Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
bharat benz
cancel
camera_alt

representative image    

Homechevron_rightTravelchevron_rightTravel Newschevron_rightബെഡ്​റൂം, കിച്ചൻ,...

ബെഡ്​റൂം, കിച്ചൻ, ലോഞ്ച് ഏരിയ, ബാത്ത്​റൂം.... ടൂറിസ്റ്റ് കാരവനുമായി ഭാരത്ബെന്‍സ് കേരളത്തിലേക്ക്

text_fields
bookmark_border

തിരുവനന്തപുരം: കേരളം നടപ്പാക്കുന്ന സമഗ്ര കാരവന്‍ ടൂറിസം പദ്ധതിയായ 'കാരവന്‍ കേരള'യുടെ സാധ്യത ഉള്‍ക്കൊണ്ട് വാഹന നിര്‍മാതാക്കളായ ഭാരത്ബെന്‍സ് അന്താരാഷ്​ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവന്‍ സംസ്ഥാനത്ത് പുറത്തിറക്കുന്നു. അത്യാധുനിക എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളുന്നതാണ് ഭാരത്ബെന്‍സിന്‍റെ ടൂറിസ്റ്റ് കാരവന്‍. സുഖകരമായ യാത്ര ഉറപ്പാക്കുന്നതോടൊപ്പം കാരവന്‍ മികച്ച സുരക്ഷാ സംവിധാനങ്ങളും മലിനീകരണ മാനദണ്ഡങ്ങളും പാലിക്കുന്നു.

രാജ്യത്തെ മുന്‍നിര വാണിജ്യ വാഹന നിർമാതാക്കള്‍ കേരളത്തിന് ആവശ്യമായ എല്ലാ സവിശേഷതകളുമുള്ള അത്യാധുനിക ടൂറിസ്റ്റ് കാരവനുമായി രംഗത്തിറങ്ങിയത് സന്തോഷകരമാണെന്ന് ഭാരത് ബെന്‍സിലെ മുതിര്‍ന്ന എക്സിക്യൂട്ടീവുകളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കോവിഡ് പ്രതിസന്ധിയില്‍നിന്ന് ടൂറിസം മേഖല കരകയറാന്‍ തുടങ്ങിയെന്നതിന്‍റെ വ്യക്തമായ സൂചനയാണിത്.

ടൂറിസം വ്യവസായം ഇതിനോട് മികച്ച രീതിയില്‍ പ്രതികരിക്കുമെന്ന് ഉറപ്പുണ്ട്. ഈ വിഭാഗത്തിലെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചുള്ള രാജ്യത്തെ ഏറ്റവും സമഗ്രമായ നയമാണ് കേരളത്തിന്‍റേത്. ഇത് നിക്ഷേപകര്‍ക്ക് ഉയര്‍ന്ന പ്രോത്സാഹനം നല്‍കും. ഇത് ആരംഭിക്കുന്നതോടെ സംസ്ഥാനത്തിന്‍റെ എല്ലായിടത്തെയും ടൂറിസം സാധ്യതകള്‍ നമുക്ക് പ്രയോജനപ്പെടുത്താനാകും. എവിടെയാണ് സന്ദര്‍ശിക്കേണ്ടതെന്നും താമസിക്കേണ്ടതെന്നും തീരുമാനിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് ഇത് അവസരം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭാരത്ബെന്‍സ് സംഘം ഗതാഗത മന്ത്രി ആന്‍റണി രാജുവിനെയും സന്ദര്‍ശിച്ചു. കാരവന്‍ ടൂറിസം നയത്തില്‍ അദ്ദേഹം അതീവ താൽപ്പര്യം പ്രകടിപ്പിച്ചു. ടൂറിസ്റ്റ് കാരവാനുകളുടെ മോട്ടോര്‍ വാഹന നികുതി നിലവിലെ നിരക്കില്‍നിന്ന് നാലിലൊന്നായി കുറയ്ക്കാന്‍ നേരത്തെ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.

മന്ത്രിമാരുമായുള്ള ചര്‍ച്ച വളരെ പ്രതീക്ഷ നല്‍കുന്നതാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് ടൂറിസ്റ്റ് കാരവാന്‍ പുറത്തിറക്കുമെന്നും ഭാരത്ബെന്‍സ് മാര്‍ക്കറ്റിംഗ്, സെയില്‍സ് ആൻഡ്​ കസ്റ്റമര്‍ സർവിസ് വൈസ് പ്രസിഡന്‍റ് രാജാറാം കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഈ ഉദ്യമത്തിന് ടൂറിസം മേഖലയില്‍നിന്ന് മികച്ച പ്രോത്സാഹനം ലഭിക്കുമെന്ന് ഉറപ്പുണ്ട്. കാരണം സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച നയം തികച്ചും നിക്ഷേപക സൗഹൃദമാണെന്നും അദ്ദേഹം പറഞ്ഞു.

ഡയംലറിന്‍റെ 1017 പ്ലാറ്റ്ഫോമില്‍ ആഗോളതലത്തില്‍ തെളിയിക്കപ്പെട്ട സാങ്കേതികവിദ്യയാണ് ഭാരത്ബെന്‍സിന്‍റെ കാരവനിലേത്. ഇത് വിശ്വാസ്യത ഉറപ്പാക്കുന്നു. ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകള്‍, ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം, എല്ലാ അവശ്യ ഉപകരണങ്ങളോടും കൂടി പൂർണമായി സജ്ജീകരിച്ച അടുക്കള, ഷവര്‍ സൗകര്യമുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി എന്നിങ്ങനെയുള്ള സൗകര്യങ്ങളാണ് കാരവനിലുള്ളത്.

പകര്‍ച്ചവ്യാധിക്ക് ശേഷം വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവിന് അവസരമൊരുക്കുന്ന സമഗ്ര കാരവന്‍ ടൂറിസം നയം കഴിഞ്ഞ മാസമാണ് കേരളം പ്രഖ്യാപിച്ചത്. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന നയമാണിത്. വിനോദസഞ്ചാരികള്‍ക്ക് അതുല്യമായ യാത്രാനുഭവം നല്‍കി ആഗോള ലക്ഷ്യസ്ഥാനമായി കേരളത്തെ അടയാളപ്പെടുത്തിയ ഹൗസ്ബോട്ട് ടൂറിസം നടപ്പാക്കി മൂന്ന് ദശാബ്ദത്തിനു ശേഷമാണ് സമഗ്രമാറ്റത്തിന് വഴിയൊരുക്കുന്ന കാരവന്‍ ടൂറിസം നടപ്പാക്കുന്നത്.

ടൂറിസം നിക്ഷേപകര്‍ക്ക് വലിയ അവസരമാണ് കാരവന്‍ നയം നല്‍കുന്നത്. ഇതോടൊപ്പം സന്ദര്‍ശകര്‍ക്ക് യാത്രക്കും വിശ്രമത്തിനും താമസത്തിനുമായി സംസ്ഥാനത്തുടനീളം പരിസ്ഥിതി സൗഹൃദ കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി പങ്കാളികള്‍ക്കും അവസരം നല്‍കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caravan
News Summary - Bharat benz to Kerala with tourist caravan
Next Story