ഗോവൻ ബീച്ചുകളിൽ മദ്യപാനം ഇനി ഹാനികരം; പിടിക്കപ്പെട്ടാൽ വലിയ വില നൽകേണ്ടി വരും
text_fieldsഗോവൻ ബീച്ചുകളിൽ സഞ്ചാരികൾ മദ്യപിച്ച് കുപ്പികൾ അലക്ഷ്യമായി വലിച്ചെറിയുന്നത് പതിവായതോടെ നടപടിക്കൊരുങ്ങി അധികൃതർ. ബീച്ചുകളിൽ മദ്യപിച്ചാൽ 10,000 രൂപ വരെ പിഴ ചുമത്താൻ ഗോവ ടൂറിസം വകുപ്പ് തീരുമാനിച്ചു.
പുതുവത്സരാഘോഷത്തിന് ശേഷം നിരവധി ബീച്ചുകൾ മദ്യക്കുപ്പികളാൽ നിറഞ്ഞതോടെയാണ് പുതിയ നീക്കം. ബീച്ചുകളിൽ മദ്യപിക്കുന്നതിനെതിരെ ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. മദ്യപിക്കുന്നത് കണ്ടെത്തിയാൽ വ്യക്തിക്ക് 2000 രൂപ പിഴ ഈടാക്കും. അതേസമയം, ഒരുകൂട്ടം ആളുകൾ ചേർന്നാണ് മദ്യപിക്കുന്നതെങ്കിൽ 10,000 രൂപയാണ് പിഴ.
ഇത്തരക്കാർ വലിച്ചെറിയുന്ന കുപ്പികൾ പൊട്ടി സഞ്ചാരികൾക്ക് പരിക്കേൽക്കുന്നുണ്ട്. ഇതിന് പരിഹാരം കാണാനാണ് പുതിയ നിയമം. മദ്യപിക്കുന്നവരെ നിയന്ത്രിക്കാൻ ടൂറിസ്റ്റ് പൊലീസ് സേനയുണ്ടാക്കാനാും സർക്കാർ ഒരുങ്ങുന്നുണ്ട്.
ബീച്ചുകൾ ദിവസവും മൂന്ന് തവണ അധികൃതർ വൃത്തിയാക്കുന്നുണ്ട്. എന്നാൽപോലും മണലിനിടയിൽ പൊട്ടിക്കിടക്കുന്ന കുപ്പിച്ചില്ലുകൾ പലപ്പോഴും കണ്ടെത്താൻ സാധിക്കാറില്ല. ബീച്ച് ശുചീകരണത്തിനായി ഗോവൻ സർക്കാർ ഓരോ വർഷവും 10 കോടി രൂപയാണ് ചെലവഴിക്കുന്നത്.
നേരത്തെ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിലും വഴിയരികിൽ ഭക്ഷണം പാകം ചെയ്യുന്നതിലും കർശന നിയന്ത്രണം ഏർപ്പെടുത്തി ഗോവൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. പുതിയ വിനോദ സഞ്ചാര നയത്തിൻെറ ഭാഗമായിട്ടായിരുന്നു തീരുമാനം. ഗോവയുടെ പ്രകൃതിഭംഗി സംരക്ഷിക്കാനാണ് പുതിയ വിനോദസഞ്ചാര നയത്തിൽ ഊന്നൽ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.