Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഎണ്ണപ്പാടങ്ങൾ കടന്ന്...

എണ്ണപ്പാടങ്ങൾ കടന്ന് ബഹ്റൈനിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകളിലേക്ക്...

text_fields
bookmark_border
എണ്ണപ്പാടങ്ങൾ കടന്ന് ബഹ്റൈനിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകളിലേക്ക്...
cancel

സൗദിയിലെ ദമ്മാമിലെത്തു​മ്പോഴെല്ലാം ഉള്ള ആഗ്രഹമായിരുന്നു അയൽ രാജ്യമായ ബഹ്റൈൻ സന്ദർശനം. പത്ത് ദിവസത്തെ ഹ്രസ്വ സന്ദർശന വേള ആ ആഗ്രഹത്തിന്റെ സഫലീകരണമായിരുന്നു. ബഹ്റൈൻ സന്ദർശനത്തിലെ പ്രധാന ലക്ഷ്യം വിസ്മയങ്ങളിലൊന്നായ കിങ് ഫഹദ് കോസ്​വേ എന്ന ബഹ്റൈൻ പാലം തന്നെയായിരുന്നു. ഒരു അവധിദിനത്തിൽ ഉച്ചക്ക് യാത്രതുടങ്ങി. അതിർത്തിയിലെ വിസ നടപടിക്രമങ്ങൾ പാലിച്ച് ഏകദേശം ഒരുമണിയോടെ ബഹ്റൈനിലെത്തി.

ബഹ്റൈനിലെ അൽ ജസ്റയെയും സൗദി അറേബ്യയിലെ ഖോബാറിനെയും ബന്ധിപ്പിക്കുന്ന പാലങ്ങളാണ് കിങ് ഫഹദ് കോസ്‌വേ. 25 കിലോമീറ്ററുള്ള ഈ പാലങ്ങൾ ഖോബാറിൽനിന്ന് ബഹ്റൈനിലെ ഉം അൽ നാസൻ ദ്വീപ് വരെയുള്ള നീണ്ട പാലവും ഉം അൽ നാസനിൽനിന്ന് ബഹ്റൈനിലേക്കുള്ള ചെറിയ പാലവും അടങ്ങിയതാണ്. ആർച്ച് രീതിയിലുള്ള മധ്യഭാഗം വിദൂരതയിൽനിന്നുത​ന്നെ വിസ്മയിപ്പിക്കുന്നതാണ്. അഞ്ച് പാലങ്ങൾ 536 കോൺക്രീറ്റ് തൂണുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 40 വർഷം മുമ്പ് നിർമിച്ച പാലം അതിന്റെ തേജസും ഓജസ്സും ഒളിമങ്ങാതെ ഇന്നും നിലനിർത്തുന്നു എന്നത് മാതൃകയാക്കേണ്ടതാണ്.


നാലുവരിപ്പാതയും ഒട്ടേറെ പാലങ്ങളുമടങ്ങുന്ന ഈ പദ്ധതിക്ക് മുഴുവൻ പണവും മുടക്കിയത് സൗദി അറേബ്യയാണ്. സൗദിയിലെ ഖോബാറിൽ നിന്നാണ് കോസ്‌വേയുടെ തുടക്കം. 1.2 ബില്യൺ ഡോളർ ചെലവുവന്ന കോസ്‌വേ 1986 നവംബർ 25ന് ഉദ്ഘാടനം ചെയ്തു. 1982 നവംബർ 11ന് സൗദിയിലെ ഫഹദ് രാജാവും ബഹ്റൈനിലെ ശൈഖ് ഈസാ ബിൻ സൽമാൻ അൽ ഖലീഫയും ചേർന്ന് തറക്കല്ലിട്ട പദ്ധതി അമ്പരിപ്പിക്കുന്ന വേഗത്തിലാണ് പൂർത്തിയായത്. അൽ-ജാസിറത്ത് അൽ-വുസ്താ എന്നറിയപ്പെടുന്ന കായലുകളിലൊന്നാണ് കസ്റ്റംസ്-ഇമിഗ്രേഷൻ സൗകര്യങ്ങൾ, പള്ളി, പൂന്തോട്ടങ്ങൾ, റസ്റ്ററന്റുകൾ എന്നിവയുള്ള ഒരു വലിയ കൃത്രിമ ദ്വീപാക്കി മാറ്റിയത്. കോസ്‌വേയുടെ അറ്റത്തുള്ള മറ്റൊരു ദ്വീപ് ബഹ്‌റൈനിന്റേതാണ്.

ബഹ്റൈൻ പേർഷ്യൻ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന 665 കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഒരു ചെറിയ അറബ് രാഷ്ട്രമാണ് ബഹ്റൈൻ. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം പേർഷ്യൻ രാജ്യങ്ങളുമായി ഉടമ്പടിയുണ്ടാക്കാനുള്ള‍ കേന്ദ്രമായി ബ്രിട്ടൻ തെരഞ്ഞെടുത്തത് ബഹ്റൈനെയായിരുന്നു. 1968ൽ ഈ ഉടമ്പടി കരാറുകൾ അവസാനിപ്പിച്ച് ബ്രിട്ടൺ പിന്മാറിയപ്പോൾ ഖത്തർ ഉൾപ്പെടെ എട്ട് അറബ് രാജ്യങ്ങളുടെ ഒരു സഖ്യത്തിൽ ബഹ്‌റൈൻ അംഗമായി. പിന്നീട് 1971 ആഗസ്റ്റ് 15ന് ബഹ്‌റൈൻ സ്വതന്ത്ര രാജ്യമായി മാറി. രാജഭരണമാണെങ്കിലും പരിമിതമായ ജനാധിപത്യം അനുവദിച്ചിരിക്കുന്ന ബഹ്റൈനിൽ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് വോട്ടവകാശമുള്ള പൗരന്മാരാണ്. അമേരിക്കയുടെ മധ്യേഷ്യൻ സായുധപ്രവർത്തനങ്ങൾക്കുള്ള നാവികസേനാ കേന്ദ്രംകൂടിയാണ് ഇന്ന് ബഹ്‌റൈൻ.

