ചരിത്രമുറങ്ങുന്ന അൽമാട്ടി... ഗ്രീൻ ബസാറിലെ കുതിര ഇറച്ചി
text_fieldsകസാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ അൽമാട്ടി സിറ്റിയിലൂടെ കാൽ നടയായും ബസ്സ് യാത്ര നടത്തുന്നതും തികച്ചും ആസ്വാദ്യകരമാണ്. ഞങ്ങളുടെ ഇന്നത്തെ പ്രഭാതം മുതൽ നഗരക്കാഴ്ചകൾ കാണാനാണ് പരിപാടി. ചരിത്രസ്മാരകങ്ങൾ, സോവിയറ്റ് മാതൃകയിലുള്ള കെട്ടിടങ്ങൾ, പാർക്കുകൾ, കഫേകൾ, ആധുനിക ഗ്ലാസ്സ് കെട്ടിടങ്ങൾ, പള്ളികൾ, ചന്തകൾ, ട്രാമുകൾ, മെട്രോ ലൈനുകൾ എന്നിങ്ങനെ ഒരു മെട്രോ സിറ്റിയുടെ നിരവധി സ്വഭാവങ്ങൾ കാണിക്കുന്ന മനോഹരവും വൃത്തിയുള്ളതുമായ തെരുവുകൾ നമുക്ക് നടന്നു കാണാം.
ദുബൈ, അല്ലെങ്കിൽ ഏതെങ്കിലും ഇന്ത്യൻ മെട്രൊ നഗരങ്ങളെപ്പോലെ വമ്പിച്ച തിരക്കൊ വാഹനവ്യൂഹങ്ങളോ നിരത്തുകളില്ല. കാൽനടക്കാരായി കൂടുതലും നാടുകാണാനായി വന്നെത്തുന്ന സ്വദേശികളും വിദേശികളുമായ സഞ്ചാരികളാണധികവും. പ്രസിഡൻഷ്യൽ പാലസ്, സെൻട്രൽ സ്റ്റേറ്റ് മ്യൂസിയം ഓഫ് കസാഖ് റിപ്പബ്ലിക്, അസ്താന സ്ക്വയർ, അസൻഷൻ കത്തീഡ്രൽ, ഗ്രീൻ ബസാർ എന്നിവ പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. അൽമാട്ടിയുടെ കലാപരവും സാമൂഹികവുമായ ജീവിതത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് സെൻട്രൽ സ്റ്റേറ്റ് മ്യൂസിയം ഓഫ് കസാഖ് റിപ്പബ്ലിക്, ജിയോളജി മ്യൂസിയം ഓഫ് സയൻസ്, സ്റ്റേറ്റ് മ്യൂസിയം ഓഫ് നാഷണൽ മ്യൂസിക്കൽ ഇൻസ്ട്രുമെന്റ്സ്, മിലിട്ടറി ഹിസ്റ്ററി മ്യൂസിയം എന്നിവയിൽ പോയി ദിവസങ്ങളോളം ചിലവഴിക്കാൻ അവരമുണ്ട്.
ഞങ്ങളുടെ വാഹനം അസൻഷൻ കത്തീഡ്രലിന് അടുത്ത് സ്ഥിതി ചെയ്യുന്ന നഗര പ്രദേശത്തെ ഒരു വലിയ പാർക്കിനു സമീപം നിർത്തി ഗൈഡ് തിമൂർ എല്ലാവരെയും വാക്കിങ് ടൂറിലേക്ക് സ്വാഗതം ചെയ്തു.രണ്ടാം ലോക മഹായുദ്ധസമയത്ത് ജർമൻ അധിനിവേശത്തിൽ നിന്ന് മോസ്കോയെ പ്രതിരോധിക്കുന്നതിനിടെ മരിച്ചതായി കരുതപ്പെടുന്ന സൈനിക വീരന്മാർക്ക് സമർപ്പിക്കുകയും, കമാൻഡിങ് ജനറൽ ആയിരുന്ന ഇവാൻ പാൻഫിലോവിന്റെ പേര് നാമകരണവും ചെയ്ത ഈ വിസ്തൃതമായ ചത്വരത്തിലേക്ക് ധാരാളം സഞ്ചാരികളെത്തുന്നുണ്ടായിരുന്നു.
കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടും, അക്കാലത്ത് ജർമനിയുടെ മോസ്കോയിലേക്കുള്ള മുന്നേറ്റം ഗണ്യമായി വൈകിപ്പിക്കാനും പ്രതിരോധിക്കാനും കഴിഞ്ഞതിന്റെ സ്മരണക്കായി 15 സോവിയറ്റ് റിപ്പബ്ലിക്കുകളിൽ നിന്നുള്ള സൈനികരുടെ ഭീമാകാരമായ കറുത്ത പ്രതിമയും അതിനു മുന്നിലുള്ള നിത്യജ്വാലയും രണ്ടാം ലോകമഹായുദ്ധത്തിന്റെയും കിഴക്കൻ മുന്നണിയുടെയും പതനത്തെയും അനുസ്മരിപ്പിക്കുന്നു. പാൻഫിലാവ് പാർക്കിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന അസൻഷൻ കത്തീഡ്രൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സോവിയറ്റിനു മുമ്പുള്ള കാലഘട്ടത്തിലെ അതുല്യമായ ഒരു നിർമിതിയും വളരെ ജനപ്രിയമായ സന്ദർശന കേന്ദ്രവുമാണ്. ഒന്നേകാൽ നൂറ്റാണ്ടിലധികം പഴക്കമുള്ള കത്തീഡ്രൽ രൂപകല്പന ചെയ്ത ആർക്കിടെക്റ്റ് ഭൂകമ്പങ്ങളിൽ നിന്നു പോലും പ്രതിരോധിക്കുന്ന വാസ്തു വിദ്യയിലൂടെയായിരുന്നു നിർമ്മാണം പൂർത്തീകരിച്ചത്. കത്തീഡ്രൽ 1904-1907 കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ടു, 1911-ലെ ഒരു വലിയ ഭൂകമ്പത്തെ അതിജീവിച്ച കത്തീഡ്രലിന്റെ ഉയരം 46 മീറ്ററാണ് .
സോവിയറ്റ് യൂണിയന്റെ കാലത്ത്, ഈ കെട്ടിടം ഒരു മ്യൂസിയമായിരുന്നു, എന്നാൽ 1995 ൽ സ്വാതന്ത്ര്യാനന്തര കസാക്കിൽ ഇത് വീണ്ടും ഒരു ഓർത്തഡോക്സ് ക്രിസ്ത്യൻ കത്തീഡ്രലായി മാറി.ഞങ്ങൾക്ക് പള്ളിയുടെ അകത്തേക്ക് പ്രവേശിക്കാനും പ്രാർത്ഥനകൾക്ക് ഭംഗമില്ലാതെ ഉൾവശം ചുറ്റിനടന്ന് കാണാനും ഫോട്ടോ എടുക്കാനും കഴിഞ്ഞു. അൽമാട്ടിയിലെ ഒരു കേന്ദ്ര മാർക്കറ്റാണ് ഗ്രീൻ ബസാർ. പുതിയ പച്ചക്കറികളും പഴങ്ങളും നിറഞ്ഞതാണിവിടം. കുതിര ഇറച്ചി, സോസേജുകൾ, നാടൻ പലഹാരങ്ങൾ, നാടൻ മസാലകൾ എന്നിവ ഇവിടെ നിന്നും വാങ്ങി പരീക്ഷിക്കാം.
കുതിര ഇറച്ചി ഇവിടത്തെ അതി വിശിഷ്ടമായ ഒരു മാംസാഹാരമാണ്. ഒരു കിലോ ഇറച്ചിക്ക് പത്ത് ഡോളർ വില വരും. ഗ്രീൻ ബസാറിന് തൊട്ടടുത്തായി ഒരു സംഗീതോപകരണ മ്യൂസിയമുണ്ട്. 1980ൽ സ്ഥാപിതമായ ഈ മ്യൂസിയത്തിൽ 1,000ലധികം സംഗീതോപകരണങ്ങളും 60ഓളം ദേശീയ കസാഖ് ഉപകരണങ്ങളും അടങ്ങിയിരിക്കുന്നു. പാൻഫിലോവ് പാർക്കിന് തൊട്ടടുത്തു 1908ൽ നിർമിച്ച ഒരു പ്രീ-സോവിയറ്റ് കെട്ടിടത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അൽമാറ്റിയിലെ പ്രശസ്തമായ ലാൻഡ്മാർക്കുകളിൽ ഒന്നാണ് ഹോട്ടൽ കസാക്കിസ്ഥാൻ ആയി മാറിയ 26 നിലകളും102 മീറ്റർ ഉയരമുള്ള കെട്ടിടം. 1977ൽ നിർമിച്ച ഇത് 2008 വരെ അൽമാട്ടിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു. ഈ കെട്ടിടം നഗരത്തിന് മുകളിൽ സ്വർണ്ണ കിരീടവുമായി ഉയർന്നു നിൽക്കുന്നത് കാണാൻ മനോഹരമാണ്. നഗരക്കാഴ്ച്ചകളിലെ മറ്റൊരു പ്രധാന സ്ഥലമാണ് റിപ്പബ്ലിക് സ്ക്വയറിൽ
