ഭൂമിയാംകുളം വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രം; അവഗണന തുടർന്ന് അധികൃതർ
text_fieldsചെറുതോണി: ടൂറിസത്തിന് അനന്തസാധ്യതയുള്ള വാഴത്തോപ്പ് പഞ്ചായത്തിലെ ഭൂമിയാംകുളം വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിട്ടും അധികൃതര്‍ അവഗണിക്കുന്നതായി പരാതി.
കുടിയേറ്റകാലം മുതല്‍ ഏറ്റവും കൂടുതല്‍ കര്‍ഷകരുള്ള പ്രദേശമാണ് ഭൂമിയാംകുളം. കാലാവസ്ഥയും ഭൂപ്രദേശങ്ങളും ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുന്നു. സ്റ്റേഡിയം പാറക്ക് സമീപം വ്യൂ പോയന്റ് സ്ഥാപിച്ച് വാച്ച് ടവര്‍ നിർമിച്ചാല്‍ വികസനത്തിന് വേഗമേറും.
വാഴത്തോപ്പ് പഞ്ചായത്തിലെ ഒന്ന്, രണ്ട്, ആറ് വാര്‍ഡുകള്‍ അതിര്‍ത്തികള്‍ പങ്കിടുന്ന മേഖലയില്‍ വികസനം എത്തിക്കാൻ പഞ്ചായത്തും മൗനം പാലിക്കുകയാണ്. നോക്കത്താദൂരത്തോളം പടര്‍ന്നു കിടക്കുന്ന മലനിരകള്‍. പാല്‍ക്കുളംമേട് എന്ന ജില്ലയിലെ കൊട്ടിയടക്കപ്പെട്ട അതിസുന്ദരമായ പ്രദേശത്തിന്റെ സമീപ കാഴ്ചകള്‍, ചെറുതോണി അണക്കെട്ട്, കാല്‍വരിമൗണ്ട് മലനിരകള്‍, കുറവന്‍ കുറത്തി മലകള്‍, പൈനാവിന് സമീപം സ്ഥിതിചെയ്യുന്ന കുയിലിപ്പാറ വ്യൂ പോയന്റ്, പാണ്ടിപ്പാറ, വാഴത്തോപ്പ് ഉള്‍പ്പെടെ താഴ്വാരങ്ങളുടെ മനോഹര കാഴ്ചകള്‍ എന്നിവ ഭൂമിയാംകുളത്തുനിന്നാല് കാണാം.
ഇതിന് പുറമെ സദാസമയവും നാലു ദിക്കുകളില്‍നിന്നും എത്തുന്ന തണുത്ത കാറ്റും കോടമഞ്ഞും ഭൂമിയാംകുളത്തിന്റെ പ്രത്യേകതയാണ്. ഏതൊരു സഞ്ചാരിയെയും വീണ്ടും കടന്നുവരാന്‍ പ്രേരിപ്പിക്കുന്ന സ്റ്റേഡിയംപാറയിൽ നിന്നുള്ള കാഴ്ചകളാണ് ടൂറിസം വികസനത്തിന് സാധ്യത നല്‍കുന്നത്. എന്നാല്‍, വാച്ച് ടവര്‍ ഉള്‍പ്പെടെ നിർമിച്ച് പ്രദേശത്തിന്റെ വികസനത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യത്തിന് അധികാരികൾ മൗനം പാലിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.