ലോകത്തിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്ന് ഇനിയില്ല; ഗാലപാഗോസ് ദ്വീപിലെ ഡാർവിന്‍റെ കമാനം തകർന്നു
text_fieldsഗാലപാഗോസ് ദ്വീപുകളിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്നായ പ്രശസ്തമായ ഡാർവിന്‍റെ കമാനത്തിന്‍റെ മുകൾ ഭാഗം കടലിൽ പതിച്ചു.
കമാനത്തിന്‍റെ മുകൾഭാഗം സമുദ്രത്തിലേക്ക് വീണ് രണ്ട് തൂണുകൾ മാത്രമായി മാറിയ വിവരം ഇക്വഡോർ പരിസ്ഥിതി മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളിലൂടെ സ്ഥിരീകരിച്ചു.
ദ്വീപസമൂഹത്തിന്‍റെ വടക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഡാർവിൻ കവാടത്തിന്‍റെ മുകൾഭാഗം പ്രകൃതി ശോഷണത്തെ തുടർന്ന് ഇടിഞ്ഞുവെന്നാണ് പരിസ്ഥിതി മന്ത്രാലയം പറയുന്നത്. ലോകപ്രശസ്ത ടൂർ കമ്പനിയായ അഗ്രസർ അഡ്വഞ്ചേഴ്സിന്‍റെ അതിഥികളിൽ ചിലർ സംഭവത്തിന് സാക്ഷിയായതായി ഫേസ്ബുക്കിൽ കുറിച്ചു.
ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞനായ ചാൾസ് ഡാർവിന്‍റെ പേരിലുള്ള 43 മീറ്റർ (141 അടി) ഉയരമുള്ള ഈ പാറരൂപീകരണം ഗാലപാഗോസ് ദ്വീപുകളുടെ വടക്കേ അറ്റത്താണ് സ്ഥിതിചെയ്യുന്നു. ഇത് സ്കൂബ ഡൈവേഴ്‌സിന്‍റെ ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നാണ്.
ഇക്വഡോറിലെ ഗാലപാഗോസ് ദ്വീപുകള്‍ മനുഷ്യചരിത്രത്തില്‍ തന്നെ ഏറെ പ്രത്യേകതകളുള്ള സ്ഥലമാണ്. 1835ല്‍ ചാള്‍സ് ഡാര്‍വിന്‍ സന്ദര്‍ശിച്ച ഇവിടം അദ്ദേഹത്തിന്‍റെ പരിണാമ സിദ്ധാന്തത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആ വർഷം അഞ്ചാഴ്ച മാത്രമാണ് അദ്ദേഹം ഇവിടെ താമസിച്ചിരുന്നതെങ്കിലും പരിണാമ സിദ്ധാന്തം വികസിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് വലുതായിരുന്നു. ഗാലപാഗോസ് ദ്വീപുകളെ കുറിച്ച് ഡാര്‍വിന്‍റെ പരിണാമത്തെ കുറിച്ചുള്ള 'ഒറിജിന്‍ ഓഫ് സ്പീഷീസി'ല്‍ പരാമര്‍ശിക്കുന്നുണ്ട്.
സഞ്ചാര പ്രിയർ ഒരിക്കലെങ്കിലും യാത്ര പോയിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ഗാലപഗോസ് ദ്വീപുകള്‍. തെക്കേ അമേരിക്കയിലെ ഇക്വഡോറില്‍ നിന്നും 600 മൈല്‍ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപസമൂഹം 19 ദ്വീപുകളുടെ ഒരു കൂട്ടമാണ്.
ദ്വീപ്സമൂഹത്തിൽ 13 എണ്ണം വലുതും ആറെണ്ണം ചെറുതുമാണ്. വര്‍ഷം മുഴുവന്‍ കാണാൻ കഴിയുന്ന പ്രസന്നമായ കാലാവസ്ഥയാണ് ഈ ദ്വീപിന്‍റെ ഒരു പ്രത്യേകത. ഇവിടുത്തെ ജൈവവൈവിധ്യവും പ്രകൃതി സൗന്ദര്യവും സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു. ലോകത്തിലെ മനോഹരങ്ങളായ ബീച്ചുകള്‍ സ്ഥിതി ചെയ്യുന്ന ഗാലപഗോസ് ദ്വീപുകളിലേക്ക് വർഷാവർഷം നിരവധിയാളുകളാണ് ഉല്ലാസത്തിനായി എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.