34 മീറ്റർ ഉയരത്തിലായി നിർമിച്ചിരിക്കുന്ന ‘സ്വാതന്ത്ര്യ സ്മാരകം’. ശിൽപി ഷോട്ട വലിഹാനോവും സംഘവുമാണ് ഇത് രൂപകൽപന ചെയ്തത്. സ്തൂപത്തിന്റെ ഏറ്റവും മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു സ്വർണ്ണ മനുഷ്യന്റെ പ്രതിമയ്ക്ക് ആറു മീറ്റർ ഉയരമുണ്ട്. കസാഖ് നാടോടിക്കഥകളിൽ അറിയപ്പെടുന്ന ചിറകുള്ള ഒരു ഹിമപ്പുലിയുടെ മേൽ അവനെ ഇരുത്തി, വലതു കൈയിൽ ഒരു കഴുകനും ഇടതുകൈയിൽ വില്ലും പിടിച്ചിരിക്കുന്നു. പ്രതിമ സമ്പന്നമായ നാടോടി ഭൂതകാലത്തെ സൂചിപ്പിക്കുന്നു. കൂടാതെ ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ സമൃദ്ധി, വളർച്ച, സ്ഥിരത എന്നിവയെ പ്രതീകപ്പെടുത്തുന്നു. പാൻഫിലോവ് തെരുവിലൂടെ നടന്ന് കൊണ്ടേയിരിക്കെ അർബത്ത് പാതയിലെത്തും.
ഇത് ആധുനിക സ്റ്റോറുകളുടെയും, ഭോജന ശാലകളുടെയും വഴിയാണ്. അക്ഷരാർഥത്തിൽ ഇവിടെയാണ് അൽമാട്ടി നഗരത്തിന്റെ തുടിപ്പും മിടിപ്പും കുടികൊള്ളുന്നത്. പകൽ സമയത്ത് കാര്യമായി തിരക്കില്ല. വൈകുന്നേരങ്ങളിൽ തെരുവ് നിറയെ ഗായക സംഘങ്ങൾ കയ്യടക്കും. പാട്ടും, നൃത്തവും, സംഗീതവും ആസ്വദിച്ചു നമുക്ക് ചുറ്റിനടക്കാൻ സുഖപ്രദമായ അന്തരീക്ഷമാണ്. സന്ധ്യക്ക് ഇവിടെയെത്തിയ ഞങ്ങൾ പാതിരാത്രി വരെ ഇവിടം ചിലവിട്ടു. ഓരോ യാത്രയും തരുന്ന പാഠങ്ങൾ തുടർന്നും യാത്ര ചെയ്യാനുള്ള ആഗ്രഹങ്ങളുടെ വേഗം കൂട്ടുന്നു. അല്ലെങ്കിൽ ഓരോ യാത്രയും വായിച്ചു തീർത്ത പുസ്തകമാണെന്നും പറയാം. തികച്ചും സ്വാഭാവികമായിട്ടാണ് പല യാത്രകളും സംഭവിക്കുന്നത്.
യാത്രകൾക്കായി ചില തയ്യാറെടുപ്പുകൾ ചെയ്യുമെങ്കിലും മാസങ്ങളോളം കണക്ക് കൂട്ടി നിശ്ചയിക്കപ്പെടുന്ന ഒന്നല്ല. ഓരോ യാത്ര കഴിഞ്ഞാലും പുതിയ തീരങ്ങൾ തേടിയുള്ള യാത്രക്കായ് മനസ്സ് തുടിക്കും.. പിന്നെ പോയി വരുന്നതുവരെ നിരന്തരം അത് ഞങ്ങളെ പ്രലോഭിച്ച് കൊണ്ടേയിരിക്കും. അങ്ങനെയാണ് പലപ്പോഴും യാത്രകൾ സംഭവിക്കുന്നത്. കണ്ട കാഴ്ചകളേക്കാൾ കാണാത്ത കാഴ്ച്ചകളും കേട്ടറിഞ്ഞവയുമാണ് ഏറെ മോഹിപ്പിക്കാറ്.. അങ്ങനെ കാണാൻ കൊതിക്കുന്ന ഒത്തിരി സ്ഥലങ്ങൾ കൂടിയുണ്ട്. ആയുസ്സും ആരോഗ്യവും ഉണ്ടെങ്കിൽ ആഗ്രഹങ്ങൾ നിറവേറ്റണം...
തീർച്ചയായും യാത്രകൾ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.