അപർണയുടെ ഒറ്റക്കുള്ള സൈക്കിൾ യാത്ര നാളെ തുടങ്ങും
text_fieldsകോഴിക്കോട്: കോഴിക്കോട് സ്വദേശിനി അപർണ വിനോദിന്റെ ഒറ്റക്കുള്ള 2200 കിലോമീറ്റർ സൈക്കിൾ യാത്ര ഞായറാഴ്ച തുടങ്ങും. 12ന് പുലർച്ച 5.30നു കോഴിക്കോട് തളി ക്ഷേത്ര പരിസരത്തു നിന്ന് തുടങ്ങുന്ന 40 ദിവസത്തെ യാത്ര ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ സമാപിക്കും. മാനസികാരോഗ്യവും സുസ്ഥിര ജീവിതശൈലിയും വിനോദസഞ്ചാരവും കൂടുതൽ ചർച്ചചെയ്യുന്നതിനും അതിനുവേണ്ടി നടപടികൾ ത്വരിതപ്പെടുത്താനും ഈ ആവശ്യത്തിനായി പ്രവർത്തിക്കുന്നവർക്ക് പിന്തുണ നൽകാനുമാണ് യാത്ര.
നഗരത്തിലെ ക്രൗൺ തിയറ്റർ ഉടമകളിലൊരാളായ വിനോദ് അയ്യരുടെ ഭാര്യയായ ഇവർ മക്കളായ റാം, ദേവ് എന്നിവരെ പ്രിയതമനെ ഏൽപിച്ചാണ് നീണ്ട യാത്രക്കിറങ്ങുന്നത്. തീര പ്രദേശങ്ങളിലെ പ്രകൃതി മനോഹാരിതയും വിനോദ സഞ്ചാര സാധ്യതകൾ കണ്ടറിഞ്ഞും നടത്തുന്ന യാത്ര ഡിസംബർ 20ന് സോമനാഥ ക്ഷേത്രത്തിലെത്തുമെന്നാണ് പ്രതീക്ഷ.
2010 മുതൽ പ്രകൃതി ജീവിതം, സുസ്ഥിര വിനോദ സഞ്ചാരം എന്നിവ പ്രചരിപ്പിക്കുന്നതിൽ മനസ്സൂന്നിയ അപർണ ഏകയായി ഒട്ടേറെ യാത്രകൾ നടത്തിക്കഴിഞ്ഞു. ഇത്രയധികം ദൂരത്തേക്കുള്ള യാത്ര ആദ്യമാണെന്ന് ഇവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാലിക്കറ്റ് ബീച്ച് റോട്ടറി ക്ലബ് സഹകരണത്തോടെയാണ് നീണ്ട യാത്ര. നെതർലൻഡ്സ് ആസ്ഥാനമായ ഗ്രീൻ ഡെസ്റ്റിനേഷൻസ് സ്ഥാപനത്തിൽ ജോലിചെയ്യുകയാണ് അപർണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.