ലോകത്ത് സന്ദർശിക്കേണ്ട 30 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ അയ്മനം; അഭിമാനനേട്ടം
text_fieldsകോട്ടയം: ലോകത്ത് ഈ വർഷം സന്ദർശിക്കേണ്ട 30 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് അയ്മനം. ലോകത്തെ മികച്ച ട്രാവൽ മാഗസിനുകളിലൊന്നായ കൊണ്ടേനാസ്റ്റ് ട്രാവലർ തയാറാക്കിയ പട്ടികയിലാണ് അയ്മനം ഇടം നേടിയത്. ഉത്തരവാദിത്ത ടൂറിസം മിഷൻ അയ്മനം ഗ്രാമ പഞ്ചായത്തുമായി ചേർന്ന് നടപ്പാക്കിയ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതികളിലൂടെയാണ് അയ്മനം രാജ്യാന്തരതലത്തിൽ ഇടം നേടിയത്.
ശ്രീലങ്ക, ഭൂട്ടാൻ, ഖത്തർ, ലണ്ടൻ, സോൾ, ഇസ്തംബൂൾ, ഉസ്ബകിസ്താൻ, സെർബിയ, ഓക്ലഹോമ (യു.എസ്.എ) എന്നിവക്കൊപ്പമാണ് അയ്മനം മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമവും പട്ടികയിൽ ഇടം നേടിയത്. ഇന്ത്യയിൽനിന്ന് സിക്കിം, മേഘാലയ, ഗോവ, കൊൽക്കത്ത, ഒഡിഷ, രാജസ്ഥാൻ, സിന്ധുദുർഗ്, ഭീംറ്റാൾ എന്നീ പ്രദേശങ്ങളും പട്ടികയിലുണ്ട്.അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എ.കെ. ആലിച്ചൻ ചെയർമാനും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോഓഡിനേറ്റർ കെ. രൂപേഷ് കുമാർ കൺവീനറും ജില്ല കോഓഡിനേറ്റർ ഭഗത്സിങ് ജോയന്റ് കൺവീനറുമായ കമ്മിറ്റിയാണ് ആദ്യഘട്ടത്തിൽ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. പദ്ധതിയുടെ മൂന്നാംഘട്ടമാണിപ്പോൾ പഞ്ചായത്തിൽ നടന്നുവരുന്നത്. അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി ചെയർമാനും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോഓഡിനേറ്റർ കെ. രൂപേഷ്കുമാർ കൺവീനറുമായ സമിതിയാണ് ഇപ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.
ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ ഗ്രാമപഞ്ചായത്തിന്റെ പദ്ധതികളുമായി സംയോജിപ്പിച്ച് പ്രവർത്തിക്കുകയെന്നതാണ് മാതൃക ഉത്തരവാദിത്ത ഗ്രാമം എന്ന പദ്ധതിയിലൂടെ അയ്മനം പ്രാവർത്തികമാക്കിയത്. കോവിഡാനന്തര ടൂറിസത്തിൽ കുതിച്ചുചാട്ടമാകാവുന്ന നേട്ടം കേരളത്തിന് സമ്മാനിച്ച അയ്മനം ഗ്രാമപഞ്ചായത്തിനെയും ഉത്തരവാദിത്ത ടൂറിസം മിഷനെയും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിനന്ദിച്ചു.
നേരത്തേ അയ്മനം മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് ലോക ട്രാവൽ മാർക്കറ്റ് ഇന്ത്യൻ റെസപോൺസിബിൾ ടൂറിസം വൺ ടു വാച്ച് പുരസ്കാരം ലഭിച്ചിരുന്നു. ടൂറിസം മേഖലയിലെ അതിവേഗ വൈവിധ്യവത്കരണമെന്ന വിഭാഗത്തിലായിരുന്നു (നോ ഫുട് പ്രിന്റ്സ് ഗോൾഡ് അവാർഡ്) പുരസ്കാരം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.