കായലും കടലും സംഗമിക്കുന്ന അന്ധകാരനഴി
text_fieldsഅരൂർ: കായലും കടലും സംഗമിക്കുന്ന അപൂർവമായ അഴിമുഖമാണ് അന്ധകാരനഴി. കടൽയാത്രികർക്ക് വഴികാട്ടിയായ മനക്കോടം വിളക്കുമരവും ഇവിടെയാണ്. ഒരേസമയം കടലോര വിനോദസഞ്ചാര കേന്ദ്രവും തീരദേശഗ്രാമവുമാണ്. കടലും കായലും അഴിമുഖവും ലൈറ്റ് ഹൗസും ഈ ഗ്രാമത്തിന് ഭംഗിയേകുന്നു.
ജില്ലയിൽ കിലോമീറ്റർ നീളത്തിൽ കടലോരമുണ്ടെങ്കിലും കടലിലേക്ക് ഇറങ്ങാനും കടലോരത്തിരിക്കാനും കൂടുതൽ സൗകര്യം ഇവിടെയാണ്. ആയതിനാൽ വിനോദസഞ്ചാര കേന്ദ്രമായി അന്ധകാരനഴി വികസിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ആലപ്പുഴ ജില്ല അവസാനിക്കുകയും എറണാകുളം ജില്ല ആരംഭിക്കുന്നതും ഇവിടെയാണെന്നതാണ് പ്രത്യേകത. തീരദേശ റോഡ് വഴി തോപ്പുംപടി -കണ്ണമാലി -ചെല്ലാനം കടന്ന് ഇവിടെ എത്തിച്ചേരാം. കടലിനോട് ചേർന്നുകിടക്കുന്ന ഈ വഴി ആലപ്പുഴ വരെ നീളുന്നു. ഇടതുവശത്ത് കടലും വലതുവശത്ത് കായലും വെള്ളക്കെട്ടും പ്രകൃതിയുടെ മനോഹരമായ കാഴ്ചയാണ്.
വള്ളവും വലയുമായി കുശലം പറഞ്ഞ് വഴിയരികിൽ നിരവധി തൊഴിലാളികളെ കാണാം. ചെറിയ ഫിഷിങ് ഹാർബർ, മത്സ്യ സംസ്കരണ പ്ലാന്റുകൾ എന്നിവയുമുണ്ട്. കടലിനോട് വളരെ അടുത്തായി വീടുകളും ഏറെ. ഒരു വലിയ തിരയടിച്ചാൽ വെള്ളം മുറ്റത്തെത്തും. സൂനാമിയും ഓഖിയും ദുരിതമായി വീശിയടിച്ചിട്ടും കടലിന്റെ മനോഹാരിത വിട്ടൊഴിയാതെ തീരമണയുകയാണ് ഇപ്പോഴും. മറ്റ് ബീച്ചുകളിൽനിന്ന് വ്യത്യസ്തമായി ഇവിടെ കടൽ നമ്മുടെ അതേ ഉയരത്തിൽ ഉയർന്നു നിൽക്കുന്നതായി തോന്നും.
പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ചതാണ് ലൈറ്റ് ഹൗസ്. അതിന് മുമ്പ് ഇവിടെ സമുദ്ര സഞ്ചാരികൾക്ക് വഴികാട്ടിയായി ദീപസംവിധാനങ്ങൾ ഒന്നും ഇല്ലായിരുന്നു. പ്രദേശം മുഴുവൻ അന്ധകാരം മാത്രമായിരിക്കും. അങ്ങനെയാണ് ഈ സ്ഥലത്തിന് അന്ധകാരനഴി എന്ന പേരുവന്നതെന്നാണ് കരുതുന്നത്. അന്ധകാരം, അഴി എന്നീ വാക്കുകൾ ചേർന്നാണ് അന്ധകാരനഴി ഉണ്ടായത്. ചേർത്തല റെയിൽവേ സ്റ്റേഷനിൽനിന്ന് 10 കിലോമീറ്റർ യാത്ര ചെയ്താൽ മനക്കോടം ലൈറ്റ് ഹൗസിന് സമീപം എത്തിച്ചേരാം. കൊച്ചിയിൽനിന്ന് കൊച്ചി -ആലപ്പുഴ പാതയിലൂടെ 30 കിലോമീറ്റർ യാത്രയുണ്ട്. കൂടാതെ ദേശീയപാത 47ലൂടെ സഞ്ചരിക്കുന്നവർക്ക് പട്ടണക്കാട് എത്തി ടൗണിൽനിന്ന് മൂന്ന് കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ഈ അഴിമുഖം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.