പ്രകൃതിയുടെ വിരുന്നൊരുക്കി വയ്യാങ്കര ചിറ, ഇരപ്പൻപാറ വെള്ളച്ചാട്ടം
text_fieldsചാരുംമൂട്: മനസ്സിനൊപ്പം കണ്ണുകളെയും കുളിരണിയിക്കാൻ കഴിയുകയെന്നത് പ്രകൃതിയുടെ പ്രത്യേകതയാണ്. നഗരജീവിതത്തിൽനിന്ന് ഇടവേള നൽകി യാത്ര തെരഞ്ഞെടുക്കുന്നവർക്ക് പ്രകൃതി രമണീയമായ സ്ഥലമാണ് ആലപ്പുഴ ജില്ലയിലെ താമരക്കുളം വയ്യാങ്കരചിറയും ഇരപ്പൻപാറ വെള്ളച്ചാട്ടവും. കൊല്ലം -തേനി ദേശീയപാതയുടെ സമീപം 110 ഏക്കറിലാണ് വയ്യാങ്കര ചിറ. മൂന്നു വശങ്ങളിൽ കുന്നുകൾക്കുള്ളിൽ രൂപപ്പെട്ട ജലാശയമാണിത്; ശാസ്താംകോട്ട കായൽ കഴിഞ്ഞാൽ ഏറ്റവും വലിയ ശുദ്ധജലതടാകം. അപൂർവ ജീവജാലങ്ങൾ കൊണ്ട് പ്രത്യേക പരിസ്ഥിതി പരിഗണന ഉണ്ടാകേണ്ട പ്രദേശമായ ഇവിടെ വിവിധയിനം പക്ഷികൾ വിരുന്നെത്തുന്നത് കൗതുക കാഴ്ചയാണ്.
2002ൽ ആലപ്പുഴ മെഗാ ടൂറിസം സർക്യൂട്ടിന്റെ ഭാഗമായി വയ്യാങ്കര ചിറ ടൂറിസം പദ്ധതിക്ക് തുടക്കമിട്ടത് അന്നത്തെ ടൂറിസം മന്ത്രി കെ.സി. വേണുഗോപാലാണ്. ചെറിയരീതിയിൽ ലേക് വ്യൂ പാലം, ശുചിമുറി, പവർഹൗസ്, വിശ്രമ ബെഞ്ചുകൾ, പ്രവേശന കവാടം, മണ്ഡപം, കുട്ടികളുടെ പാർക്ക്, വിളക്കുകൾ എന്നിവ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് പൂർത്തിയായി. ഇപ്പോൾ കോവിഡ് കാരണം സഞ്ചാരികൾ കുറഞ്ഞു. എന്നാൽ, ഇവിടെ എത്തുന്നവർക്ക് അടിസ്ഥാന സൗകര്യം ഇല്ലെന്ന പരാതിയുണ്ട്. പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന തട്ടുകടകൾ, കുട്ടികൾക്കുള്ള വിവിധ ഷോപ്പിങ് സെന്ററുകൾ, ടൂറിസ്റ്റുകൾക്ക് തങ്ങാനുള്ള സൗകര്യം എന്നിവ പൂർത്തിയാകുന്നതോടെ ഈ പരാതികൾക്ക് അവസാനമാകുമെന്നാണ് പ്രതീക്ഷ.
വയ്യാങ്കരച്ചിറയിൽ നിന്നുൾപ്പെടെ വിവിധ തോടുകളിലൂടെ ചത്തിയറ പുഞ്ചയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം കൂറ്റൻ പാറകളിൽ പതിച്ച് പതഞ്ഞൊഴുകുന്ന ഇരപ്പൻപാറ വെള്ളച്ചാട്ടവും മനോഹരമായ കാഴ്ചയാണ്. സീരിയലുകൾ, ഡോക്യുമെന്ററികൾ എന്നിവയുടെ ചിത്രീകരണത്തിനും ഫോട്ടോഷൂട്ടുകൾക്കും വിവിധസംഘങ്ങൾ എത്താറുണ്ട്.
കൂറ്റൻ പാറകളിൽ വെള്ളം പതിക്കുമ്പോഴുള്ള ശബ്ദം കിലോമീറ്ററുകൾക്കകലെ വരെ കേൾക്കുന്നതിനാലാണ് ഇരപ്പൻപാറയെന്ന് പേരുവന്നത്. മഴക്കാലത്തുമാത്രമാണ് വെള്ളച്ചാട്ടം ആസ്വദിക്കാൻ കഴിയുക.
കൈവരികളും മിനി പാർക്കും അലങ്കാര വിളക്കുകളും സൗന്ദര്യവത്കരണവും ഉൾപ്പെടുത്തിയാൽ കൂടുതൽ സന്ദർശകൾ എത്തിച്ചേരും. വയ്യാങ്കര ചിറയിലേക്കുള്ള വഴികളുടെയുൾപ്പെടെ വിശദമായ മാസ്റ്റർ പ്ലാൻ തയാറാക്കി നൽകാൻ സ്ഥലം സന്ദർശിച്ച ടൂറിസം മന്ത്രി നിർദേശിച്ചിരുന്നു. രണ്ടാംഘട്ടത്തിൽ ചിറക്കുചുറ്റും റോഡ്, വിശ്രമസ്ഥലങ്ങൾ, ബോട്ടിങ്, ഫിഷിങ്, ആയുർവേദ സെന്റർ, ഭക്ഷണശാല, കളിസ്ഥലങ്ങൾ, സൗന്ദര്യവത്കരണം തുടങ്ങിയവ യാഥാർഥ്യമാകുന്നതോടെ വയ്യാങ്കര ടൂറിസം പദ്ധതി ജില്ലയിലെ വലിയ സർക്യൂട്ടുകളിൽ ഒന്നായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.