കരങ്ങള്‍ മാറിയിട്ടും മുഖം മാറാതെ എയര്‍ഇന്ത്യ യാത്രക്കാരെ വലക്കുന്നു
text_fieldsശംഖുംമുഖം: കരങ്ങള്‍ മാറിയിട്ടും മുഖം മാറാതെ എയര്‍ഇന്ത്യ യാത്രക്കാരെ വലക്കുന്നതായി പരാതി. എയര്‍ഇന്ത്യയുടെ ഉടമസ്ഥാവകാശം ടാറ്റയുടെ കൈകളിലേക്ക് മാറിയതോടെ കാര്യങ്ങള്‍ വേഗം ഉണ്ടാകുമെന്ന് യാത്രക്കാര്‍ വിശ്വസിച്ചിരുന്നു. എയര്‍ഇന്ത്യക്കും എക്സ്പ്രസിനും ഗള്‍ഫ് സെക്ടറിലേക്ക് എറ്റവും കൂടുതല്‍ യാത്രക്കാരുള്ളത് കേരളത്തില്‍ നിന്നാണ്.
എന്നാല്‍, കേരളത്തിലെ യാത്രക്കാരോടുള്ള അവഗണന എയര്‍ഇന്ത്യ ഇപ്പോഴും തുടുരുക തന്നെ ചെയ്യുന്നു. എയര്‍ഇന്ത്യയുടെ റദ്ദാക്കിയ വിമാനങ്ങളില്‍ ടിക്കറ്റെടുത്തവര്‍ക്ക് മാസങ്ങള്‍ പിന്നിട്ടിട്ടും പകരം ടിക്കറ്റോ റീഫണ്ടോ നല്‍കുന്നില്ലെന്ന് പരാതിയുണ്ട്. കോവിഡ് കാലത്ത് വിവിധ കാരണങ്ങളാല്‍ വിമാനങ്ങള്‍ റദ്ദാക്കിയപ്പോള്‍ തുക മടക്കിക്കൊടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതുണ്ടായില്ല. തവണ വ്യവസ്ഥയില്‍ പണം മടക്കി നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. മറ്റെല്ലാ വിമാന കമ്പനികളും പണം തിരികെ നല്‍കി.
എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ശരാശരി പ്രായം 14 വര്‍ഷമാണ്. എന്നാല്‍ 21 വര്‍ഷം വരെ പഴക്കമുള്ള മുത്തശ്ശി വിമാനങ്ങളാണ് എയര്‍ഇന്ത്യ കേരളത്തിലെ യാത്രക്കാര്‍ക്കായി ഉപയോഗിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ യന്ത്രത്തകരാറും പഴക്കവുംമൂലം 189ലധികം സര്‍വിസുകൾ റദ്ദാക്കി. എയര്‍ഇന്ത്യ എക്പ്രസിന്‍റെ വിമാനങ്ങള്‍ ഏറ്റവും കൂടുതല്‍ തിരിച്ചിറങ്ങുന്നതും ഇടിച്ചിറങ്ങുന്നതും കേരളത്തിലാണ്. രാജ്യത്തിെൻറ മറ്റ് വിമാനത്താവളങ്ങളില്‍ വര്‍ഷങ്ങളോളം സര്‍വിസ് നടത്തി പഴക്കം വരുന്ന വിമാനങ്ങളെയാണ് സംസ്ഥാന സെക്ടറില്‍ പറക്കലിനായി നല്‍കിയിരിക്കുന്നത്.
ടാറ്റയുടെ കരങ്ങളിലേക്ക് എയര്‍ഇന്ത്യ എത്തിയെങ്കിലും കാര്യങ്ങള്‍ പഴയപടിക്ക് തന്നെ പോകട്ടേയെന്നാണ് ടാറ്റയുടെയും തീരുമാനം. എട്ട് വര്‍ഷം പിന്നിട്ട എയര്‍ക്രാഫ്റ്റുകള്‍ പൂർണമായും എ.ജി.എസ് ചെക്കിങ് നടത്തിയ ശേഷം മാത്രമേ സര്‍വിസ് നടത്താവൂ. എന്നാല്‍, പത്ത് വര്‍ഷം പിന്നിട്ടവ പോലും ചെക്കിങ് ഇല്ലാതെയാണ് കേളത്തിെൻറ സെക്ടറില്‍ പറക്കുന്നത്. കരിപ്പൂര്‍ വിമാനദുരന്തത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യക്തമായി സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരുവിമാനം പൂര്‍ണമായും ചെക്കിങ് നടത്താന്‍ രണ്ട് മാസത്തില്‍ കൂടുതല്‍ സമയമെടുക്കും. ഇത് ഷെഡ്യൂളുകളെ ബാധിക്കുമെന്നത് കണക്കിലെടുത്താണ് എക്സ്പ്രസ് ഇതിന് തയാറാകാത്തത്.
ഇതിനുപുറമേ സമയം ലാഭിക്കാനായി, പറക്കുന്നതിനുമുമ്പ് വിമാനങ്ങളുടെ സങ്കേതിക പരിശോധനകളില്‍ അയവ് വരുത്തിയിട്ടുണ്ട്. ഓരോതവണയും പറന്നുയരുന്നതിന് അന്താരാഷ്ട്ര ചട്ടപ്രകാരമുള്ള എൻജിനീയറിങ് പരിശോധനകള്‍ക്ക് അരമണിക്കൂറിലേറെ സമയം വേണം. എന്നാല്‍ എക്സ്പ്രസ് വിമാനങ്ങള്‍ ഇത് പലപ്പോഴും കൃത്യമായി പാലിക്കാറില്ല. സര്‍വിസുകളില്‍ ഉണ്ടാകുന്ന സമയക്കുറവ് പരിഹരിക്കാനാണ് പേരിന് മാത്രം പരിശോധന നടത്തി എയര്‍ഇന്ത്യ അടുത്ത പറക്കലിന് ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.