ഡിസംബറെത്തി; സഞ്ചാരികളുടെ തിരക്കിലമരാനൊരുങ്ങി മൂന്നാർ, വാഗമൺ, മറയൂർ, കാന്തല്ലൂർ...
text_fieldsതൊടുപുഴ: ഡിസംബറിലേക്ക് കാലെടുത്ത് വെച്ചതോടെ സഞ്ചാരികളെ മാടി വിളിക്കുകയാണ് ഇടുക്കി. സഞ്ചാരികൾക്കായി ജില്ലയിലെ മിക്ക ടൂറിസം കേന്ദ്രങ്ങളും അണിഞ്ഞൊരുങ്ങുകയാണ്.
ഡിസംബർ, ജനുവരി മാസങ്ങൾ ഇടുക്കിയെ സംബന്ധിച്ച് വിനോദ സഞ്ചാര സീസണാണ്. മഞ്ഞും മലനിരകളും വെള്ളച്ചാട്ടങ്ങളുമൊക്കെയായി അതിമനോഹരിയായി നിൽക്കുന്ന ഇടുക്കിയിലേക്ക് ഒട്ടേറെ സഞ്ചാരികളാണ് ഈ സമയങ്ങളിൽ പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാൻ എത്തിച്ചേരുന്നത്.
മൂന്നാർ, വാഗമൺ അടക്കം പല മേഖലകളിലും തണുപ്പ് തുടങ്ങിയതോടെ ഇനിയുള്ള മൂന്ന് മാസക്കാലം ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കായിരിക്കും. റിസോർട്ടുകളും ചെറുകിട ടൂറിസ്റ്റ് ഹോമുകളും ഹോം സ്റ്റേകളുമെല്ലാം തിരക്കിലാകും.
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മറയൂർ, കാന്തല്ലൂർ മേഖലകളിലേക്ക് ഇപ്പോൾ തന്നെ സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ഡിസംബർ പകുതിയാകുന്നതോടെ തിരക്ക് ഇരട്ടിയാകും.
രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് അവാർഡ് പ്രഖ്യാപനത്തിന്റെ ഭാഗമായും കാന്തല്ലൂരിലേക്ക് വിനോദസഞ്ചാരികൾ കൂടുതലായി എത്തിച്ചേരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നല്ല തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വാഗമൺ, മൂന്നാർ, തേക്കടിയടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും പതിവ് പോലെ തിരക്കിലമരും.
ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള തേയില എസ്റ്റേറ്റും ഫാക്ടറിയും സ്ഥിതി ചെയ്യുന്ന കൊളുക്കുമലയിലെ സൂര്യോദയ കാഴ്ചകൾ ആസ്വദിക്കാനും സഞ്ചാരികൾ എത്തുന്നുണ്ട്. ജില്ലയിൽ ഡി.ടി.പി.സിയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം തന്നെ സഞ്ചാരികൾ എത്തുന്നതിന്റെ ഭാഗമായി അറ്റകുറ്റപ്പണികൾ നടത്തിയും അലങ്കാരങ്ങൾ ചെയ്തും മനോഹരമാക്കുന്നുണ്ട്. പത്തോളം പദ്ധതികൾ അടുത്ത സാമ്പത്തിക വർഷത്തിലേക്ക് വെച്ചിട്ടുണ്ട്.
വാഗമണിൽ ഒട്ടേറെ ജോലികൾ നടക്കുകയാണ്. ആറ് മാസത്തിനുള്ളിൽ വാഗമണിൽ വലിയ തോതിലുള്ള പദ്ധതികൾ വരും. പാഞ്ചാലിമേട്ടിൽ ബോട്ടിങ്ങും സ്വിപ് ലൈനുമടക്കമുള്ള ജോലികൾ പുരോഗമിക്കുകയാണെന്നും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ പറഞ്ഞു.
മനംകവർന്ന് ജലപാതങ്ങൾ
അടിമാലി: ഇക്കുറി കാലവർഷം ദുർബലമായിരുന്നെങ്കിലും തുലാം വൃശ്ചിക മാസങ്ങളിൽ മഴ ശക്തിയായത് മൂലം ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ സജീവമായി.
മൂന്നാറിന്റെ പ്രവേശന കവാടത്തിലായതും ദേശീയ പാതക്ക് അരികിലായതും മൂലം ദിവസവും നൂറ് കണക്കിന് സഞ്ചാരികളാണ് വെള്ളച്ചാട്ടം ആസ്വദിക്കാൻ എത്തുന്നത്. എന്നാൽ, വിശ്രമിക്കുന്നതിനോ വെളളച്ചാട്ടം കണ്ട് അസ്വദിക്കുന്നതിനോ മതിയായ സംവിധാനങ്ങൾ ഇവിടെയില്ല.
ദേശീയപാതയിൽ നേര്യമംഗലം വനമേഖലയിലാണ് ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്നത്. മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഇടത്താവളമായിട്ടാണ് വെള്ളച്ചാട്ടങ്ങളും അറിയപ്പെടുന്നത്. വർഷകാലത്താണ് ജലപാതങ്ങൾ കൂടുതൽ സജീവമാകുന്നത്.
