ദേശീയ ഉദ്യാനത്തിൽ ചിക്കൻ പാചകം ചെയ്തു; സഞ്ചാരിക്ക് വൻപിഴയും രണ്ട് വർഷത്തെ വിലക്കും
text_fieldsയാത്ര പോകുേമ്പാൾ സ്വന്തമായി പാകം ചെയ്ത് ഭക്ഷണം കഴിക്കുക എന്നത് പലരുടെയും വിനോദമാണ്. പ്രകൃതിരമണീയമായ സ്ഥലത്ത് വാഹനം നിർത്തി അടുപ്പെല്ലാം കൂട്ടി ചിക്കൻ ബാർബിക്യുവെല്ലാം ഒരുക്കുന്നത് ആലോചിക്കുേമ്പാൾ തന്നെ പലരുടെയും നാവിൽ വെള്ളമൂറും. എന്നാൽ, ചില സ്ഥലങ്ങളിൽ ഇത്തരത്തിലെ പാചകം പണി തരാൻ സാധ്യതയുണ്ട്. ഇൗയിടെയാണ് ഗോവയിൽ വഴിയോരത്തെ പാചകം സർക്കാർ നിരോധിച്ചത്.
പല സ്ഥലങ്ങളിലും ഇതുപോലെ നിരോധനമുണ്ട്. നിരോധിത സ്ഥലത്ത് ഭക്ഷണം പാകം ചെയ്തതിന് പണി കിട്ടിയിരിക്കുകയാണ് അമേരിക്കയിലെ സഞ്ചാരിക്ക്. ദേശീയ ഉദ്യാനത്തിൽ ചിക്കൻ പാചകം ചെയ്തതിന് പിഴയും രണ്ട് വർഷത്തെ വിലക്കുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലാണ് സംഭവം. ഇദാഹോയിൽനിന്ന് വന്ന 10 അംഗ സംഘത്തിലുണ്ടായിരുന്നയാളാണ് ഭക്ഷണം പാകം ചെയ്തത്. ദേശീയ ഉദ്യാനത്തിലെ ഷോസോൺ ഗീസർ ബേസിനിലാണ് ഇയാൾ അനധികൃതമായി പ്രവേശിച്ചത്. ചൂടു നീരുറവ പ്രവഹിക്കുന്ന ഇൗ ഭാഗത്ത് സഞ്ചാരികൾക്ക് വിലക്കുണ്ട്.
ഭക്ഷണം പാകം ചെയ്യുന്നത് കണ്ട നാട്ടുകാർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തുേമ്പാൾ രണ്ട് കോഴികളെ ചൂട് നീരുറവയിൽ മുക്കിയതായാണ് കണ്ടത്. ഇതിനടുത്ത് തന്നെ പാചകം ചെയ്യാനുള്ള പാത്രവുമുണ്ടായിരുന്നു. കുറ്റം സമ്മതിച്ച ഇയാൾക്ക് 600 ഡോളർ (44,377.92 രൂപ) പിഴ ചുമത്തി. കൂടാതെ, രണ്ട് വർഷം പാർക്കിൽ പ്രവേശിക്കുന്നതിന് വിലക്കുകയും അത്രയും കാലം നല്ലനടപ്പിന് നിർദേശിക്കുകയും ചെയ്തു.
ഇവിടെ മുമ്പും ഇത്തരം സംഭവം അരങ്ങേറിയിട്ടുണ്ട്. 2001ൽ സിയാറ്റിലിൽ നിന്നുള്ള ചാനൽ റിപ്പോർട്ടർ ടി.വി പരിപാടി ചിത്രീകരിക്കുന്നതിെൻറ ഭാഗവമായി ചൂടുള്ള നീരുറവകളിലൊന്നിൽ ദ്വാരമുണ്ടാക്കി ചിക്കൻ പാചകം ചെയ്തിരുന്നു. പ്രകൃതിദത്തമായ ചൂട് നീരുറവ എങ്ങനെ പാചക ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്ന് ലോകത്തെ കാണിക്കാനായിരുന്നു അദ്ദേഹം തുനിഞ്ഞത്. ഇയാൾക്ക് 150 ഡോളർ പിഴയും രണ്ടുവർഷത്തെ നല്ലനടപ്പുമാണ് വിധിച്ചത്.
യെല്ലോസ്റ്റോൺ ദേശീയ ഉദ്യാനത്തിലെ ചൂട് നീരുറവകളുടെ ഭാഗത്തേക്ക് സന്ദർശകർക്ക് പ്രവേശനമില്ല. അവ അപകടകരവും പ്രവചനാതീതവുമായതിനാലാണ് നിയന്ത്രണം.
ലോകത്തിലെ ആദ്യത്തെ ദേശീയോദ്യാനമാണ് യെല്ലോസ്റ്റോൺ. 1872 മാർച്ച് ഒന്നിനാണ് ഇതിനെ ദേശീയോദ്യാനമാക്കുന്നത്. 8983 ചതുകരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ ഉദ്യാനം വയമിങ്, ഐഡാഹോ, മൊണ്ടാന എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.
മുന്നൂറിലധികം ഉഷ്ണജല പ്രവാഹങ്ങളുള്ള ഉദ്യാനം യുനസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുന്നു. ഓൾഡ് ഫെയ്ത്ഫുൾ ഉഷ്ണജല പ്രവാഹം, യെല്ലോസ്റ്റോൺ തടാകം, കാൾഡേറ അഗ്നിപർവതം തുടങ്ങിയവ ഇവിടത്തെ പ്രധാന ആകർഷണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.