ഓട്ടോക്കൂലിയിൽ ഇനി തർക്കം വേണ്ട; കൃത്യമായ നിരക്ക് അറിയാം
text_fieldsRepresentational Image
യാത്രക്കാരും ഡ്രൈവർമാരും തമ്മിൽ പലപ്പോഴും തർക്കങ്ങൾക്ക് ഇടവരുത്തുന്നതാണ് ഓട്ടോക്കൂലി. പലയിടത്തും മീറ്റർ ഇടാതെ ഓടുന്നതും, മീറ്റർ ഇട്ടാൽ തന്നെ കൂടുതൽ കൂലി ചോദിക്കുന്നതും, കൂലി കൂടുതലാണെന്ന് യാത്രക്കാർ വാദിക്കുന്നതുമെല്ലാം തർക്കത്തിനിടയാക്കാറുണ്ട്. എന്നാൽ, ന്യായമായ കൂലി മാത്രം ഈടാക്കുന്നവരും കൃത്യമായി മീറ്റർ പ്രകാരം മാത്രം ചാർജ് ചെയ്യുന്നവരുമായ ഡ്രൈവർമാർ ഒരുപാടുണ്ട്. കൃത്യമായ ഓട്ടോക്കൂലി അറിഞ്ഞുവെക്കുന്നത് ഒരുപരിധിവരെ തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
സാധാരണഗതിയിൽ മൂന്ന് യാത്രക്കാർക്ക് വരെയാണ് ഓട്ടോയിൽ വാടകക്ക് യാത്ര ചെയ്യാൻ സാധിക്കുക. 30 രൂപയാണ് മിനിമം ഓട്ടോക്കൂലി. ഈ മിനിമം കൂലിയിൽ ഒന്നര കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാം. ഒന്നര കിലോമീറ്ററിന് ശേഷം ഓടുന്ന ഓരോ കിലോമീറ്ററിനും 15 രൂപയാണ് അധികം നൽകേണ്ടത്.
യാത്ര തുടങ്ങിയ സ്ഥലത്ത് തന്നെ യാത്ര അവസാനിപ്പിക്കുകയാണെങ്കിൽ മീറ്ററിൽ കാണുന്ന കൂലി മാത്രം നൽകിയാൽ മതി. എന്നാൽ, ഒരു വശത്തേക്ക് മാത്രമാണ് യാത്രയെങ്കിൽ മീറ്റർ കൂലിയോടൊപ്പം, മീറ്റർ കൂലിയിൽ നിന്ന് മിനിമം കൂലി കുറച്ചുള്ള തുകയുടെ 50 ശതമാനം കൂടി അധികമായി നൽകണം. എന്നാൽ, തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട് എന്നീ കോർപറേഷൻ പ്രദേശങ്ങളിലും കണ്ണൂർ, പാലക്കാട്, കോട്ടയം ടൗണുകളിലും ഒരു വശത്തേക്കുള്ള യാത്രക്ക് മീറ്റർ ചാർജ് മാത്രം നൽകിയാൽ മതിയാകും.
രാത്രിയാണ് യാത്രയെങ്കിൽ ചാർജ് കൂടും. കേരളത്തിലെവിടെയും രാത്രി 10 മണി മുതൽ രാവിലെ അഞ്ച് മണി വരെ മീറ്റർ കൂലിയുടെ 50 ശതമാനം അധികമായി നൽകണം.
ഓട്ടോയുടെ വെയിറ്റിങ് ചാർജും യാത്രക്കാർ അറിഞ്ഞുവെക്കേണ്ടതുണ്ട്. ഓരോ 15 മിനിറ്റിനും പത്തു രൂപയാണ് നിയമപരമായ വെയിറ്റിങ് ചാർജ്. GO(P)No.14/2022/TRANS എന്ന സർക്കാർ ഉത്തരവിലൂടെയാണ് നിലവിലെ ഓട്ടോക്കൂലി നിശ്ചയിച്ചിട്ടുള്ളത്.
ഓട്ടോക്കൂലി വിശദമാക്കി എം.വി.ഡി പുറത്തിറക്കിയ വിഡിയോ കാണാം...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.