ചാവക്കാട് ബീച്ച് ഫ്ലോട്ടിങ് ബ്രിഡ്ജ്: ഒന്നുമുതൽ ഒഴുകിനടക്കാം
text_fieldsചാവക്കാട്: ബീച്ച് ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഒക്ടോബർ ഒന്നിന് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാനത്ത് ആദ്യമായി ബേപ്പൂരിലും പിന്നീട് താനൂരിലുമാണ് ഇതിനു മുമ്പ് ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചിട്ടുള്ളത്.
ജില്ലയിൽ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജാണ് ചാവക്കാട് ബീച്ചിലേത്. 100 മീറ്റർ നീളത്തിലാണ് നിർമിച്ചിട്ടുള്ളത്. 1500 പ്ലാസ്റ്റിക് (ലീനിയർ ലോ-ഡെൻസിറ്റി പോളിയെത്തിലീൻ -എൽ.എൽ.ഡി.പി.ഇ) കൊണ്ടു നിർമിച്ച ഫ്ലോട്ടിങ് ബോക്സുകൾ യോജിപ്പിച്ച് കൈവരികൾ കയറുമായി ബന്ധിപ്പിച്ചാണ് പാലം സ്ഥാപിച്ചത്.
കടൽ പ്രക്ഷുബ്ധമാകുമ്പോഴും ശക്തമായ കാറ്റ് ആഞ്ഞടിക്കുമ്പോഴും ഉലയാതിരിക്കാനും സ്ഥാനചലനമുണ്ടാവാതിരിക്കാനും കരയിലും കടലിലുമായി കെട്ടിയ കയറുകളിലാണ് പാലത്തെ ബന്ധിപ്പിച്ചിട്ടുള്ളത്. മൂന്ന് ബോട്ട് സർവിസ് കൂടാതെ ഒരു റെസ്ക്യു ബോട്ടാണ് ഇവിടെയുള്ളത്.
പാലത്തിൽ കയറുന്നവർക്കും സമീപത്ത് ബോട്ടിൽ കയറുന്നവർക്കും ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി ഗോവയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് (എൻ.ഐ.ഡബ്ല്യു.എസ്) എന്ന സ്ഥാപനത്തിൽനിന്ന് ലൈഫ് സേവിങ് ടെക്നിക് -വാട്ടർ സ്പോർട്സ് ഓപ്പറേറ്റർ (എൽ.എസ്.ടി.ഡബ്ല്യു.എസ്) സർട്ടിഫിക്കറ്റ് നേടിയ 15 പേരുടെ സേവനമാണ് ഉറപ്പാക്കിയിട്ടുള്ളത്.
ബി.ബി.സി എന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൂന്ന് പേരാണ് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ നടത്തിപ്പുകാർ. പാലത്തിൽ കയറുന്നവർക്ക് നിശ്ചിത ഫീസുണ്ട്. അതിനായി സമീപത്ത് തന്നെ ഓഫിസ് കെട്ടിയുണ്ടാക്കുന്നുണ്ട്. ടിക്കറ്റ് കൗണ്ടറിനും ലൈഫ് ബോയ് ജാക്കറ്റ് ധരിക്കാനും പ്രത്യേകം സ്ഥലങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്നിന് വൈകീട്ട് 5.30 നാണ് ഉദ്ഘാടനം. പരിപാടിയുടെ വിജയത്തിനായി എന്‍.കെ. അക്ബര്‍ എം.എല്‍.എ ചെയര്‍മാനും ഡി.ടി.പി.സി സെക്രട്ടറി ജോബി ജോര്‍ജ് ജനറല്‍ കണ്‍വീനറുമായ സ്വാഗത സംഘം രൂപവത്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.