ഒരു ബോസ്നിയൻ അപാരത
text_fieldsഇന്ത്യയിൽനിന്ന് വിനോദ സഞ്ചാരികൾ അധികമൊന്നും എത്തിച്ചേരാത്ത യൂറോപ്പിലെ ഒരു കുഞ്ഞു രാജ്യമാണ് ബോസ്നിയ. യൂറോപ്പിൽ മുസ്ലിം ജനസംഖ്യ കൂടുതലുള്ള രാജ്യം. ഒരേ സ്ഥലത്ത് ജൂത സിനഗോഗും ക്രിസ്ത്യൻ ദേവാലയവും മുസ്ലിം മസ്ജിദും അടുത്തടുത്തായി നിലകൊള്ളുന്നയിടം, ഒന്നാം മഹാലോക യുദ്ധത്തിന് കാരണം കുറിച്ച സ്ഥലം…. അങ്ങനെ വിശേഷണങ്ങൾ നിരവധിയാണ് ബോസ്നിയക്ക്.
വംശീയ കലാപത്തിന്റെ മുറിവുണങ്ങാത്ത കഥകളും ഈ മണ്ണിൽ നിന്നാൽ കാതുകളിൽ അലയടിക്കും. ഉപരോധം മൂലം പട്ടിണിക്കിട്ട് കൊല്ലാ കൊല ചെയ്യപ്പെട്ട ജനതകൂടിയാണ് ബോസ്നിയയിലേത്. എങ്കിലും ഒരൊറ്റ ശ്മശാനത്തിൽ മുസ്ലിമും ക്രിസ്ത്യാനിയും അന്തിയുറങ്ങുന്നത് കാണാൻ പറ്റുന്നിടവും കൂടിയാണിത്.
അബൂദബിയിൽ നിന്ന് അഞ്ച് മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ സരജിവോ വിമാനത്താവളത്തിൽ ഞങ്ങളെയുംകൊണ്ട് വിസ് എയർ ലാൻഡ് ചെയ്തപ്പോൾ പ്രാദേശിക സമയം വൈകിട്ട് 4.30 ആയിരുന്നു. ആ നേരത്ത് തന്നെ ബോസ്നിയൻ നഗരങ്ങളെ ഇരുട്ട് പുതച്ചിരുന്നു. എമിഗ്രേഷൻ കഴിഞ്ഞ് ഒരു സിംകാർഡ് എടുത്ത് കുറച്ച് ബോസ്നിയൻ കറൻസിയും വാങ്ങി മുൻകൂട്ടി ബുക്ക് ചെയ്ത റൂമിലെത്തി. യാത്രാക്ഷീണം തെല്ലൊന്ന് മാറിയപ്പോൾ ഓൾഡ് ടൗണിലൂടെ രാത്രി സഞ്ചാരത്തിനായി ഇറങ്ങി. ഏറെ കേട്ടറിഞ്ഞ പ്രസിദ്ധമായ ബോസ്നിയൻ കബാബും കഴിച്ചാണ് അന്ന് റൂമിലേക്ക് മടങ്ങിയത്. അതിരാവിലെ എണീറ്റ് ‘മീറ്റ് ബോസ്നിയ’ ടൂർ ഏജൻസിയുമായി ബന്ധപ്പെട്ട് സിറ്റി ടൂർ ബുക്ക് ചെയ്തു. ആദ്യം സന്ദർശിച്ചത് ഒന്നാം ലോക മഹായുദ്ധം തുടങ്ങുവാൻ കാരണമായ സ്ഥലമാണ്. രണ്ടാമത്, ഡിഫൻറേസ് സെമിത്തേരിയും. ഉപരോധത്തിൽ ജീവൻവെടിഞ്ഞവരും ചെറുത്തുനിന്ന് മരണമടഞ്ഞവരുടേയും കൂട്ട കബറിടമാണിത്. നാലു വർഷത്തെ സർബിയൻ ഉപരോധത്തിൽ (1992 ഏപ്രിൽ 5 മുതൽ 1996 ഫെബ്രുവരി 29വരെ) സരജിവോയെയിൽ മരണമടഞ്ഞവരെ ഫുട്ബാൾ ഗ്രൗണ്ടുകളിലും പാർക്കുകളിലും മറവ് ചെയ്യുകയായിരുന്നു. സിറ്റിയിൽ ഇത്രയധികം ശവകല്ലറകളുള്ള സ്ഥലം