രാമക്കൽമേട്ടിൽ കുട്ടികൾക്ക് അമ്യൂസ്മെൻറ് പാർക്ക് ഒരുങ്ങുന്നു
text_fieldsനെടുങ്കണ്ടം: പ്രകൃതിയുടെ വശ്യസൗന്ദര്യം തുളുമ്പുന്ന രാമക്കൽമേട്ടിൽ ഈമാസം അവസാനത്തോടെ കുട്ടികൾക്ക് കളിച്ചുരസിക്കാൻ അമ്യൂസ്മെൻറ് പാർക്ക് നിർമാണം പൂർത്തിയാകും.
കുറവൻകുറത്തി, വേഴാമ്പൽ ശിൽപങ്ങൾക്ക് പുറമെയാണ് ചിൽഡ്രൻസ് അമ്യൂസ്മെൻറ് പാർക്കും ഒരുക്കുന്നത്. പ്രകൃതിയുടെ വശ്യസൗന്ദര്യവും കാറ്റാടിപ്പാടങ്ങളും കാണാൻ ദിനേന നൂറുകണക്കിനാളുകളാണ് ഇവിടെ എത്തിച്ചേരുന്നത്. കുടുംബമായെത്തുന്നവരിൽ മുതിർന്നവർ മതിയാവോളം കാഴ്ചകൾ ആസ്വദിക്കുമെങ്കിലും കുട്ടികൾക്ക് ആവശ്യമായ വിനോദസാധ്യതകളുടെ അഭാവം ഇവിടെ ഉണ്ടായിരുന്നു.
ഇതിനു പരിഹാരമായാണ് ഏറ്റവും പുതിയ റൈഡുകളും വിനോദ ഉപകരണങ്ങളും ഉൾപ്പെടുത്തി മലമുഴക്കി വേഴാമ്പൽ ശിൽപത്തിനു സമീപത്തായി പാർക്ക് ഒരുങ്ങുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക ഉൗഞ്ഞാലുകൾ, ജംപിങ് റൈഡർ, അമ്യൂസ്മെൻറ് റൈഡ്, പ്ലേസ്ലൈഡർ, സീസോ തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് കോടി ചെലവിൽ നടത്തുന്ന നവീകരണം അവസാന ഘട്ടത്തിലാണ്.
ഇതോടെ രാമക്കൽമേട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്കുണ്ടാകുമെന്നാണ് ഡി.ടി.പി.സിയുടെ പ്രതീക്ഷ. മൂന്നാർ-തേക്കടി റൂട്ടിൽ നെടുങ്കണ്ടത്തുനിന്ന് 16 കിലോമീറ്റർ അകലെ തമിഴ്നാട് അതിർത്തിയിലാണ് രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രം. പുൽമേടുകളും ശക്തമായ കാറ്റും രാമക്കൽമേടിനെ ആയിരക്കണക്കിന് അടി ഉയരത്തിൽ വേറിട്ടതാക്കുന്നു.
കുത്തനെയുള്ള പാറയിൽനിന്ന് താഴേക്ക് നോക്കിയാൽ കൊടൈക്കനാലിലെ ആത്മഹത്യമുനമ്പിനെ വെല്ലുന്ന അഗാധ താഴ്വാരം. താഴെ ചതുരംഗക്കളങ്ങൾ പോലെ പരന്നുകിടക്കുന്ന നിലക്കടലപ്പാടങ്ങൾ, നിരനിരയായി നിൽക്കുന്ന തെങ്ങിൻ തോപ്പുകൾ, വഴികൾക്ക് അതിരിടുന്ന പുളിമരങ്ങൾ, ടാർ റോഡിലൂടെ പൊട്ടുപോലെ നീങ്ങുന്ന വാഹനങ്ങൾ, അങ്ങകലെ വെള്ളിരേഖപോലെ തമിഴ്നാട്ടിലെ ചുരുളിപ്പുഴ, അതിനുമപ്പുറം മേഘങ്ങൾകൊണ്ട് തലപ്പാവണിഞ്ഞ മേഘമല, ആയിരക്കണക്കിന് ഏക്കർ കൃഷിയിടങ്ങൾ, അവിടങ്ങളിലെ കാർഷിക വിളകളുടെ നിറഭേദങ്ങൾകൂടി ആകുമ്പോൾ വർണച്ചായങ്ങൾ ചേർത്ത്് തുന്നിയ ചിത്രകമ്പളം പോലെ സുന്ദരമാണ് ഈ കൃഷിയിടങ്ങളുടെ വിദൂരദൃശ്യങ്ങൾ.
തേനി ജില്ലയിലെ പട്ടണങ്ങളിൽ സായംസന്ധ്യക്ക് തെളിയുന്ന വൈദ്യുതി വിളക്കുകൾ ഒരായിരം നക്ഷത്രങ്ങൾ ഒന്നിച്ചുതെളിയുന്ന ആകാശം പോലെ കൗതുകക്കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.