രാജമലക്ക് അഴകായി 'ഓർക്കിഡോറിയം'
text_fieldsമൂന്നാർ: ഇരവികുളം ദേശീയോദ്യാനം കാണാൻ എത്തുന്നവർക്ക് ഇനി മുതൽ പുതിയ കാഴ്ചാനുഭവം. വനം വകുപ്പ് രാജമലയിൽ ആരംഭിച്ച ഓർക്കിഡോറിയം സഞ്ചാരികൾക്ക് അറിവും ആനന്ദവും പകരുന്നു.
നീലക്കുറിഞ്ഞിയും വരയാടുമായിരുന്നു ഇതുവരെ രാജമലയുടെ മുഖ്യ ആകർഷണം. ഇതിനൊപ്പമാണ് അപൂർവ ഇനങ്ങളിലുള്ള ഓർക്കിഡുകളെക്കൂടി സന്ദർശകർക്ക് പരിചയപ്പെടുത്താൻ വനം വകുപ്പ് പദ്ധതി തയാറാക്കിയത്.
ആദ്യഘട്ടത്തിൽ 56 ഇനം ഓർക്കിഡുകളാണ് പ്രദർശനത്തിനായി സംരക്ഷിച്ചത്. വിവിധ സാഹചര്യങ്ങളിലും ആവാസവ്യവസ്ഥയിലുമുള്ള മനോഹരങ്ങളായ ഓർക്കിഡ് ശേഖരമാണ്. വിവിധ നിറങ്ങളിലും രൂപങ്ങളിലുമുള്ള ചെറുതും വലുതുമായ പൂക്കൾ നിറഞ്ഞ ചെടികളാണ് ഇവിടെ ഉള്ളത്. പൂക്കൾ ഇല്ലാത്തവയും ഉണ്ട്.
വരും മാസങ്ങളിൽ രാജ്യത്തും വിദേശങ്ങളിലുമുള്ള വ്യത്യസ്ത ഇനത്തിൽ പെട്ട ഓർക്കിഡുകൾ എത്തിക്കുമെന്ന് റേഞ്ച് ഓഫിസർ ജോബ് ജെ. നേര്യംപറമ്പിൽ പറഞ്ഞു. സന്ദർശകർ ഏറെ സന്തോഷത്തോടെയാണ് ഓർക്കിഡോറിയം കണ്ട് മടങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചു. പ്രത്യേകം തയാറാക്കിയ കേന്ദ്രത്തിൽ മനോഹരമായാണ് ചെടികൾ ക്രമീകരിച്ചത്. കാണികൾക്ക് പൂക്കളുടെയും ചെടികളുടെയും സൗന്ദര്യം ആസ്വദിക്കാൻ സൗകര്യവുമുണ്ട്. ഓർക്കിഡ് ശേഖരം കൂടി എത്തിയതോടെ രാജമല കൂടുതൽ ആകർഷകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.