Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2025 4:44 PMUpdated On
date_range 24 March 2025 4:44 PM'വിമാന ടിക്കറ്റിന് കാശു വാങ്ങിയാൽ മാത്രം പോര; യാത്രക്കാരന്റെ അവകാശം പറഞ്ഞുകൊടുക്കണം'
text_fieldsbookmark_border
ന്യൂഡൽഹി: ടിക്കറ്റുകൾക്കൊപ്പം തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് വിശദമാക്കുന്ന വെബ്പേജ് ലിങ്ക് യാത്രക്കാർക്ക് ലഭ്യമാക്കണമെന്ന് വിമാനക്കമ്പനികളോട് നിർദേശിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). ടിക്കറ്റ് ബുക്ക് ചെയ്തുകഴിഞ്ഞാൽ, സിവിൽ ഏവിയേഷൻ മന്ത്രാലയം നൽകുന്ന പാസഞ്ചർ ചാർട്ടറിലേക്കുള്ള ലിങ്ക് എസ്.എം.എസ് വഴിയോ വാട്സ്ആപ് വഴിയോ യാത്രക്കാർക്ക് ലഭ്യമാക്കണം. ഈ വിവരങ്ങൾ എയർലൈൻ ടിക്കറ്റുകളിലും വെബ്‌സൈറ്റുകളിലും വ്യക്തമായി പ്രദർശിപ്പിക്കുകയും വേണം.
യാത്രക്കാർ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാണെന്ന് ഉറപ്പാക്കണമെന്നും ഡി.ജി.സി.എ നിർദേശത്തിൽ പറയുന്നു. ഡൽഹി വിമാനത്താവളത്തിൽ 83കാരിക്ക് വീൽ ചെയർ കിട്ടാത്ത സംഭവത്തിന്റെ വെളിച്ചത്തിലാണ് നടപടി.
യാത്രക്കാരുടെ 10 അവകാശങ്ങൾ
- ഫ്ലൈറ്റ് റദ്ദാക്കൽ: ഷെഡ്യൂൾ ചെയ്ത സമയത്തിന് രണ്ടാഴ്ചക്കുള്ളിൽ, പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പുവരെ സർവിസ് റദ്ദാക്കിയാൽ ബദൽ വിമാനമോ ടിക്കറ്റ് നിരക്ക് മുഴുവനായി തിരിച്ചുനൽകുകയോ വേണം.
- യാത്ര നിഷേധിക്കപ്പെട്ടാൽ: സാധുവായ ടിക്കറ്റുണ്ടായിട്ടും കൃത്യസമയത്ത് ചെക്ക് ഇൻ ചെയ്തിട്ടും യാത്ര നിഷേധിക്കപ്പെട്ടാൽ, ഒരു മണിക്കൂറിനുള്ളിൽ ബദൽ വിമാനം നൽകിയില്ലെങ്കിൽ എയർലൈൻ നഷ്ടപരിഹാരം നൽകണം.
- വിമാന കാലതാമസം: വിമാനം ആറ് മണിക്കൂറിൽ കൂടുതൽ വൈകിയാൽ, യാത്രക്കാരെ മുൻകൂട്ടി അറിയിക്കുകയും മറ്റൊരു വിമാനത്തിനുള്ള ഓപ്ഷൻ നൽകുകയോ മുഴുവൻ തുക തിരികെ നൽകുകയോ വേണം. 24 മണിക്കൂറിൽ കൂടുതൽ കാലതാമസം ഉണ്ടായാൽ, യാത്രക്കാർക്ക് സൗജന്യ താമസം നൽകണം.
- ബാഗേജുകൾ: നഷ്ടപ്പെട്ട ബാഗേജിന് കിലോഗ്രാമിന് 3000 രൂപയും, വൈകിയതോ കേടുവന്നതോ ആയ ബാഗേജിന് കിലോഗ്രാമിന് 1000 രൂപയുമാണ് നഷ്ടപരിഹാരം.
- മരണം, പരിക്ക്: വിമാന അപകടത്തിൽ യാത്രക്കാരൻ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്താൽ എയർലൈനുകൾ 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകണം.
- ഭിന്നശേഷി യാത്രക്കാരുടെ അവകാശങ്ങൾ: ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് വീൽചെയറടക്കം സഹായം സൗജന്യമായി നൽകാൻ എയർലൈനുകൾ ബാധ്യസ്ഥരാണ്.
- പണം മടക്കി നൽകൽ: ഫ്ലൈറ്റ് റദ്ദാക്കിയാൽ ക്രെഡിറ്റ് കാർഡ് പേമെന്റുകൾക്ക് ഏഴ് ദിവസത്തിലും നേരിട്ടുള്ള പേമെന്റുകൾക്ക് 30 ദിവസത്തിലും പൂർണമായും പണം തിരിച്ചുനൽകണം.
- വിമാന കാലതാമസത്തിന് സൗജന്യ ഭക്ഷണം: ആഭ്യന്തര വിമാനങ്ങൾ രണ്ടുമണിക്കൂറിൽ കൂടുതലോ അന്താരാഷ്ട്ര വിമാനങ്ങൾ നാലുമണിക്കൂറിൽ കൂടുതലോ വൈകിയാൽ, എയർലൈൻ ലഘു ഭക്ഷണവും സൗജന്യ ഭക്ഷണവും നൽകേണ്ടതുണ്ട്.
- വിമാനം വഴിതിരിച്ചുവിടുമ്പോൾ: വിമാനം മറ്റൊരു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയും ആറ് മണിക്കൂറിനകം യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയാതിരിക്കുകയും ചെയ്താൽ, ബദൽ യാത്രാ ക്രമീകരണങ്ങളോ മുഴുവൻ പണവും തിരികെ നൽകുകയോ ചെയ്യണം.
- നിരക്കുകളിലെ സുതാര്യത: വിമാന കമ്പനികൾ എല്ലാ നികുതികളും ഫീസുകളും ഉൾപ്പെടെയുള്ള ടിക്കറ്റ് നിരക്ക് പ്രദർശിപ്പിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story