റോഡ് മാർഗം കശ്മീർ സന്ദർശിക്കുന്നവർക്കും കോവിഡ് പരിശോധന നിർബന്ധം
text_fieldsശ്രീനഗർ: റോഡ് വഴി ജമ്മു കശ്മീരിലേക്ക് പോകുന്നവർക്കും ഇനി കോവിഡ് പരിശോധന നിർബന്ധം. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. കൂടാതെ കശ്മീർ സന്ദർശിക്കുന്നവരിൽ ധാരാളം പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതിനാലാണ് നടപടി. കോവിഡ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കശ്മീർ താഴ്‌വരയിലുടനീളം ടൂറിസവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് വാക്സിൻ നൽകുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.
ടൂറിസം മേഖലയുമായി ബന്ധമുള്ള ഡ്രൈവർമാർ, ഹോട്ടൽ ജീവനക്കാർ, ഹൗസ്‌ബോട്ട് സ്റ്റാഫ് എന്നിവർക്ക് പ്രതിരോധ കുത്തിവെപ്പ് ഉടൻ ആരംഭിക്കുമെന്ന് ശ്രീനഗർ ഡെപ്യൂട്ടി കമീഷണർ ഐജാസ് ആസാദ് പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇവർക്ക് പരിശീലന പരിപാടി നടത്തും.
എല്ലാ ഹോട്ടലുകളിലും ശുചിത്വം ഉറപ്പുവരുത്തി സന്ദർശകരുടെ താമസം സുഗമമാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കൂടാതെ രണ്ട് മുറികൾ കോവിഡ് പോസിറ്റീവാകുന്നവർക്ക് വേണ്ടി ഉപയോഗിക്കാൻ എപ്പോഴും ഒഴിച്ചിടുകയും വേണം.
റോഡ് വഴി വരുന്നവർക്ക് ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലെ ലോവർ മുണ്ടയിലാണ് പരിശോധന നടത്തുക. നിലവിൽ വിമാനമാർഗം വരുന്നവർക്ക് ശ്രീനഗർ എയർപോർട്ടിൽ പരിശോധന നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.