വാർഷിക നിറവിൽ ടൂറിസം പാക്കേജ് സർവിസ്
text_fieldsപത്തനംതിട്ട: സഞ്ചാരികളുടെ മനംകവർന്ന് മുന്നേറുന്ന കെ.എസ്.ആർ.ടി.സിയുടെ ഗവി ടൂറിസം പാക്കേജ് ഒരു വർഷം പൂർത്തിയാക്കി. കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്ത ഗവി ജംഗിൾ സഫാരിയിൽ ഇതുവരെ 750 യാത്രകൾ നടത്തി.
കോടമഞ്ഞിൽ പുതച്ച ഗവി കാഴ്ചകൾ കണ്ട്, കാടിന്റെ മനോഹാരിത ആസ്വദിച്ച് കാട് തൊട്ടറിഞ്ഞ് നൂറിലധികം കിലോമീറ്റർ നീളുന്ന കാനനയാത്രയാണ് കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്. വിവിധ വ്യു പോയന്റുകളിൽ നിറുത്തിയാണ് യാത്ര. കെ.എസ്.ഇ.ബിയുടെ കീഴിലുള്ള അഞ്ച് ഡാമുകളുണ്ട് ഈ കാനനപാതയോരങ്ങളിൽ. മൂഴിയാർ, കക്കി, ആനത്തോട്, കൊച്ചുപമ്പ, ഗവി തുടങ്ങിയ ഡാമുകൾ സന്ദർശിച്ച് വള്ളക്കടവ്, വണ്ടിപ്പെരിയാർ വഴി പരുന്തുംപാറ സന്ദർശിച്ച് തിരികെ പത്തനംതിട്ടയിൽ എത്താം. കൊച്ചു പമ്പയിൽ ബോട്ടിങ് ഏർപ്പെടുത്തിയിട്ടുണ്ട്.
ളാഹ, പ്ലാപ്പള്ളി, ആങ്ങമുഴി, മൂഴിയാർ കക്കി, ആനത്തോട്, കൊച്ചു പമ്പ, ഗവി വഴിയാണ് യാത്ര. പരിചയസമ്പന്നരായ ജീവനക്കാരെയാണ് യാത്രയിൽ പത്തനംതിട്ടയിൽനിന്ന് കെ.എസ്.ആർ.ടി.സി നിയോഗിക്കുന്നത്. ഇവരുടെ ഗവി യാത്രയെക്കുറിച്ച അനുഭവസമ്പത്ത് യാത്രക്കാർക്ക് പുതിയ അറിവുകൾ പകരും.
ഇനി ചരിത്ര സ്മാരകങ്ങളിലേക്ക്
വിനോദസഞ്ചാര യാത്ര വിജയമായ സാഹചര്യത്തിൽ ജില്ലയിലെ ചരിത്ര സ്മാരക കേന്ദ്രങ്ങൾ ഉൾപ്പെടുത്തി പുതിയ യാത്രകൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ബജറ്റ് ടൂറിസം സെല്ലെന്ന് ഡി.ടി.ഒ തോമസ് മാത്യു പറഞ്ഞു. ഇതിനായി ചരിത്ര സ്മാരകങ്ങളുടെ പട്ടിക തയാറാക്കിവരുന്നു. ഇവിടങ്ങളിലേക്കുള്ള യാത്രകൾ ഉടനെ ആരംഭിക്കും. കോന്നി ആനക്കൂടും അടവി കുട്ടവഞ്ചി സവാരിയും ചേർന്ന യാത്രയും ആറന്മുള വള്ളസദ്യ ഉൾപ്പെടുത്തി പഞ്ചപാണ്ഡവ ക്ഷേത്ര ദർശന യാത്രയും ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.