വിനോദസഞ്ചാരികൾക്കായി അതിർത്തി തുറന്ന് ആസ്ട്രേലിയ
text_fieldsകാൻബറ: രണ്ടു വർഷത്തിനുശേഷം ആസ്ട്രേലിയ അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കായി അതിർത്തി തുറന്നു. പൂർണ വാക്സിൻ എടുത്തവർക്കാണ് അനുമതി. രണ്ട് വാക്സിനും എടുത്തവർക്ക് ക്വാറന്റീൻ ആവശ്യമില്ല. ബൂസ്റ്റർ ഡോസ് നിർബന്ധമല്ല.
എന്നാൽ, പ്രതിരോധ കുത്തിവെപ്പെടുക്കാത്ത യാത്രക്കാർ ഏഴുമുതൽ 14 ദിവസംവരെ സ്വന്തം ചെലവിൽ ഹോട്ടൽ ക്വാറന്റീനിൽ കഴിയണം. പശ്ചിമ ആസ്ട്രേലിയ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും സന്ദർശകർക്ക് പ്രവേശിക്കാം. മാർച്ച് മൂന്നുവരെ പശ്ചിമ ആസ്ട്രേലിയ അടച്ചിടും. കൂടാതെ, അവിടെ പ്രവേശനത്തിന് മൂന്നു വാക്സിനേഷൻ ആവശ്യമാണ്.
കോവിഡിനെതുടർന്ന് 2020 മാർച്ചിൽ അതിർത്തി അടച്ച് കർശന യാത്രവിലക്ക് ഏർപ്പെടുത്തുകയായിരുന്നു. ആസ്ട്രേലിയൻ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും അന്താരാഷ്ട്ര വിദ്യാർഥികൾക്കും തിരികെയെത്താൻ അനുമതി നൽകിയെങ്കിലും വിദേശികൾക്ക് കാത്തിരിക്കേണ്ടിവന്നു.
നൂറുകണക്കിനുപേർ വിമാനങ്ങളിൽ മടങ്ങിയെത്താൻ തുടങ്ങിയതോടെ തിങ്കളാഴ്ച സിഡ്നി വിമാനത്താവളത്തിൽ ബന്ധുക്കളെ സന്തോഷാശ്രുക്കളോടെ വരവേറ്റു. വിനോദസഞ്ചാര വ്യവസായത്തിനും ജോലിചെയ്യുന്ന 6.60 ലക്ഷം ആളുകൾക്കും സന്തോഷകരമായ വാർത്തയാണിതെന്ന് വാണിജ്യ, ടൂറിസം, നിക്ഷേപ മന്ത്രി ഡാൻ ടെഹാൻ പറഞ്ഞു. 2019ൽ ആസ്ട്രേലിയ സന്ദർശിച്ചത് 9.5 ദശലക്ഷം വിദേശികളാണ്. ആഭ്യന്തര യാത്രനിരോധനം ബാധിച്ച ടൂറിസംമേഖല തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് ടെഹാൻ പറഞ്ഞു. ആസ്ട്രേലിയയിൽ 4,900 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.