മേട്ടുപാളയം - ഊട്ടി പർവത ട്രെയിൻ സ്വകാര്യവത്കരിച്ചോ? യാഥാർഥ്യമിതാണ്
text_fieldsഗൂഡല്ലൂർ: നീലഗിരി മലകൾക്കിടയിലൂടെ കുളിർകാറ്റേറ്റ് ഇഴഞ്ഞുനീങ്ങുന്ന കൊച്ചുട്രെയിനിലൊരു യാത്ര ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണ്. മലകളുടെ റാണിയെന്നറിയപ്പെടുന്ന ഊട്ടിയിലേക്ക് മേട്ടുപാളയത്തുനിന്ന് കൂനൂർ വഴിയാണ് ഇൗ പർവത ട്രെയിൻ ഓടുന്നത്. എന്നാൽ, ഇൗ ട്രെയിനെ കുറിച്ച് പുതിയ പല കിംവദന്തികളും ഇപ്പോൾ പരക്കുകയാണ്. ട്രെയിൻ റൂട്ട് സ്വകാര്യവത്കരിച്ചുവെന്നാണ് പ്രചാരണം. എന്നാൽ, ഇക്കാര്യം റെയിൽവേ അധികൃതർ തന്നെ നിഷേധിച്ച് രംഗത്തെത്തി.
കോവിഡ് ലോക്ഡൗൺ ആരംഭിച്ചത് മുതൽ എട്ടുമാസമായി നിർത്തിവെച്ച പർവത ട്രെയിൻ സേവനം കോവിഡ് ഇളവുകൾ പ്രഖ്യപിച്ചതോടെ പുനരാരംഭിച്ചിരിക്കുന്നു. എന്നാൽ വീണ്ടും നിർത്തിയ സർവിസ് ഇനി ഒരു ഉത്തരവ് ഉണ്ടാവുംവരെ ഓടില്ലന്ന് റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടയിൽ കഴിഞ്ഞ മാസം സിനിമാ ഷൂട്ടിങ്ങിന് വേണ്ടി സർവീസ് തുക മുഴുവൻ ഈടാക്കി ട്രെയിൻ വിട്ടുകൊടുത്തിരുന്നു. കഴിഞ്ഞ ഡിസംബർ അഞ്ച്, ആറ് തീയതികളിൽ ഒരു സ്വകാര്യ കമ്പനിക്ക് വേണ്ടിയും തീവണ്ടി ഒാടി. ഒരാൾക്ക് 3000 രൂപ ചാർജ് ചെയ്ത് 4.80 ലക്ഷം രൂപ വാടകയിനത്തിൽ ലഭിച്ചെന്നും അധികൃതർ വെളിപ്പെടുത്തുകയുണ്ടായി. ഷൂട്ടിങ്ങിന് വാടകക്ക് നൽകിയ പോലെ സ്വകാര്യ കമ്പനിക്കും രണ്ടു ദിവസത്തേക്ക് നൽകിയതോടെ പർവത റെയിൽ സ്വകാര്യവത്കരിച്ചെന്ന വാർത്തകൾ പ്രചരിച്ചു.
എന്നാൽ ഇത് തെറ്റാണെന്നും വ്യക്തികളും സ്ഥാപനങ്ങളും വിമാനം വാടകക്കെടുക്കുന്നതു പോലെ തന്നെ പർവത ട്രെയിനും വാടകക്കെടുത്തതാണെന്ന് സേലം റയിൽവേ അധികൃതർ വ്യക്തമാക്കി. എൻജിൻ ഡ്രൈവർമാരെ മാത്രമേ വിട്ടുകൊടുക്കുകയുള്ളൂവെന്നും അവർ വിശദീകരിച്ചു. റെയിൽവേ വകുപ്പിെൻറ അനുമതിയോടെ സാധാരണ നിരക്കിൽ തന്നെ സർവീസ് പുന:സ്ഥാപിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങിവെച്ച പർവത റെയിൽ തുടക്കത്തിൽ നീരാവി എൻജിൻ ഉപയോഗിച്ചാണ് പ്രവർത്തിച്ചിരുന്നത്. മലകയറേണ്ടതിനാൽ ട്രാക്കുകൾക്കിടയിൽ പിനിയൻ വീലുകൾ ഘടിപ്പിച്ചാണ് പുഷ്പ്പുൾ ട്രെയിൻ പ്രവർത്തിച്ചത്. ഇഴഞ്ഞു നീങ്ങിയിരുന്ന ട്രെയിനിൽ ഉല്ലാസ യാത്ര ആഗ്രഹിച്ചെത്തുന്ന വിനോദ സഞ്ചാരികളാണ് കൂടുതൽ കയറിയിരുന്നത്.
മൂന്ന് ബോഗികളുള്ള ട്രെയിനിൽ തിരക്ക് കാരണം സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യണം. സീസൺ കാലത്ത് മൂന്ന് മാസം മുമ്പ് തന്നെ ബുക്ക് ചെയ്യേണ്ടതുണ്ട്. നഷ്ടങ്ങൾ സഹിച്ചാണ് സേവനം നില നിർത്തുന്നത്. കാലപഴക്കം മൂലം കിതക്കാൻ തുടങ്ങി. കൽക്കരിക്ക് പകരം ഇപ്പോൾ ഫർണസ് ഓയിൽ ഉപയോഗിക്കുന്ന വിധത്തിലേക്ക് എൻജിൻ പ്രവർത്തനം മാറ്റപ്പെട്ടെങ്കിലും കിതപ്പിന് കുറവൊന്നുമുണ്ടായിട്ടില്ല. കാലവർഷം ശക്തി പ്രാപിക്കുന്ന കാലങ്ങളിൽ ട്രാക്കുകളിലേക്ക് പാറകളും മരങ്ങളും വീണ് തടസമേർപെടുമ്പോൾ മാത്രം സർവിസ് തൽക്കാലികമായി നിർത്തിവെക്കുന്നത് പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.