മറഞ്ഞുകിടക്കുന്ന മരുപ്പച്ച തേടി
text_fieldsയു.എ.ഇയിൽ കാൽനട യാത്ര തുടങ്ങിയ കാലം മുതൽ പലരിൽനിന്നായി കേട്ടറിഞ്ഞ ഒന്നാണ് ‘ഹിഡൻ ഒയാസിസ്’. കാൽനട യാത്രക്കാരുടെ ഏറ്റവും പ്രശസ്തമായ പറുദീസകളിലൊന്നാണ് റാസൽ ഖൈമയിലുള്ള ‘ഹിഡൻ ഒയാസിസ്’. മരുഭൂമിയിൽ മറഞ്ഞിരിക്കുന്ന ആ പറുദീസ കാണാനും അനുഭവിക്കാനുമാണ് ഇത്തണ ഞങ്ങളുടെ യാത്ര. അതിനായി പുലർച്ചെ തന്നെ ബാഗ് ഒരുക്കി ഉള്ളിൽ ഇഷ്ടപെട്ട കാനോൻ കാമറയും ലെൻസും ആദ്യമേ എടുത്തുവെച്ചു. കൂടാതെ വെള്ളം, ഫ്രൂട്സ്, ഇലക്ട്രോലൈറ്റ് ഡ്രിങ്ക്സ് എന്നിവയും കയ്യിൽ കരുതി. ട്രെക്കിങ് ഏറെ ഇഷ്ടമുള്ളവരുടെ ഒരു കൂട്ടം പുതിയ മേച്ചിൽപ്പുറങ്ങളുടെ രഹസ്യമറിയാനായി ആകാംഷയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു. യു.എ.ഇയിലെ പലയിടത്തുനിന്നു വന്ന 12 പേർ. എല്ലാവരും പുലർച്ചെ അഞ്ചു മണിക്ക് തന്നെ മുൻ നിശ്ചയിച്ച പ്രകാരം വാദിഷായിലെ ബെയർ ഗ്രിൽസ് സെന്ററിൽ എത്തിച്ചേർന്നു. പലരും ആദ്യമായാണ് നേരിൽ കാണുന്നത്. പരിചയപ്പെടലിനു ശേഷം അവിടെ നിന്നും കൃത്യം 5.10ന് തന്നെ ഹിഡൻ ഒയാസിസിലേക്കുള്ള (സ്റ്റാൻഡേർഡ്ട്രയൽ) ബോൾഡേഴ്സ് പാതയിലെ ജെയ്സ് റോഡിലൂടെ ഞങ്ങൾ യാത്ര ആരംഭിച്ചു.
ജബൽ ജൈസ് മലനിരകളിൽ മറഞ്ഞു കിടക്കുന്ന ഒരു മരുപ്പച്ച. അതാണ് ഹിഡൻ ഒയാസിസ്. പലരും ആദ്യമായിട്ടാണ് ഇത്തരം യാത്രയിൽ പങ്കെടുക്കുന്നത്. കൂടാതെ പലയിടത്തും ഇടക്കിടെ കട്ടാകുന്ന ജി.പി.എസ് സംവിധാനം ചിലയിടങ്ങളിൽ ചെറിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. എങ്കിലും യാത്രയോടുള്ള ഇഷ്ടത്തോടൊപ്പം അവിടെ കണ്ടെത്താവുന്ന പല ഷഡ്പദങ്ങൾ, ജീവജാലങ്ങൾ മുൻപിൽ ഉയർന്നു നിൽക്കുന്ന മലനിരകൾ, കാലിൽ തലോടുന്ന പൂക്കൾ ഇവയെല്ലാം ഞങ്ങളെ മുന്നോട്ട് നയിച്ചു. 12 കിലോമീറ്റർ, ആറ് മണിക്കൂർ. കൂർത്ത കല്ലുകളും, മുൾച്ചെടികളും, ചതുപ്പുകളും താണ്ടിയുള്ള നടത്തം. കൃത്യമായ റൂട്ട്മാപ് ഇല്ലെങ്കിൽ വഴിതെറ്റിപ്പോകുന്ന ഇടങ്ങൾ. പോകുന്ന വഴിയിൽ ചതുപ്പു നിലങ്ങളും, ചെറിയ പച്ചപ്പുകളും താണ്ടി മുന്നോട്ട് നീങ്ങിയാൽ ഇടയ്ക്കു ചെറിയ ഗുഹകളും ആട്ടിടയൻമാർ വിശ്രമിക്കുന്ന പരന്ന കല്ലുകളും കാണാം. വിശ്രമിക്കുന്നതിനും ഭക്ഷണങ്ങൾ കഴിക്കാനും ഇവിടം ഉയോഗിക്കാം.
