എങ്ങുമെത്താതെ വികസന പദ്ധതികൾ, ഉപയോഗ ശൂന്യമായി ബോട്ടുജെട്ടി; സാൻഡ് ബാങ്ക്സ് ഇങ്ങനെ മതിയോ
text_fieldsവടകര: വിനോദ സഞ്ചാരികളുടെ പറുദീസയാവേണ്ട സാൻഡ് ബാങ്ക്സിന്റെ വികസനം എങ്ങുമെത്തുന്നില്ല. സർക്കാർ ഗ്രീൻ കാർപെറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം തുടങ്ങിയ സാൻഡ് ബാങ്ക്സ് പ്രവൃത്തി പലതും പാതിവഴിയിലും പൂർത്തീകരിച്ചത് ഉപയോഗശൂന്യവുമാണ്. നിരവധിപേരാണ് ദിനം പ്രതി സാൻഡ് ബാങ്ക്സിന്റെ മനോഹാരിത നുകരാൻ എത്തിച്ചേരുന്നത് എന്നാൽ വിനോദ സഞ്ചാരികൾക്ക് മികച്ച സൗകര്യമൊരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
നടപ്പാതകൾ ലാൻഡ്സ്കേപ്പിങ്, ബോട്ടുജെട്ടി നിർമാണം, ശുചിമുറി, ജലവിതരണം, ഓപൺ ജിം, നടപ്പാതകൾ, വെളിച്ച സംവിധാനമുൾപ്പെടെ ബൃഹത്തായപദ്ധതികളാണ് വിഭാവനം ചെയ്തത്.
ഡി.ടി.പി.സി യുടെ മേൽനോട്ടത്തിൽ നടന്ന നിർമാണ പ്രവർത്തനങ്ങൾ പലതും പേരിലൊതുങ്ങി. സംസ്ഥാന സർക്കാർ നിർമാണ പ്രവർത്തനങ്ങൾക്കായി 2,26,98,818 (രണ്ടു കോടി ഇരുപത്തിയാറു ലക്ഷത്തി തൊണ്ണൂറ്റി എണ്ണായിരത്തി എണ്ണൂറ്റി പതിനെട്ടു രൂപ) രൂപയാണ് അനുവദിച്ചത് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ നവീകരണ പ്രവർത്തനങ്ങൾ ഏതാനും പ്രവൃത്തികളിൽ ഒതുങ്ങിയിരിക്കുകയാണ്.
വിനോദ സഞ്ചാരമേഖലക്ക് ഫണ്ട് വാരിക്കോരി ചെലവഴിച്ചപ്പോൾ അനുവദിച്ച ഫണ്ട് സാൻഡ്ബാങ്ക്സിൽ എവിടെ ചെലവഴിച്ചുവെന്നത് ചോദ്യചിഹ്നമായി മാറിയിട്ടുണ്ട്. ടൈൽ പാകി നവീകരിച്ചതൊഴിച്ചാൽ പറയത്തക്ക വികസനമൊന്നും സാൻഡ്ബാങ്ക്സിൽ നടന്നിട്ടില്ല.
ലക്ഷങ്ങൾ മുടക്കി സാൻഡ്ബാങ്ക്സിൽ നിർമിച്ച ബോട്ടുജെട്ടി സർവിസിന് അനുയോജ്യമല്ലെന്ന് നിർമാണ സമയത്ത് ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റ്യാടിപ്പുഴയും കടലും സംഗമിക്കുന്ന ഭാഗത്താണ് ബോട്ടുജെട്ടി .
ആഴമേറിയ ഈ ഭാഗത്ത് ശക്തമായ അടിയൊഴുക്ക് നില നിൽക്കുന്നത് കൊണ്ട് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഡി.ടി.പി.സി ഇവിടെ ബോട്ടുജെട്ടി നിർമാണവുമായി മുന്നോട്ടു പോകുമ്പോൾ നാട്ടുകാരും പരമ്പരാഗത മത്സ്യതൊഴിലാളികളും ആശങ്ക പങ്ക് വെച്ചെങ്കിലും അധികൃതർ മുഖവിലക്കെടുക്കാതെ നിർമാണവുമായി മുന്നോട്ട് പോകുകയാണുണ്ടായത്.
കഴിഞ്ഞ കാലവർഷത്തിൽ ബോട്ടുജെട്ടി നിർമാണം അവസാനഘട്ടത്തിലെത്തി നിൽക്കെ തകരുകയുണ്ടായി. വീണ്ടും കൂട്ടിക്കെട്ടി യോജിപ്പിച്ചെങ്കിലും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ലക്ഷങ്ങളാണ് ബോട്ടുജെട്ടി നിർമാണത്തിലൂടെ പാഴാക്കിയത്. നിർമാണം പൂർത്തിയായ റസ്റ്റാറന്റ് ഉൾപ്പെടെയുള്ള കെട്ടിടം അനാഥമായി കിടക്കുകയാണ്. ടൂറിസത്തിന്റെ മറവിൽ ലക്ഷങ്ങൾ നശിപ്പിച്ചതിന്റെ നേർക്കാഴ്ചയായി സാൻഡ്ബാങ്ക്സ് മാറിയിട്ടും ആരും തിരിഞ്ഞു നോക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.