ഹിമാലയസ്വപ്നം ‘കീഴടക്കി’ അന്നയും പിതാവും
text_fieldsചേർത്തല: എട്ടാം ക്ലാസുകാരിയും പിതാവും ഒരുമിച്ച് ഹിമാലയത്തിലെത്തി. ചേർത്തല സെന്റ് മേരീസ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനി ഞാറക്കലിലെ അന്ന മേരിയും പിതാവ് ഷൈനുമാണ് 18 മണിക്കൂറെടുത്ത് ഹിമാലയത്തിലെ 15,478 അടി ഉയരമുള്ള പർവതം കീഴടക്കിയത്.
ചെറുപ്പം മുതൽ സാഹസിക യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന അന്ന മേരി സ്കൂൾ അവധിക്കാലം വെറുതെകളയാതെ ഹിമാലയ യാത്രക്കുള്ള ഒരുക്കങ്ങൾക്ക് തെരഞ്ഞെടുക്കുകയായിരുന്നു.
എറണാകുളത്തെ സ്വകാര്യ ടൂർ കമ്പനിയുടെ പാക്കേജിലാണ് അന്നയും ഷൈനും ഒരുമിച്ച് ജൂൺ 20ന് യാത്ര തുടങ്ങിയത്. ഇതിനായി ഒരുമാസത്തെ സാഹസിക യാത്ര പരിശീലനവും നേടി. ആറുദിവസംകൊണ്ട് പിർപാഞ്ചൽ മലനിരയിലെ ഫ്രൻഡ്ഷിപ് പീക്കിൽ എത്തി.
സംഘത്തിൽ 13 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ അന്ന മേരിയും ഹരിയാന സ്വദേശി ആരാധ്യയും വിദ്യാർഥികളായിരുന്നു. മണാലി വഴിയുള്ള യാത്രയിൽ ആറാംദിവസം മൈനസ് 70, 80 ഡിഗ്രി താപനിലയുള്ള ഐസിലൂടെയായിരുന്നു നടത്തം. കൊടുമുടി കീഴടക്കി ഇരുകൈകളിലും ഇന്ത്യൻ പതാക ഉയർത്തിയപ്പോൾ മനസ്സിലെയും രക്തത്തിലെയും തണുപ്പകന്നതായി അന്ന മേരിയും ഷൈനും ‘മാധ്യമ’ത്തോട് പറഞ്ഞു. അന്ന കൊടുംതണുപ്പിൽ അടിവാരത്തെ തടാകത്തിൽ നീന്തുകയും ചെയ്തു.
സ്വിമ്മിങ്, തൈക്വാൻഡോ, ഫുട്ബാൾ, ജിംനാസ്റ്റിക്, ടേബിൾ ടെന്നിസ്, റൈഫിൾ ഷൂട്ടിങ് തുടങ്ങിയ ഇനങ്ങളിലെ ‘താരം’ കൂടിയാണ് അന്ന മേരി. കിളിമഞ്ചാരോ കൊടുമുടി കീഴടക്കണമെന്നാണ് അടുത്ത ആഗ്രഹമെന്നും പൈലറ്റ് ആകണമെന്നാണ് ലക്ഷ്യമെന്നും അന്ന മേരി പറഞ്ഞു. പ്രീതിയാണ് മാതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.