ചങ്ങരത്ത് പക്ഷികളുടെ ചിറകടിയൊച്ച നിലയ്ക്കുന്നില്ല: പ്രദേശത്ത് കണ്ടെത്തിയത് 210ഓളം ഇനം പക്ഷികളെ
text_fieldsഅരൂർ (ആലപ്പുഴ): വിവിധ ദേശങ്ങളിലെ പക്ഷികളുടെ ഇഷ്ടതാവളമായി ചങ്ങരം പാടശേഖരം മാറിയിട്ട് വർഷങ്ങളായി. പക്ഷിസങ്കേതമാക്കണമെന്ന ആവശ്യത്തിനും നാളുകളുടെ പഴക്കമുണ്ട്. കോടംതുരുത്ത്, പട്ടണക്കാട് പഞ്ചായത്തുകളിലായി 250 ഏക്കറോളം വിസ്തൃതമായ നെൽപാടങ്ങളിൽ വ്യാപിച്ചുകിടക്കുന്നതാണ് ചങ്ങരം, പള്ളിത്തോട് തണ്ണീർത്തടം. കടലിന് അധികം ദൂരെയല്ലാതെ മനുഷ്യവാസം കുറഞ്ഞ ഈ സ്ഥലത്ത് പക്ഷികൾ അവരുടെ സ്വൈര വിഹാരത്തിന് ഇടം കാണുന്നു. കൊയ്ത്തു കഴിഞ്ഞ് നിലം വറ്റിത്തുടങ്ങുന്നതോടെ സൂക്ഷ്മജീവികൾ, ചെറുപ്രാണികൾ ചെറുമീനുകൾ തുടങ്ങിയവയെ ഭക്ഷിക്കാൻ കിലോമീറ്ററുകൾ താണ്ടി വിവിധ ഇനം പക്ഷികൾ ഇവിടെ എത്താറുണ്ട്. തീറ്റയോടൊപ്പം ഇഷ്ടപ്പെട്ട കാലാവസ്ഥയും ഇവയെ ആകർഷിക്കുന്നു.
ലോക സഞ്ചാര ഭൂപടത്തിൽ ചങ്ങരത്തിന് പ്രത്യേക സ്ഥാനമുണ്ട്. വിഖ്യാതരായ പല പക്ഷിനിരീക്ഷകരും ഇവിടെ വന്നണയുന്ന നൂറുകണക്കിന് പക്ഷികളെക്കുറിച്ച് പഠിച്ചിട്ടുണ്ട്. 2014ൽ സ്വീഡിഷ് പക്ഷിശാസ്ത്രജ്ഞനായ ക്രിസ്റ്റീൻ ഓർസൺ ദേശാടന പക്ഷികളെ കുറിച്ച് പഠനം നടത്തുകയും പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മ രൂപവത്കരിച്ച് പക്ഷികളെ എങ്ങനെ തിരിച്ചറിയാമെന്ന് പരിശീലിപ്പിച്ചതോടെയാണ് ചങ്ങരം കൂടുതൽ ശ്രദ്ധയാകർഷിക്കാൻ തുടങ്ങിയത്. പക്ഷിശാസ്ത്രജ്ഞർ ഈ പ്രദേശത്ത് 210ഓളം ഇനം പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്.
സർക്കാർ പച്ചക്കൊടി കാട്ടിയാൽ പക്ഷിസങ്കേതം എന്ന പദവി കൈവരിക്കാനാകും. എ.എം ആരിഫ് എം.എൽ.എ ആയിരിക്കെ പക്ഷികളെ നിരീക്ഷിക്കുന്നതിന് ടവർ നിർമിക്കാൻ ചില ശ്രമങ്ങൾ നടത്തിയിരുന്നു. പക്ഷികളെ വെടിവെച്ചും കെണിയിൽ പെടുത്തിയും പിടിച്ച് ഷാപ്പുകളിലും ഹോട്ടലുകളിലും വിൽക്കുന്ന സംഘം ഇവിടെ പ്രവർത്തിച്ചിരുന്നു. എന്നാൽ, ബേർഡ്സ് ഓഫ് ഏഴുപുന്ന എന്ന സംഘടനയുടെ നിരന്തര ഇടപെടലാണ് ഇതിന് മാറ്റം ഉണ്ടാക്കിയത്.
വേമ്പനാട് ആവാസവ്യവസ്ഥയിൽ കുമരകം പക്ഷിസങ്കേതത്തോട് ചേർന്ന് കിടക്കുന്ന പ്രദേശത്തെ സംരക്ഷിക്കാൻ 'സങ്കേതം' പദവി ലഭിച്ചാൽ കഴിയുമെന്നാണ് കേരള വനം വന്യജീവി വകുപ്പിെൻറ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിെൻറ വിലയിരുത്തൽ. 'ബേർഡ്സ് ഓഫ് എഴുപുന്ന' ചങ്ങരത്തെ പക്ഷിസങ്കേതമാക്കി മാറ്റുന്നതിനായി അധികാരികളെ സമീപിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഇടമായി ഇവിടത്തെ മാറ്റാൻ ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതരും ശ്രമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.