തിരമാലകൾക്കുമീതെ ഇനി ഒഴുകിനടക്കാം; കേരളത്തിലെ ആദ്യ 'ഫ്ലോട്ടിങ് ബ്രിഡ്ജ്' ആലപ്പുഴ ബീച്ചിൽ
text_fieldsആലപ്പുഴ: വിനോദസഞ്ചാരികൾക്ക് നവ്യാനുഭവം പകർന്ന് കടൽപരപ്പിലൂടെ ഒഴുകിനടക്കുന്ന സംസ്ഥാനത്തെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് ആലപ്പുഴ ബീച്ചിൽ ഈ മാസം അവസാനം പ്രവർത്തനസജ്ജമാകും. തുറമുഖ വകുപ്പിന്റെ അനുമതിയോടെ തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന 'ക്യാപ്ചർ ഡേഴ്സ്' സ്വകാര്യ കമ്പനിയാണ് പദ്ധതി ആവിഷ്കരിച്ചത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഹൈ-ഡെൻസിറ്റി പോളി എത്തലിൻ (എച്ച്.ഡി.പി.ഇ) പ്ലാസ്റ്റിക് ഉപയോഗിച്ചാണ് പാലം നിർമാണം.
ആലപ്പുഴ കടപ്പുറത്തെ തീരത്തുനിന്ന് രണ്ടു മീ. വീതിയിൽ 150 മീ. നീളത്തിലാണ് തിരമാലകൾക്കൊപ്പം ഉയർന്നുപൊങ്ങുന്ന പുതിയ പാലം നിർമിക്കുന്നത്. നീലനിറത്തിലെ ചതുരാകൃതിയിലുള്ള കട്ടിയുള്ള പ്ലാസ്റ്റിക് ബ്ലോക്കിന്റെ ഓരോ വശത്തെയും കൊളുത്തുകൾ സംയോജിപ്പിച്ചും അവയുടെ മുകളിൽ കൈവരികൾ സ്ഥാപിച്ചുമാണ് പാലം തീർക്കുന്നത്. നടപ്പാതയുടെ ജോലിയാണ് പുരോഗമിക്കുന്നത്. ഇതിനുപിന്നാലെ കൈവരികൾ ഘടിപ്പിച്ചാൽ പാലം പൂർത്തിയാകും. ഇതിന് ഒരാഴ്ചകൂടി വേണ്ടിവരും. 'ഫ്ലോട്ടിങ് ബ്രിഡ്ജ്' നിർമാണരീതി നേരിൽ കാണാൻ നിരവധി പേരാണ് എത്തുന്നത്.
പാലത്തിന്റെ അവസാന ഭാഗത്ത് കയറിനിന്ന് കുടുതൽ കടൽകാഴ്ച ആസ്വദിക്കാൻ വലിയ പ്ലാറ്റ്ഫോം നിർമിക്കും. കടലിന് നടുവിൽ പുതിയ അനുഭൂതി സൃഷ്ടിക്കുന്ന പാലത്തിന് ഒരുസ്ക്വയർ മീറ്ററിൽ 350 കി.ഗ്രാം ഭാരം വരെ താങ്ങാൻ കഴിയുന്ന ബ്ലോക്കുകളാണുള്ളത്. ആകെ 356 സ്ക്വയർമീറ്റർ ദൂരത്തിലുള്ള പാലത്തിന് ഒരുലക്ഷത്തിന് മുകളിൽ കി.ഗ്രാം ഭാരം താങ്ങാൻ ശേഷിയും ഒരേസമയം 1000 പേർക്ക് കയറാനുള്ള കരുത്തുമുണ്ട്. എന്നാൽ, തുടക്കത്തിൽ ഒരേസമയം 100 പേർക്ക് വീതം മാത്രമായിരിക്കും പ്രവേശനം. രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് പ്രവർത്തനം.
സുരക്ഷക്കായി ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ, റിങ്, ഡ്രൈവർമാർ, റെസ്ക്യൂ ബോട്ട് എന്നിവയുണ്ടാകും. ഒരാൾക്ക് 200 രൂപയാണ് നിരക്ക്. ആലപ്പുഴ പോർട്ട് അധികൃതരുമായി ആലോചിച്ചശേഷം അന്തിമനിരക്ക് പ്രഖ്യാപിക്കും. 50 ലക്ഷം രൂപയാണ് മുതൽമുടക്ക്.
തൃശൂർ സ്വദേശികളായ പി.ബി. നിഖിൽ, പി.ടി. റോബിൻ, വിഷ്ണുദാസ്, ആൽവിൻ എന്നീ യുവസംരംഭകരുടെ നേതൃത്വത്തിൽ പിറവിയെടുത്ത സ്റ്റാർട്ടപ് കമ്പനിയാണ് ആശയം മുന്നോട്ടുവെച്ചത്. ഇത്തരം പാലങ്ങൾ പല വിദേശരാജ്യങ്ങളിലും അന്തമാൻ, ലക്ഷദ്വീപ് അടക്കമുള്ള ദ്വീപുകളിലും നേരിട്ട് കണ്ടതിന്റെയും കയറിയതിന്റെയും ആവേശത്തിലാണ് ആലപ്പുഴ ബീച്ചിൽ തുടക്കമിടുന്നതെന്ന് സംരംഭകൻ പി.ബി. നിഖിൽ 'മാധ്യമ'ത്തോട് പറഞ്ഞു.
ആലപ്പുഴ തുറമുഖവുമായി ചേർന്നുള്ള പദ്ധതിയുടെ ലാഭത്തിന്റെ 15 ശതമാനം വിഹിതം സർക്കാറിനാണ്. വരുന്ന മേയ് 31 വരെയാണ് സ്വകാര്യ കമ്പനിയുമായി കരാറുള്ളത്. കടൽതീരത്ത് നിർമാണം ആരംഭിച്ചപ്പോൾതന്നെ ആലപ്പുഴയിൽനിന്ന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. പദ്ധതി വിജയിച്ചാൽ കേരളത്തിലെ മറ്റ് കടൽതീരങ്ങളിലേക്ക് വ്യാപിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.