പ്രേത ടൂറിനുണ്ടോ?
text_fieldsറുമാനിയയിലെ ട്രാൻസിലവാനിയയിലുള്ള, ഡാക്കുള പ്രഭുവിന്റെ കോട്ടയായ ബ്രാൻ കാസിൽ
എത്ര പേടിയുണ്ടെങ്കിലും പ്രേതകഥകൾ കേൾക്കാൻ നമുക്ക് ഇഷ്ടം തന്നെയാണ്. അതൊരു ത്രില്ലാണ്. അതേ ത്രില്ലിന്റെ ഒരു പ്രോ വേർഷനാണ് ഗോസ്റ്റ് ടൂറിസം. റുമാനിയയിലെ കാർപാത്യൻ മലനിരകളിൽ ചോരയൂറ്റിക്കുടിക്കുന്ന ഡ്രാക്കുള പ്രഭുവിന്റെ കോട്ട മാത്രമല്ല, ലോകത്തങ്ങോളം ഒട്ടേറെ നിഗൂഢ നാടുകളും കെട്ടിടങ്ങളുമെല്ലാം ഇന്ന് ഗോസ്റ്റ് ടൂറിസം എന്ന പാരാനോർമൽ ടൂറിസം അഥവാ പ്രേതസഞ്ചാരത്തിന്റെ ഇഷ്ട കേന്ദ്രങ്ങളാണ്. ഭയം സൃഷ്ടിച്ച കൗതുകവുമായി ആളുകൾ ഇത്തരം പ്രേതനഗരങ്ങൾ സഞ്ചരിച്ച്, സാഹസികതയുടെ പുതിയ ഭാവങ്ങൾ ആസ്വദിക്കുന്നത് ഇന്ന് വർധിച്ചിരിക്കുന്നു.
എന്താണ് പാരാനോർമൽ ടൂറിസം ?
അജ്ഞാതമായതിനെക്കുറിച്ചുള്ള കൗതുകത്തിൽ, നിഗൂഢതകള്‍ നിറഞ്ഞിരിക്കുന്ന സ്ഥലം സന്ദര്‍ശിക്കുന്നതാണ് പാരാനോർമൽ ടൂറിസം. അസാധാരണമായ വീടുകൾ, അല്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ട പട്ടണങ്ങൾ പോലുള്ളവ സന്ദശിക്കുകയും ഇവിടങ്ങളിൽ രാത്രി താമസിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. ഗോസ്റ്റ് ടൂറിസം പണ്ടുതൊട്ടേയുണ്ട്. വാണിജ്യ സംരംഭമെന്ന നിലയില്‍ 20ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ശ്രദ്ധ നേടാന്‍ തുടങ്ങിയത്. ഈ ടൂറുകള്‍ പലപ്പോഴും കോട്ടകള്‍, ജയിലുകള്‍, സെമിത്തേരികള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഉണ്ടാവാറ്. അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയല്ല, അത്തരം വിശ്വാസങ്ങളുടെ പൊള്ളത്തം നീക്കി ശാസ്ത്രീയമായി കാര്യങ്ങൾ മനസ്സിലാക്കുകയാണ് പാരാനോർമൽ ടൂറിസത്തിന്റെ ഒരു ലക്ഷ്യമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. അമേരിക്കയിലും യു.കെയിലുമാണ് പാരാനോർമൽ ടൂറിസത്തിന് ഏറെ പ്രചാരം. അമേരിക്കയിലെ കോളറാഡോയിലെ സ്റ്റാൻലി ഹോട്ടൽ പാരാനോർമൽ ടൂറിസത്തിന് പേരുകേട്ടതാണ്.
സ്റ്റീഫൻ കിങ്ങിന്റെ ‘ദ ഷൈനിങ്’ എന്ന പുസ്തകത്തിന്റെ പ്രചോദനമുൾക്കൊണ്ടാണ് ഇതു പണികഴിപ്പിച്ചിട്ടുള്ളത്. യു.കെയിലെ നോർത്ത് ബെർലാൻഡിലെ ചില്ലിങ്ഹാം കാസിലാണ് മറ്റൊരു പ്രധാന പാരാനോർമൽ ടൂറിസം സ്പോട്ട്.
ഇന്ത്യയിൽ പാരാനോർമൽ ടൂറിസം
രാജസ്ഥാനിലെ ബാഗ്ര ഫോർട്ട്, കുൽധാര വില്ലേജ്, കുർസോങ് ഡോ ഹിൽ എന്നിവ പാരാനോർമൽ സാഹസികരുടെ പട്ടികയിൽപെട്ട സ്ഥലങ്ങളാണ്. പടിഞ്ഞാറൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ ഈ ടൂറിസം വികസിച്ചുവരുന്നതേയുള്ളൂ. പ്രാദേശിക ഐതിഹ്യങ്ങൾ, പുരാണ, ആത്മീയ ആചാരങ്ങൾ എന്നിവയുടെ സമ്പന്നമായ പാരമ്പര്യമുള്ള ഗ്രാമീണ ഇന്ത്യയിൽ ഇതിന് ഏറെ സാധ്യതയുണ്ട്. കേരളത്തിലെ തെയ്യവും അതുപോലെ മറ്റു പ്രദേശങ്ങളിലെ കോലങ്ങളും ഇത്തരം ടൂറിസം സർക്യൂട്ടിൽ പെടുത്താവുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.