തിരക്കിൽ ഇടുക്കി
text_fieldsതൊടുപുഴ: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ രണ്ട് ദിവസമായി അനുഭവപ്പെടുന്നത് വൻ തിരക്ക്. ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമായി ആയിരങ്ങളാണ് ക്രിസ്മസ് ദിനത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത്. ക്രിസ്മസ് തലേന്ന് 28,148 പേരും ടൂറിസം കേന്ദ്രങ്ങളില്‍ അവധി ആഘോഷിക്കാനെത്തി. ശനിയാഴ്ച 19,336 പേരാണ് സന്ദര്‍ശനം നടത്തിയത്.
വാഗമണ്ണിലാണ് വലിയ തിരക്കനുഭവപ്പെട്ടത്. വാഗമണ്‍ മെഡോസില്‍ ക്രിസമസ് ദിനത്തില്‍ 8570 പേരും തലേന്ന് 9606 പേരും സന്ദര്‍ശനം നടത്തി. വാഗമണ്‍ അഡ്വഞ്ച്വര്‍ പാര്‍ക്കില്‍ ക്രിസ്മസിന് 6968 പേരും ഞായറാഴ്ച 7110 പേരും എത്തി. രാമക്കല്‍മേട്ടിലും മൂന്നാറിലും വലിയ തിരക്കുണ്ടായി. രാമക്കല്‍മേട്ടില്‍ ക്രിസ്മസ് ദിവസം 3112 പേരും തലേന്ന് 2368 പേരും സന്ദര്‍ശനം നടത്തി. മൂന്നാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ക്രിസ്മസിന് 2875 സന്ദര്‍ശകരും ഞായറാഴ്ച 2970 പേരുമെത്തി. മാട്ടുപ്പെട്ടി -400, 390, അരുവിക്കുഴി -619, 246, ശ്രീനാരായണ പുരം 1508, 1678, പാഞ്ചാലിമേട് 2153, 2023, ഇടുക്കി ഹില്‍വ്യു പാര്‍ക്ക് -2028, 1757 എന്നിങ്ങനെയാണ് ക്രിസ്മസ് ദിനത്തിലും തലേന്നും എത്തിയ സന്ദര്‍ശകരുടെ കണക്ക്.
മാട്ടുപ്പെട്ടി, മറയൂര്‍, കാല്‍വരി മൗണ്ട്, പരുന്തുംപാറ, അഞ്ചുരുളി, മലങ്കര ഡാം, തൊമ്മന്‍കുത്ത് എന്നിവിടങ്ങളിലും നിരവധി സന്ദര്‍ശകര്‍ ക്രിസ്മസ് ആഘോഷിക്കാന്‍ എത്തി. ഇടുക്കി, ചെറുതോണി അണക്കെട്ട് സന്ദര്‍ശിക്കാനും ഒട്ടേറെ പേരെത്തി. സന്ദര്‍ശകര്‍ കൂട്ടത്തോടെ എത്തിയതോടെ പല ടൂറിസം കേന്ദ്രങ്ങളിലും വാഹനങ്ങളുടെ വന്‍ തിരക്കനുഭവപ്പെട്ടു. ക്രിസ്മസ്, പുതുവത്സരാഘോഷം മുന്‍നിര്‍ത്തി ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ദീപങ്ങള്‍കൊണ്ട് വര്‍ണാഭമാക്കിയിരുന്നു. ഇനി പുതുവത്സരത്തിലും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കുണ്ടാകും.
പൂജാ അവധിക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വലിയ തിരക്കനുഭവപ്പെട്ടിരുന്നു. അവധി ദിവസങ്ങളായ ഒക്ടോബര്‍ 21 മുതല്‍ 23 വരെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത് 75,052 പേരാണ്. ക്രിസ്മസ്, പുതുവത്സരത്തിന് എത്തുന്ന സഞ്ചാരികളുടെ എണ്ണം ഇതിന്റെ ഇരട്ടിയോളമാകുമെന്നാണ് കണക്കുകൂട്ടല്‍. അവധി തുടങ്ങിയ ശനിയാഴ്ച മാത്രം 19,336 പേരാണ് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയത്. വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കിലാണ് കൂടുല്‍ സഞ്ചാരികളെത്തിയത്. ഇവിടെ 6476 പേര് ഒരു ദിവസം സന്ദര്‍ശിച്ചു. വാഗമണ്‍ മെഡോസ് -5692, പാഞ്ചാലിമേട് -1036, മൂന്നാര്‍ ബോട്ടാണിക്കല്‍ ഗാര്ഡന് -2025, ഇടുക്കി ഹില്‍വ്യു പാര്‍ക്ക് -816, ശ്രീനാരായണ പുരം -1228, അരുവിക്കുഴി -108, രാമക്കല്‍മേട് -1615, മാട്ടുപ്പെട്ടി -340 എന്നിങ്ങനെയാണ് മറ്റ് ടൂറിസം കേന്ദ്രങ്ങളിലെത്തിയവരുടെ കണക്ക്. ഇതിനു പുറമെ കാല്‍വരി മൗണ്ട്, പരുന്തുംപാറ, അഞ്ചുരുളി, മലങ്കര ഡാം, തൊമ്മന്‍കുത്ത് എന്നിവിടങ്ങളിലും സന്ദര്‍ശകര്‍ വ്യാപകമായി എത്തുന്നുണ്ട്.
വാഗമണ്ണില്‍ ഗ്ലാസ് തുറന്നതാണ് ഇത്തവണ ഇവിടെ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. മൊട്ടക്കുന്നുകളും പൈന്‍മരക്കാടുകളും ആയിരുന്നു നേരത്തെ മുഖ്യ ആകര്‍ഷണമെങ്കിലും ഇന്ത്യയിലേറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിച്ചതോടെയാണ് വാഗമണ്ണിന്റെ പെരുമ വര്‍ധിച്ചത്. ആയിരക്കണക്കിനാളുകള്‍ ഇതിനകം ഗ്ലാസ് ബ്രിഡ്ജ് സന്ദര്‍ശിച്ചു കഴിഞ്ഞു. ഇടുക്കി, ചെറുതോണി അണക്കെട്ടുകളും അവധി കണക്കിലെടുത്ത് തുറന്നിട്ടുണ്ട്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇത്തവണ അണക്കെട്ടുകള്‍ തുറക്കുന്നതില്‍ അനിശ്ചിതത്വം നിലനിന്നെങ്കിലും മന്ത്രി റോഷി അഗസ്റ്റിന് ഇടപെട്ടതോടെ പിന്നീട് തുറന്നു നല്കാന് തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.