കൂടിയാണ് സരജിവോ. ഉപരോധം മൂലം മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ട് പോവാൻ കഴിയാതെ വന്നത്കൊണ്ടാണ് ഇത്രയധികം സെമിത്തേരികൾ സിറ്റിയിൽ ഉണ്ടായത്. ഒട്ടുമിക്ക കെട്ടിടങ്ങളിലും ദ്വാരങ്ങളും വെടിയുണ്ടകളുടെ പാടുകളും കാണാം. ചിലകെട്ടിടങ്ങൾ ഇന്നും പൊളിക്കാതെ ആളൊഴിഞ്ഞ യുദ്ധ സ്മാരകങ്ങളായി നിലനിൽത്തിയിട്ടുണ്ട്. സെർബിയൻ ക്രൂരതകൾ ലോകത്തോട് വിളിച്ച്പറയാനായി. കുട്ടികളുടെ ആശുപത്രികൾ വരെ അന്ന് സെർബിയൻ പട്ടാളത്തിന്റെ റോക്കറ്റാക്രമണത്തിൽ തകർന്നടിഞ്ഞിരുന്നു. അവിടെ നിന്ന് സരജിവോ സിറ്റി ഹാളിലേക്കായിരുന്നു യാത്ര. സരജിവോയിലെ ഓസ്ട്രോ-ഹംഗേറിയൻ കാലഘട്ടത്തിലെ ഏറ്റവും വലുതും പ്രാതിനിധ്യമുള്ളതുമായ കെട്ടിടമായിരുന്നു ഇത്.
സെർബിയൻ ഷെല്ലാക്രമണത്തിൽ ലൈബ്രറിയിൽ ഉണ്ടായിരുന്ന 1.5 ദശലക്ഷം വാല്യങ്ങളും 155,000ലധികം അപൂർവ പുസ്തകങ്ങളും അഗ്നിക്കിരയായിരുന്നു. ഒളിഞ്ഞിരുന്ന് സാധാരക്കാരെ വെടി വെച്ചിട്ടിരുന്ന സ്ഥലമായിരുന്ന സ്നെപർ അലൈയായിരുന്നു പിന്നീട് സന്ദർശിച്ചത്. മലയാൽ ചുറ്റപ്പെട്ട പ്രദേശത്തെ ആളുകൾ ഉപരോധസമയത്ത് ഭക്ഷണമോ മറ്റോ ശേഖരിക്കാൻ ഇറങ്ങിയാൽ വെടിവെച്ചിടുകയായിരുന്നു അന്ന് സെർബ് സൈന്യം ചെയ്തിരുന്നത്. എന്നാൽ സെർബിയക്ക് കിഴടങ്ങാതെ നാലു വർഷം ഉപരോധത്തെ പ്രതിരോധിച്ച് ബോസ്നിയൻ ജനത സ്വാതന്ത്ര്യം നേടിയെടുത്തു.
ഹോപ് ടണൽ
പട്ടിണിയിൽനിന്ന് രക്ഷനേടാൻ ഒരു വീടിന്റെ ഡൈനിങ് ഹാളിൽ നിന്ന് തുടങ്ങി സരജിവോ വിമാനത്താവള റൺവേക്ക് അടിയിലൂടെ 800 മീറ്റർ ദൂരം തുരങ്കമുണ്ടാക്കി ഭക്ഷണ സാധനങ്ങളും മറ്റ് ആവശ്യവസ്തുക്കളും നാലു വർഷം മുടങ്ങാതെ ആളുകളിലേക്ക് എത്തിച്ച് ഉപരോധം മറികടന്നു. 1993ൽ നിർമിച്ച ഈ ടണൽ ഇന്നും യുദ്ധ സ്മാരകമായി സൂക്ഷിച്ച് പോരുകയാണ് ബോസ്നിയൻ സർക്കാർ. നാല് മാസം കൊണ്ടാണത്രെ ടണൽ പൂർത്തികരിക്കാൻ കഴിഞ്ഞത്. ബോസ്നിയ സന്ദർശിക്കുന്നവർ കണ്ടിരിക്കേണ്ട ഒരു ഇടമാണ് ഹോപ് ടണൽ. പ്രതിസന്ധികളിൽ ചെറുത്ത് നിൽപ്പിന്റെ ബാലപാഠങ്ങൾ അറിയാത്തവർക്ക് ഇത് ഉപകാരപ്പെടും.