മികവാർന്ന റോഡ്സൗകര്യങ്ങളാണെങ്കിലും നമ്മുടെ നാടിനെ അനുസ്മരിക്കുന്ന ഗതാഗതക്കുരുക്ക് അവിടെയും കാണാമായിരുന്നു. എങ്കിലും ചിട്ടയായ ഗതാഗത പാലനം യാത്രാവിരസത സൃഷ്ടിച്ചില്ല. ബഹ്റൈനിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ ബീച്ചുകൾ തന്നെയാണ്. സന്ധ്യാവേളകളിൽ സ്വദേശികളും വിദേശികളും തിരഞ്ഞെടുക്കുന്നതും ബീച്ചുകൾതന്നെ. ഇതിനുപുറമെ 5000 വർഷം പഴക്കമുണ്ടെന്ന് കരുതുന്ന ബഹ്റൈൻ ഫോർട്ട്, 500ലേറെ വർഷം പഴക്കമുള്ള ട്രീ ഓഫ് ലൈഫ് അഥവാ ജീവ​ന്റെ മരം എന്നിവയെല്ലാം വിനോദ സഞ്ചാര മേഖലകൾതന്നെയാണ്.

യാത്രയിലെ ആദ്യലക്ഷ്യം മരുഭൂമിയിലെ മരുപ്പച്ചയായ ട്രീ ഓഫ് ലൈഫ് സന്ദർശിക്കലായിരുന്നു. എണ്ണക്കിണറുകളുടെ ഇടയിലൂടെയുള്ള ആ യാത്ര വിസ്മയം നിറഞ്ഞതുതന്നെയായിരുന്നു. ഏറ്റവും വലിയ എണ്ണ ഉൽപാദകരായ സൗദിയിൽപോലും നിയന്ത്രണങ്ങൾ ഉള്ളപ്പോഴാണ് എണ്ണപ്പാടങ്ങളിലൂടെയുള്ള ഈ യാത്ര വിസ്മയമാകുന്നത്.

ലേഖകൻ സഹ യാത്രികർക്കൊപ്പം ട്രീ ഓഫ് ലൈഫിന് മുമ്പിൽ

ബഹ്‌റൈനിലെ ജബൽ ദുക്കാൻ പ്രദേശത്തുനിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള മരുഭൂമിയിലാണ് ജീവന്റെ മരം അഥവാ ട്രീ ഓഫ് ലൈഫ് എന്ന വിശേഷണമുള്ള പ്രോസൊപിസ് സിനറാറിയ എന്ന മരം നിൽക്കുന്നത്. 32 അടി ഉയരമുള്ള ഈ മരം 500 വർഷം പഴക്കമുള്ളതാണ്. മരുഭൂമിയിലെ ഈ ഒറ്റയാൻ വളരെയധികം സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. ഒരു വർഷം ഏകദേശം 50,000 സഞ്ചാരികൾ ഇവിടെ വരുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഈ മരം സംരക്ഷിക്കാൻ സർക്കാർ കൂടുതൽ ശ്രദ്ധചെലുത്തുന്നു. ഇതിനു സമീപത്തായി ഒരു ഓപൺ സ്റ്റേജും നിർമിച്ചിട്ടുണ്ട്. മരത്തെ സംരക്ഷിക്കാനും സന്ദർശകരെ നിയന്ത്രിക്കാനുമായി സെക്യൂരിറ്റിയുമുണ്ട്. ഗോത്ര സംസ്കാരത്തിന്റെ ആചാരങ്ങൾ ഈ മരത്തിനോട് ചേർന്ന് നടത്തപ്പെട്ടതായി കരുതപ്പെടുന്നു. 2010 ഓക്‌ടോബറിൽ പുരാവസ്തു ഗവേഷകർ ഈ മരത്തിന്റെ സമീപപ്രദേശത്ത് ഖനനം നടത്തി കളിമൺ പാത്രങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ട്. വരണ്ട കാലാവസ്ഥയിലും വളരുന്ന പ്രോസൊപിസ് മരങ്ങളുടെ വേരുകൾ വളരെയധികം ആഴ്ന്നിറങ്ങുന്നതാണ്.

സമയപരിമിതി ഞങ്ങളെ ഒന്നുരണ്ടു സ്‍ഥലങ്ങൾ മാത്രം സന്ദർശിക്കുന്നതിൽ ഒതുക്കി. മറ്റു കേ​ന്ദ്രങ്ങൾ സന്ദർശിക്കുന്നത് അടുത്തയാത്രയിൽ ആവാമെന്ന പ്രതീക്ഷയോടെ...


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain​Travel News
News Summary - Beyond the oil fields to the amazing views of Bahrain...
Next Story