പൊയ്പ്പോയോ നല്ലകാലം?, ആശങ്കയിൽ കായൽ ടൂറിസം മേഖല
text_fieldsകുട്ടനാട്: കോവിഡ് മൂന്നാംതരംഗം ശക്തമായതിന്റെ ആഘാതത്തിൽ കായല്‍ ടൂറിസം മേഖല അതിജീവനത്തിന് ക്ലേശിക്കുന്നു. മാസങ്ങൾക്കുമുമ്പ് ഹൗസ്ബോട്ടുകള്‍ ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണി നടത്തി ഓട്ടംതുടങ്ങിയപ്പോഴാണ് വീണ്ടും കോവിഡ് വ്യാപനത്തിന്റെ പ്രത്യാഘാതം നേരിടേണ്ടി വന്നിരിക്കുന്നത്. ടൂറിസം മേഖലയില്‍ അധിക സാമ്പത്തിക ബാധ്യതയാണ് ഇത് വരുത്തുന്നത്. വായ്പയെടുത്ത് വാങ്ങിയ ഹൗസ്ബോട്ടുകളും ശിക്കാര വള്ളങ്ങളും മോട്ടോർ ബോട്ടുകളും കോടികൾ മുടക്കി ആരംഭിച്ച ഹോട്ടലുകളും റിസോർട്ടുകളും ഹോം സ്റ്റേകളും തുടരെത്തുടരെ നിശ്ചലമാകുന്നത് സംരഭകർക്ക് തിരിച്ചടിയാണ്. ആഴ്ചകളായി സർവിസ് നടത്താതെ 90 ശതമാനം ബോട്ടുകളും കെട്ടിയിട്ട നിലയിലാണ്.
വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകളും ബ്ലേഡ് കമ്പനികളും ജപ്തി ഭീഷണിയുമായി രംഗത്തുണ്ട്. മികച്ച ടൂറിസം സീസണാണ് സംസ്ഥാനത്തെ കായല്‍വിനോദ സഞ്ചാരമേഖല പുതു വര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ജനുവരിയില്‍തന്നെ മൂന്നാം തരംഗം രൂക്ഷമായതോടെ ബുക്കിങുകളെല്ലാം റദ്ദായെന്ന് ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷന് ഭാരവാഹികൾ പറഞ്ഞു.
മഹാപ്രളയത്തിൽ തകിടം മറിഞ്ഞ കായൽടൂറിസം മേഖല തിരിച്ച് വരവിന് ഒരുങ്ങുന്നതിനിടെയാണ് 2020 മുതല്‍ കോവിഡ് വില്ലനായെത്തിയത്. തുടർച്ചയായ അടച്ചിടീൽ മൂലം ഈ മേഖലയെ ആശ്രയിച്ചു കഴിഞ്ഞിരുന്നവരുടെ ജീവിതമാർഗം വഴിയടഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സി. കാറ്റഗറിയിൽ പലജില്ലകളെയും ഉൾപെടുത്തിയതാേടെ ടൂറിസം രംഗത്തെ പ്രതിസന്ധി പതിന്മടങ്ങായി വർധിച്ചു. ടൂറിസത്തെ ആശ്രയിച്ചിരുന്ന ടാക്സി കാർ, ഓട്ടോ തുടങ്ങിയവരുടെ വഴിയും അടഞ്ഞു. ആലപ്പുഴയിലും കുമരകത്തുമായി 1500 ഹൗസ് ബോട്ടുകളാണ് ഉള്ളത്. 250 ഓളം ശിക്കാര ബോട്ടുകളുണ്ട്. അത്രയുംതന്നെ മോട്ടോര്‍ ബോട്ടുകളുമുണ്ട്. എല്ലാം കായലോരത്ത് നങ്കൂരമിട്ട് കിടക്കുകയാണ്. വിദേശികള്‍ കൂടുതലായി എത്തുന്നത് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ്. ഒരു മുറിയുള്ള ഹൗസ് ബോട്ടിന് ചെലവ് 35 ലക്ഷം രൂപയാണ്. ഏഴ് മുറികളുള്ള ഹൗസ് ബോട്ടിന് ഒരുകോടി രൂപ ചെലവുവരും. മിക്കവരും ബാങ്ക് വായ്പയെടുത്താണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഒരു ബോട്ടിന് ശരാശരി മൂന്ന് ജോലിക്കാരാണുള്ളത്. ഹൗസ് ബോട്ടുകള്‍ വീണ്ടും ചലിക്കാതായതോടെ ജീവനക്കാര്‍ കൂലിപ്പണിക്കും മറ്റും പോയിത്തുടങ്ങി.
രണ്ടുവര്‍ഷത്തോളമായി ടൂറിസം മേഖലയില്‍ വിദേശ സഞ്ചാരികളുടെ വരവില്‍ വലിയ കുറവാണ് അനുഭവപ്പെടുന്നതെന്ന് ഡി.ടി.പി.സി കണക്കുകളും വ്യക്തമാക്കുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ കായല്‍ ടൂറിസം തകരുമോയെന്ന ആശങ്ക ബന്ധപ്പെട്ടവർ പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.