക്കാട് കിടഞ്ഞിക്കുന്നിന്റെ താഴ്‌വാരത്താണ് ഏറെ നീളത്തില്‍ ഒരേ ആഴവും പരപ്പുമുള്ള അകലാപ്പുഴ. കൈത്തോടുകളും തുരുത്തും കൊതുമ്പു വള്ളങ്ങളുമൊക്കെ ആസ്വാദ്യകരം. അകലാപ്പുഴ കോള്‍ നിലം, പാടശേഖരം എന്നിവ സമീപത്തുണ്ട്.
കരിമീനുൾപ്പെടെയുള്ള മത്സ്യങ്ങളാൽ സമ്പന്നമാണ് പുഴ. വിദേശികൾ ഉൾപ്പടെയുള്ളവരുടെ സന്ദർശക ലിസ്റ്റിൽ അകലാപ്പുഴ ഇടംപിടിച്ചുവരുന്നു. ദേശീയപാതയില്‍നിന്ന് കൊയിലാണ്ടി കൊല്ലം ആനക്കുളത്തുനിന്ന് എട്ടു കിലോമീറ്റർ സഞ്ചരിച്ചാല്‍ ഇവിടെ എത്താം.
പയ്യോളിയില്‍നിന്ന് ആറു കിലോമീറ്റർ. തിക്കോടി പഞ്ചായത്ത് ബസാറില്‍നിന്ന് പുറക്കാട് മുചുകുന്ന് റോഡിലൂടെയുമെത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.