വാർ മ്യൂസിയം
പഴയകാല യുദ്ധ ഉപകരണങ്ങളും മറ്റും പ്രദർശിപ്പിക്കുകയും യുദ്ധത്തിന്റെ ആഘാതങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്ന ഒരു പഠനശാലയാണ് വാർ മ്യൂസിയം. ഇത്രയും സന്ദർശിച്ച് അന്നത്തെ യാത്ര അവസാനിപ്പിച്ചു. അടുത്ത ദിവസത്തെ ആദ്യ സന്ദർശന സ്ഥലം ബ്യൂട്ടിഫുൾ കോൻജിക് ഓൾഡ് ബ്രിഡ്ജായിരുന്നു. കൂടാതെ മോസ്റ്റർ എന്ന അതിപുരാധന നഗരവും ലിസ്റ്റിലുണ്ടായിരുന്നു. സരജിവോ നഗരത്തിൽ നിന്നും രണ്ട് മണിക്കൂറിലധികം ദൂരമുണ്ടായിരുന്നു മോസ്റ്ററിലേക്ക്. നീല നിറമുള്ള നദിക്കരയിലൂടെയുള്ള യാത്ര വിവരണാതീതമാണ്. മോസ്റ്റർ ബ്രിഡ്ജിനടിയിലൂടെ ഒഴുകുന്ന ബോസ്നിയയിലെ നെരറ്റെവ നദിയാണ് കോൾഡസ്റ്റ് റിവർ ഇൻ ദി വേൾഡ് ആയി അറിയപ്പെടുന്നത്. ചൂടുകാലത്ത് 7-8 ഡിഗ്രിയാണ് അതിന്റെ തണുപ്പ് കണക്കാക്കപ്പെടുന്നത്.
പിന്നീട് ലോകത്തിലെ മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നായ ക്രാവിക വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാനായി പോയി. പാൽ ഒഴുകുംപോലെയുള്ള വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്.
ട്രാം റൈഡ്
1895 ൽ നഗരത്തിലൂടെ മുഴുവൻ സമയ ഇലക്ട്രിക് ട്രാം ശൃംഖലയുള്ള ലോകത്തിലെ രണ്ടാമത്തെ നഗരമാണ് സരജിവോ. യൂറോപ്പിൽ നിത്യജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്തതാണ് ട്രാം. ചിലവ് കുറഞ്ഞതും വളരെ ഏളുപ്പത്തിൽ ജോലിസ്ഥലത്തേക്കും വീടുകളിലേക്കും എത്തിച്ചേരാൻ ആളുകൾ ഇത് ഉപയോഗപ്പെടുത്തുന്നു.
കേബിൾ കാറിലെ മടക്കയാത്ര
നാലാം ദിവസം ദുബൈയിലേക്ക് മടങ്ങേണ്ട നേരം റൂം വെക്കേറ്റ് ചെയ്ത് നേരെ പോയത് സരജിവോയിലെ പ്രശസ്തമായ കേബിൾ കാറിലേക്കാണ്. 1959ൽ നിർമിച്ച ഈ കേബിൾ കാർ ഉപരോധ സമയത്ത് തകർക്കപ്പെട്ടെങ്കിലും വീണ്ടും തുറക്കപെട്ടത് 2018ലാണ്. അതിൽ കയറി മലയുടെ മുകളിൽ നിന്ന് താഴെയുള്ള സരജിവോയുടെ കാഴ്ച്ച നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ആ കാഴ്ച്ചകൾ ആസ്വദിച്ച ശേഷം വിമാനത്താവളത്തിലേക്ക് പോയി. തിരികെ ദുബൈയിലേക്ക് വിമാനം പറക്കുമ്പോൾ സന്തോഷവും സങ്കടവും നിറഞ്ഞ ഓർമകളുടെ മേഘങ്ങൾ ഹൃദയത്തിൽ തങ്ങി നിൽക്കുകയായിരുന്നു. എങ്കിലും നാല് ദിവസത്തെ ബോസ്നിയൻ അപാരത ആസ്വദിച്ച്, സ്വദേശികളുടെ ആതിഥ്യമര്യാദകൾ ആവോളം അനുഭവിച്ചായിരുന്നു മടക്കമെന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.