കിളിമഞ്ചാരോ കീഴടക്കി 11കാരിയുടെ സാഹസികത
text_fieldsദുബൈ: ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കി ദുബൈയിൽ താമസക്കാരിയായ കാനഡയിൽനിന്നുള്ള 11കാരി. പിതാവ് സാമിനൊപ്പമാണ് സോഫി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതാരോഹകരിൽ ഉൾപ്പെടുന്ന സാഹസികത പൂർത്തിയാക്കിയത്.
അത്യധികം വെല്ലുവിളികൾ നിറഞ്ഞ കൊടുമുടി കയറ്റത്തിന് മാസങ്ങൾ നീണ്ട പരിശീലനം വേണ്ടിവന്നതായി സോഫി പറഞ്ഞു. സമുദ്രനിരപ്പിൽനിന്ന് 5,895 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കിളിമഞ്ചാരോയിലെ ഉഹുരു കൊടുമുടിലിയാണ് കുട്ടി എത്തിച്ചേർന്നത്. അഞ്ചുമാസത്തെ പരിശീലന കാലത്ത് ഈ മിടുക്കി എല്ലാ ദിവസവും രാവിലെ 6.30 മുതൽ പരിശീലനം നടത്തുമായിരുന്നു. ആറു കിലോവരുന്ന ആവശ്യവസ്തുക്കളും ചുമന്നാണ് പരിശീലനക്കയറ്റം നടത്തിയിരുന്നത്.
സ്ക്വാഷ്, ദീർഘദൂര ഓട്ടം, റോളർ സ്കേറ്റിങ്, റോക്ക് ക്ലൈംബിങ്, നീന്തൽ, സ്കേറ്റ് ബോർഡിങ്, റോളർ ബ്ലേഡിങ് എന്നിവ കളിക്കുമായിരുന്നെന്നും ഇത് ദൗത്യം വിജയിക്കാൻ ഏറെ സഹായിച്ചെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ശാരീരികക്ഷമതയേക്കാൾ മാനസികക്ഷമതയാണ് പർവതാരോഹണത്തിന് അനിവാര്യമായിട്ടുള്ളതെന്നും ആത്മവിശ്വാസമുണ്ടെങ്കിൽ ആർക്കും ഏത് കൊടുമുടിയും കീഴടക്കാമെന്നും സോഫി പറയുന്നു.
പിതാവിന്റെ പരിശീലനവും സഹായവുമാണ് ഏറ്റവും ഉപകാരപ്പെട്ടതെന്നും അവൾ കൂട്ടിച്ചേർത്തു. 40ാം വയസ്സിൽ എവറസ്റ്റ് കൊടുമുടിയിലൂടെ ബേസ് ക്യാമ്പ് വരെ കയറിയ വ്യക്തിയാണ് സാം. മകൾക്കൊപ്പം കൂടുതൽ കൊടുമുടികൾ കീഴടക്കണമെന്ന ആഗ്രഹമാണ് സാമിനുള്ളത്. വരും വർഷങ്ങളിൽ എല്ലാ ഭൂഖണ്ഡങ്ങളിലും ഒരു പർവതമെങ്കിലും കയറുക എന്നതാണ് അവളുടെ പദ്ധതി. റഷ്യയിലെയും യൂറോപ്പിലെയും ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസാണ് ഈ മിടുക്കി ജൂണിൽ കയറാൻ ആഗ്രഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.