മുഖം മിനുക്കാനൊരുങ്ങി മുനക്കൽ മുസിരിസ് ബീച്ച്
text_fieldsഅഴീക്കോട്: സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ മണല്‍പ്പരപ്പുള്ള ബീച്ചായ അഴീക്കോട് മുനക്കൽ മുസിരിസ് ഡോള്‍ഫിന്‍ ബീച്ച് വികസനത്തിന് തുടക്കം കുറിക്കുന്നു. അത്യാധുനികവും അടിസ്ഥാന സൗകര്യങ്ങളുമുള്ള ബീച്ചായി മുനയ്ക്കലിനെ മാറ്റുകയാണ് ലക്ഷ്യം. വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബുധനാഴ്ച 11ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിക്കും.
ബെന്നി ബെഹന്നാന്‍ എംപി മുഖ്യാതിഥിയാകും. ഇ.ടി. ടൈസൺ എം.എൽ.എ. അധ്യക്ഷത വഹിക്കും ബീച്ചിലെ നിലവിലുള്ള സൗകര്യങ്ങള്‍ ആധുനിക സംവിധാനങ്ങളോടെ വിപുലമാക്കി, പ്രകൃതി സൗന്ദര്യം നിലനിര്‍ത്തിയുള്ള പദ്ധതികൾക്കാണ് തുടക്കമിടുന്നത്. കഴിഞ്ഞ വർഷമാണ് മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബീച്ച് നവീകരിക്കുന്നതിനുള്ള ഭരണാനുമതി ലഭിച്ചത്.
പദ്ധതിയുടെ ഭാഗമായി നിലവില്‍ ബീച്ചിലുള്ള പാര്‍ക്കും മറ്റ് കെട്ടിടങ്ങളും നവീകരിക്കും. മിയാവാക്കി വനവും ചൂളമരക്കാടുകളും ചീനവലകളും ഉള്‍പ്പെടെയുള്ള വിശാലമായ മണല്‍പ്പരപ്പോടുകൂടിയ 35 ഏക്കറിലധികം വരുന്ന ബീച്ചില്‍ 5.97 കോടി രൂപയുടെ നവീകരണമാണ് നടപ്പാക്കുക. ബീച്ചിനുള്ളില്‍ മൂന്നു കിലോമീറ്ററോളം ദൂരത്തിലുള്ള സൈക്കിള്‍ പാത, വിശാലമായ പാര്‍ക്കിങ് സൗകര്യം, വിശ്രമ സങ്കേതങ്ങള്‍ കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, പ്രായഭേദമെന്യേ ഏവര്‍ക്കുമുള്ള വിനോദമാര്‍ഗങ്ങള്‍, പുലിമുട്ട് മുതല്‍ എല്ലാ ഭാഗങ്ങളിലും ഭിന്നശേഷി സൗഹൃദ നടപ്പാതകള്‍, സൈന്‍ പോസ്റ്റുകള്‍, സിസിടിവി ഗാര്‍ഡ് പോസ്റ്റ്, മനോഹരമായ വഴിവിളക്കുകള്‍ അഴിമുഖത്തിന് അഭിമുഖമായി നില്‍ക്കുന്ന ബീച്ചില്‍ സൂര്യാസ്തമയം ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് പ്രത്യേക ഇരിപ്പിടവും തയ്യാറാക്കും.
ലാൻറ്സ്കേപിംഗ് നടത്തി ഓട്ടോമേറ്റഡ് ഇറിഗേഷന്‍ സിസ്റ്റം ഉപയോഗിച്ചുള്ള പരിപാലനം എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. 73 ലക്ഷം ചെലവിൽ നിര്‍മിക്കുന്ന ബോട്ട് ജെട്ടിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.