ജനുവരി മുതൽ മാർച്ച് വരെയാണ് ഹിഡൻ ഒയാസിസ് സന്ദർശിക്കാൻ പറ്റിയ സമയം. ഈ സമയത്ത് കാലാവസ്ഥ തികച്ചും അനുകൂലമാണ്. യു.എ.ഇ ഫ്ലാഗ് സ്ഥിതി ചെയ്യുന്ന കുന്നിൻ മുകളിലൂടെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ഇടയ്ക്കു കാണുന്ന ചതുപ്പു നിലങ്ങൾ മുൻപ് അവിടെയുണ്ടായിരുന്ന ചെറിയ അരുവികളെ അനുസ്മരിപ്പിച്ചു. മുകളിലേക്കുള്ള വഴിയിൽ മനുഷ്യ നിർമിതമായ പടവുകൾ താണ്ടി ഞങ്ങൾ മുകളിലേക്ക് നടന്നു. ഫ്ലാഗ്പോയിന്റിൽ നിന്ന്തന്നെ ഈ മരുപ്പച്ചയുടെ അതിശയകരമായ കാഴ്ചകൾ ഞങ്ങൾ അനുഭവിച്ചു. തികച്ചും പച്ചപ്പുൽ പരവതാനി വിരിച്ചതു പോലുള്ള ഈ ഇടം തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും.
കൂർത്തകല്ലുകളും ചെറിയ മുൾച്ചെടികളും നിറഞ്ഞ വഴികളിലൂടെ നടന്നു കയറി വരുമ്പോൾ പെട്ടെന്നുള്ള ഈ കാഴ്ച നയന മനോഹരമാണ്. ധാരാളം ചിത്രശലഭങ്ങളും, തേനീച്ചകൾ മറ്റു വൈവിധ്യമാർന്ന പ്രാണികളും, നിറഞ്ഞ ഈ താഴ്വര മാക്രോ ഫോട്ടോഗ്രാഫിക്ക് തികച്ചതും യോജിച്ചതാണ്. യാത്രയിൽ അനുഭവപ്പെട്ട എല്ലാ തളർച്ചയും ഇവിടം എത്തിയതോടെ തീർന്നതായി തോന്നി. മനസ്സും ശരീരവും വല്ലാത്ത അനുഭൂതിയിലേക്ക് വഴിമാറി. നിറഞ്ഞ സന്തോഷം ഓരോരുത്തരുടെയും മുഖത്ത് തെളിഞ്ഞുകണ്ടു. കൂട്ടത്തിലുള്ള പലരും ആ പച്ചപ്പുല്ലിനെ പുൽകി ആകാശത്തേക്കു നോക്കി മലർന്നു കിടന്നു. ഇതിനിടെ അവിചാരിതമായി എങ്ങോ നിന്ന് കടന്നുവന്ന ആട്ടിൻപറ്റം ആ രംഗത്തെ കൂടുതൽ മനോഹരമാക്കി. അനുയോജ്യമായ ഭൂപ്രകൃതിയും ഉയരവും ദൂരവും കാരണം ഈപാത മിതമായ കാൽനടയാത്ര ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ആയാസരഹിതമാകും. ശരാശരി ഫിറ്റ്നസ് ഉള്ള ആർക്കും ഒന്നു ശ്രമിച്ച് നോക്കാവുന്ന ഇടമാണ് ഹിഡൻ ഒയാസിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.