കൊടുമുടിയിൽനിന്നൊരു സ്വപ്നം ഓട്ടോ പിടിച്ച് കശ്മീരിലേക്ക്
text_fieldsവളാഞ്ചേരി: ജില്ല അതിർത്തിയായ കൊടുമുടിയിൽ തുടങ്ങിയ ഓട്ടോയിൽ മൂവർ സംഘമെത്തിനിൽക്കുന്നത് രാജ്യത്തിന്റെ അങ്ങേയറ്റമായ കശ്മീർ താഴ്വരയിൽ. കൊടുമുടി പോക്കാട്ടുകുഴി സ്വദേശികളായ ഹരിശങ്കറും ശ്യാംപ്രസാദുമാണ് കൊടുമുടിയിൽനിന്നും ഓട്ടോയിൽ യാത്ര തുടങ്ങിയത്. സുഹൃത്തായ മനു ജോലിസ്ഥലമായ ബംഗളൂരുവിൽനിന്ന് സുഹൃത്തുക്കളോടൊപ്പം ചേർന്നു.
ശീതക്കാറ്റും കോടമഞ്ഞും കൊടുംവെയിലും പിന്നിട്ട് ഇന്ത്യയുടെ വൈവിധ്യം പൂർണമായും അനുഭവിച്ചാണ് മൂവർസംഘം കേരള ടു കാശ്മീർ യാത്രയുടെ ഒരു പുറം പൂർത്തീകരിച്ചത്. തിരിച്ചുള്ള യാത്ര ബുധനാഴ്ച ആരംഭിക്കും. ഒമ്പത് ദിവസം കൊണ്ട് കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങൾ പിന്നിട്ടാണ് ഓട്ടോറിക്ഷ കശ്മീർ തൊട്ടത്. 3177 കിലോമീറ്ററാണ് മൂവർ സംഘം മുച്ചക്രവാഹനത്തിൽ താണ്ടിയത്. നവംബർ 27ന് ആരംഭിച്ച യാത്രയിൽ മൂന്ന് പേരും സാരഥികളായി. രാത്രിയിൽ ഏറെ വൈകിയാണ് വിശ്രമത്തിന് സമയം കണ്ടെത്തിയത്.
സ്വയം പാചകവും സൗകര്യമുള്ള സ്ഥലങ്ങളിൽ ടെന്റ് കെട്ടി വിശ്രമവും. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ രാത്രിയിൽ റോഡരികിലെ വിശ്രമത്തിന് പ്രയാസമുണ്ടായതൊഴിച്ചുനിർത്തിയാൽ തടസ്സമൊന്നും ഉണ്ടായില്ലെന്ന് മൂവരും പറയുന്നു. എക്സ്പ്രെസ്സ് ഹൈവേകളിൽ ഓട്ടോക്ക് പ്രവേശനം ഇല്ലാത്തതിനാൽ സർവിസ് റോഡുകളെയാണ് ആശ്രയിച്ചത്. കൂലിത്തൊഴിലാളികളായ മൂവരുടെയും സ്വപ്നമാണ് പൂവണിഞ്ഞത്. ലഡാക്കായിരുന്നു ലക്ഷ്യമെങ്കിലും മഞ്ഞുവീഴ്ചയും സുരക്ഷാപ്രശ്നവും കാരണം കശ്മീർ അതിർത്തിയിൽത്തന്നെ തിരിക്കേണ്ടി വന്നു. ഇനി മണാലി വഴി നാട്ടിലേക്ക് മടക്കം.
ഉത്സവാന്തരീക്ഷത്തിലാണ് കൊടുമുടിയിൽനിന്ന് നാട്ടുകാർ യാത്രയാക്കിയത്. മുൻ ഇന്ത്യൻ ഫുട്ബാൾ താരവും എം.എസ്.പി അസിസ്റ്റന്റ് കമാണ്ടന്റുമായ പി. ഹബീബ് റഹ്മാനാണ് യാത്ര ഫ്ലാഗ്ഓഫ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.