കടുത്ത വേനലിൽ നീരൊഴുക്ക് നിലച്ച് വെള്ളച്ചാട്ടങ്ങൾ അപ്രത്യക്ഷമാകുമെങ്കിലും അനവധി സഞ്ചാരികൾ വേനൽക്കാലത്തും ഇവിടെയെത്താറുണ്ടെന്നത് പ്രത്യേകതയാണ്. വെള്ളച്ചാട്ടങ്ങൾക്കു സമീപം ഗാലറികൾ നിർമിച്ചു മോടിപിടിപ്പിക്കുന്നതിനും സൗകര്യങ്ങളുടെ വികസനത്തിനും വിനോദസഞ്ചാര വകുപ്പ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
ചീയപ്പാറ വെള്ളച്ചാട്ടം ദേശീയപാതയെ തൊട്ടുരുമ്മിയാണ് നിലകൊള്ളുന്നത്. ഇതുകൊണ്ട് തന്നെ ഇവിടെയെത്തുന്ന സഞ്ചാരികൾ വെള്ളച്ചാട്ടത്തിനരികെ നിന്ന് ചിത്രങ്ങൾ പകർത്തുന്നതിനും മറ്റും ഏറെ സമയം ചെലവഴിക്കാറുണ്ട് . വർഷകാലങ്ങളിൽ വൻ തോതിലുള്ള വെള്ളമൊഴുക്കാണ് ഇവിടെയുള്ളത്.
വെള്ളച്ചാട്ടം വിസ്മയ കാഴ്ചയാണ് സമ്മാനിക്കുന്നതെങ്കിലും പാതയോരത്ത് നിന്ന് ചിത്രങ്ങൾ പകർത്താനെത്തുന്നവരുടെ തിരക്ക് ഏറെയാണ്. അതേ സമയം വിദേശികൾ ഉൾപ്പെടെ സാഹസികർ പാറക്കെട്ടുകളിലൂടെ ഇറങ്ങി വെള്ളച്ചാട്ടത്തിന് താഴ്ഭാഗത്തേക്ക്പോകുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
വാഗമൺ ‘ചില്ലാണ് ’; പക്ഷേ, കുരുക്കഴിക്കണം
പീരുമേട്: വാഗമൺ ഗ്ലാസ് പാലം കൂടി തുറന്ന് കൊടുത്തതോടെ സഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഞായർ ഉൾപ്പെടെ അവധി ദിവസങ്ങളിൽ 3000 ത്തിൽപ്പരം ആളുകളാണ് ഇവിടെ എത്തുന്നത്. സാധാരണ ദിവസങ്ങളിൽ ആയിരത്തോളംപേരും.
ചില്ല് പാലം വന്നതോടെ അവധി ദിവസങ്ങളിലെല്ലാം വാഗമൺ സഞ്ചാരികളെ കൊണ്ട് നിറഞ്ഞു കവിയുകയാണ്. ദീപാവലി അവധിക്കും കൂടുതൽ സഞ്ചാരികളെത്തിയത് വാഗമണ്ണിലാണ്. അഡ്വഞ്ചർ പാർക്കിലും നല്ല തിരക്കുണ്ട്. വാഗമണ്ണിലെത്തുന്നവരിലേറെയും പാഞ്ചാലിമേട്ടിലും പോകാറുണ്ട്. മൂവായിരത്തോളം സഞ്ചാരികളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പാഞ്ചാലിമേട്ടിലെത്തിയത്.
പുളളിക്കാനം -മുതൽ ഏലപ്പാറ വരെ ഒറ്റവരി പാതയായ ഇടുങ്ങിയ റോഡായതിനാൽ ഗതാഗതക്കുരുക്ക് പതിവാണ്. എതിർദിശയിൽ നിന്ന് വാഹനങ്ങൾ എത്തുമ്പോൾ കൊടുംവളവുകളിൽ ഗതാഗത തടസം പതിവാണ്. സഞ്ചാരികളുടെ എണ്ണവും വാഹനപ്പെരുപ്പവും വർധിച്ചിട്ടും റോഡിന്റെ വീതി കൂട്ടാൻ നടപടി ഉണ്ടായിട്ടില്ല.
വാഗമൺ ടൗണും ഗതാഗത തടസത്തിൽ വീർപ്പ് മുട്ടുന്നു. റോഡിന്റെ ഇരുവശങ്ങളിലുമാണ് പാർക്കിങ്. ബസ് സ്റ്റാൻഡ് ഇല്ലാത്തതിനാൽ സർവീസ് നടത്തുന്ന ബസുകളും റോഡ് വക്കിലാണ് പാർക്ക് ചെയ്യുന്നത്. വാഗമണ്ണിൽ എത്തുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിന് സൗകര്യമില്ല. കംഫർട്ട് സ്റ്റേഷൻ ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് പ്രവർത്തിക്കുന്നത്.
വെള്ളത്തിന്റെ അഭാവം പ്രവർത്തനത്തെ ബാധിക്കുന്നു. സഞ്ചാരികളുടെ ബാഹുല്യത്തിനനുസരിച്ചുള്ള കംഫർട്ട് സ്റ്റേഷൻ ഗ്ലാസ് പാലത്തിനും സമീപമില്ല. നാമമാത്രമായ സൗകര്യമില്ലാത്തതിനാൽ ക്യൂ നിന്നാണ് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നത്. വാഗമൺ അന്തർദേശീയ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ച് വർഷങ്ങൾ പിന്നിടുമ്പോഴും സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.