കോവിഡ് വ്യാപനം: ഇന്ത്യയിലേക്കുള്ള യാത്ര പുനഃപരിശോധിക്കാൻ അമേരിക്കൻ പൗരൻമാരോട് നിർദേശം
text_fieldsവർധിച്ചുവരുന്ന കോവിഡ് കേസുകൾ കാരണം ഇന്ത്യയിലേക്കുള്ള യാത്രകൾ പുനഃപരിശോധിക്കാൻ അമേരിക്ക തങ്ങളുടെ പൗരന്മാരോട് നിർദേശിച്ചു. ബലാത്സംഗം ഉൾപ്പെടെ കുറ്റകൃത്യങ്ങൾ, തീവ്രവാദം എന്നിവ വർധിച്ചതിനാൽ ഇന്ത്യയിൽ കൂടുതൽ ജാഗ്രത പാലിക്കാനും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഏറ്റവും പുതിയ യാത്രാ ഉപദേശത്തിൽ പൗരന്മാരോട് നിർദേശിക്കുന്നു.
'ഇന്ത്യയിൽ ധാരാളം റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളിലൊന്നാണ് ബലാത്സംം. ലൈംഗികാതിക്രമം പോലുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും നടന്നിട്ടുണ്ട്' -യാത്രാ ഉപദേശത്തിൽ പറയുന്നു.
കോവിഡ് കേസുകളുടെ വർധനവ് കാരണം സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) ഇന്ത്യയെ സംബന്ധിച്ച് ലെവൽ-ത്രീ ട്രാവൽ ഹെൽത്ത് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഏറ്റവും പുതിയ യാത്രാ നിർദേശങ്ങൾ.
അംഗീകൃത വാക്‌സിൻ ഉപയോഗിച്ച് പൂർണമായും വാക്‌സിനേഷൻ എടുത്താൽ കോവിഡ് ബാധിക്കാനും ഗുരുതരമായ രോഗലക്ഷണങ്ങൾ ഉണ്ടാകാനുമുള്ള സാധ്യത കുറവായിരിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടി. അന്താരാഷ്‌ട്ര യാത്ര ആസൂത്രണം ചെയ്യുന്നതിന് മുമ്പ്, വാക്‌സിൻ എടുത്തതും അല്ലാത്തതുമായ യാത്രക്കാർക്കുള്ള നിർദേശങ്ങൾ മനസ്സിലാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഭീകരവാദവും ആഭ്യന്തര പ്രശ്നങ്ങളും കാരണം ജമ്മു കശ്മീരിലേക്കും ഇന്ത്യ-പാക് അതിർത്തിയുടെ പത്ത് കിലോമീറ്റർ ചുറ്റളവിലും യാത്ര ചെയ്യരുതെന്നും നിർദേശമുണ്ട്. അതേസമയം, കിഴക്കൻ ലഡാക്ക് മേഖലയിലേക്കും തലസ്ഥാനമായ ലേയിലേക്കും യാത്ര ചെയ്യുന്നതിൽ പ്രശ്നമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.