വിസ്മയക്കാഴ്ച, അൽ വഹ്ബ അഗ്നിപർവത ഗർത്തം
text_fieldsത്വാഇഫ്: സൗദി മരുഭൂമിയിലെ വിസ്മയക്കാഴ്ചകളിൽ സന്ദർശകരെ ഏറെ ആകർഷിക്കുന്ന ഒരിടമാണ് അൽ വഹ്ബ അഗ്നിപർവത ഗർത്തം. ത്വാഇഫ് ഗവർണറേറ്റിന്റെ വടക്കുകിഴക്കുമാറി 260 കിലോമീറ്റർ അകലെയുള്ള ‘ഹരാത് കിഷബ്’ പർവതത്തിലാണ് മധ്യപൂർവേഷ്യയിലെ അഗ്നിപർവത സ്ഫോടനം മൂലമുണ്ടായ ഏറ്റവും വലിയ ഈ ഗർത്തം സ്ഥിതിചെയ്യുന്നത്. ജിദ്ദയിൽനിന്നും ജുമൂം വഴി സഞ്ചരിച്ചാൽ ഈ പ്രദേശത്തേക്ക് 365 കിലോമീറ്ററും തൂവൽ വഴിയാണെങ്കിൽ 447 കിലോമീറ്ററും ദൂരമുണ്ട്.
സൗദിയിലെ ഈ അഗ്നിപർവത മേഖലയും ലാവാ പ്രദേശങ്ങളും ഭൂതകാലത്തിന്റെ സവിശേഷതകൾ പ്രതിഫലിപ്പിക്കുന്ന പുരാവസ്തു കേന്ദ്രങ്ങളാണ്. രാജ്യത്തെ വിവിധ ലാവ പ്രദേശങ്ങൾ മുൻകാല ജനതയുടെ നാഗരിക വികാസത്തിന്റെ വഴിയടയാളങ്ങളാണ്. രാജ്യത്തെ അഗ്നിപർവതങ്ങളുടെ ചരിത്രം ഏകദേശം മൂന്ന് കോടി വർഷം പഴക്കമുള്ളതാണെന്ന് ചരിത്ര, പുരാവസ്തുശാസ്ത്ര പ്രഫസറായ ഡോ. ഹമ്മദ് അൽ റുവൈലി പറഞ്ഞു.
മദീനയുടെ തെക്കുകിഴക്ക് ഭാഗത്തുള്ള ‘ഹരാത് റാഹത്തി’ന്റെ വടക്കും തെക്കും അറ്റത്തുള്ള ‘ഹാഫിർ കിഷ്ബു’ ‘അൽ മൽസ’ എന്നിവയാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അഗ്നിപർവത കേന്ദ്രങ്ങൾ. വിസ്തീർണമനുസരിച്ച് ഏറ്റവും വലിയ അഗ്നിപർവതമാണ് ഹരാത് റാഹത്ത്.
രാജ്യത്തെ ഏറ്റവും ആഴമേറിയ അഗ്നിപർവത ഗർത്തമാണ് ‘ഹരാത് കിഷബ്’. ഏകദേശം 2000 വർഷം മുമ്പ് അൽ വഹ്ബ പ്രദേശത്ത് അഗ്നിപർവതം പൊട്ടിയൊഴുകിയ ‘മാഗ്മ’യും ഭൂഗർഭജലവും ലവണങ്ങളും പുറത്തേക്ക് പ്രവഹിച്ചാണ് ഗർത്തം ഉണ്ടായത് എന്നാണ് ആധുനിക ഭൗമ ശാസ്ത്രജ്ഞരുടെ നിഗമനം.
ലാവയുടെ പ്രതിപ്രവർത്തനം മൂലം ശക്തമായ വാതക പ്രസരണം സംഭവിക്കുകയും അതുവഴിയാണ് രണ്ട് കിലോമീറ്ററോളം വിസ്തീർണമുള്ള ഈ മഹാഗർത്തം രൂപം കൊണ്ടതെന്നും ഗവേഷകർ പറയുന്നു. ‘മഖ്ല: ത്വമിയ്യ’ (ഫൂഹത്തുൽ വഹ്ബ) എന്നാണ് അൽ വഹ്ബ അഗ്നിപർവത ഗർത്തത്തിന് അറബിയിൽ പറയുക.
അഗ്നിപർവത സ്ഫോടനം മൂലം ഭൂമിയുടെ പ്രതലത്തിൽ രൂപംകൊള്ളുന്ന വൃത്താകൃതിയിലുള്ള ഗർത്തങ്ങളെയാണ് സാങ്കേതികമായി ‘ക്രെയ്റ്റർ’ എന്ന് വിളിക്കുന്നത്. കുന്നുകളുടെയും പർവതങ്ങളുടെയും മുകളിലാണ് പൊതുവെ ഇത് കണ്ടുവരാറുള്ളത്. അൽവഹ്ബയിൽ അഗ്നിപർവത സ്ഫോടനങ്ങൾക്ക് സാധ്യതയുള്ള നിരവധി കുന്നുകൾ വേറെയും ഉണ്ടെന്നും ചില ഗവേഷകർ സൂചിപ്പിച്ചിട്ടുണ്ട്. അത് കൊണ്ടാവാം ഇവിടെ പരിസരത്തെങ്ങും താമസക്കാരില്ലാതായത്.
ഗർത്തത്തിനുള്ളിൽ വലിയ പാത്രത്തിന്റെ അടിഭാഗം പോലുള്ള ഭാഗത്ത് വെളുത്ത നിറത്തിൽ ഉറഞ്ഞുകാണുന്ന ലാവയുടെ കാഴ്ച മനോഹരമാണ്. പൊതുവെ വിജനമായ ഈ പ്രദേശത്തെ പാറകളുടെ നിറത്തിലും ആകൃതിയിലുമുള്ള രൂപമാറ്റം തന്നെ പ്രകൃതിക്ക് നല്ല ദൃശ്യഭംഗി നൽകുന്നുണ്ട്.
ഇരുമ്പും ഉരുക്കും പോലുള്ള കറുത്ത കല്ലുകളുടെയും ശിലകളുടെയും രൂപങ്ങൾ കാണുമ്പോൾ പണ്ട് കാലത്തെ അഗ്നിപർവത പ്രദേശത്തിന്റെ ഭാഗമായുള്ള ഒരു പ്രദേശമാണിതെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാവും. വിനോദ സഞ്ചാരികളെ കൂടാതെ ധാരാളം ഗവേഷകരും വിദ്യാർഥികളും ഈ പ്രദേശം സന്ദർശിക്കാനെത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.