യുവസംരംഭകർക്ക് ആവേശം പകർന്ന് ഹത്ത
text_fieldsദുബൈ എമിറേറ്റിന്റെ ഭാഗമായ ഹത്ത പ്രദേശം വലിയ വികസന മുന്നേറ്റത്തിന്റെ പാതയിലാണ്. വിനോദസഞ്ചാരികളെ ആകർഷിക്കാനായി നടപ്പിലാക്കിയ പദ്ധതികൾ വിജയിച്ചതോടെ ഓരോ ദിവസവും ആയിരക്കണക്കിന് സന്ദർശകരാണ് ഇവിടെയെത്തുന്നത്. ശാന്തമായ മലയടിവാരം മാത്രമായിരുന്ന പ്രദേശമിപ്പോൾ വർഷം മുഴുവൻ സജീവമായ ഇടമായിരിക്കുന്നു. പ്രദേശിക വികസനത്തിനൊപ്പം യുവ സംരംഭകരെ പ്രോൽസാഹിപ്പിക്കാൻ സർക്കാർ നടപ്പിലാക്കിയ പദ്ധതികളും വിജയ വഴിലാണിപ്പോൾ. നിരവധി പുതിയ സംരംഭകരാണ് ഇവിടെ നിന്ന് വളർന്നുവരുന്നത്.
ദുബൈ ഇകോണമി ആൻഡ് ടൂറിസം വകുപ്പിന്റെ കീഴിലെ മുഹമ്മദ് ബിൻ റാശിദ് ചെറുകിട-ഇടത്തരം സംരംഭക വികസന വകുപ്പാണ് ഹത്തയിലെ യുവസംരംഭകരെ പ്രോൽസാഹിപ്പിക്കുന്നത്. സ്വന്തം ബിസിനസുകൾ സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനും ആവശ്യമായ ദിശാബോധം നൽകുന്നതിനായി വകുപ്പ് പരിശീലന കോഴ്സുകളും പ്രത്യേക പരിപാടികളും സജീവമായി സംഘടിപ്പിക്കുന്നുണ്ട്.
വാണിജ്യ, കാർഷിക മേഖലകൾക്കായി 21 ശിൽപശാലകളും സംരംഭകത്വത്തിൽ പ്രത്യേക ഡിപ്ലോമ കോഴ്സുകളും നടത്തിയിട്ടുണ്ട്. ഹത്തയിലെ സ്റ്റാർട്ടപ്പുകൾക്കായി ഫീസില്ലാത്ത 45 വാണിജ്യ ലൈസൻസുകൾ ലഭിക്കാൻ ദുബൈ എസ്.എം.ഇ വകുപ്പ് സഹായിച്ചിരുന്നു. ഇത്തരത്തിലുള്ള സഹായങ്ങൾ മേഖലയിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും പുതിയ ബിസിനസുകൾക്കുള്ള തടസ്സങ്ങൾ കുറക്കുകയും ചെയ്തു.
ഭക്ഷണം, ഫാം, ടൂറിസം, വിനോദ സ്ഥാപനങ്ങൾ, നിർമ്മാണം, ഫിറ്റ്നസ് സെന്റർ, കാർപെൻട്രി, അലുമിനിയം ഫാബ്രിക്കേഷൻ തുടങ്ങി നിരവധി മേഖലകളിൽ പുതിയ ബിസിനസ് വിജയഗാഥകൾ ഉയർന്നുവരുന്നുണ്ട്. അൽ ദുറൂർ തേൻ, ഈത്തപ്പഴ വിൽപന സ്ഥാപനം വർഷത്തിൽ 20ടൺ തേൻ ഉൽപാദിപ്പിക്കുന്ന നിലയിലേക്ക് എത്തിച്ചേർന്നത് ഇതിൽ ശ്രദ്ധേയമാണ്.
ഈ പദ്ധതി പ്രാദേശിക കാർഷിക മേഖലയിൽ, പ്രത്യേകിച്ച് തേൻ, ഈന്തപ്പഴം എന്നിവയുടെ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിൽ വലിയ സംഭാവന ചെയ്യുന്നു. വിനോദസഞ്ചാരത്തിലും കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സേവനങ്ങളിലൂടെ പ്രാദേശികമായി തരംഗം സൃഷ്ടിച്ച മറ്റൊരു കമ്പനിയാണ് ഹത്ത കയാക്ക്. ഈ സംരംഭവും പ്രാദേശിക സാമ്പത്തിക സാമൂഹിക വികസനത്തിന് സംഭാവന നൽകിയിട്ടുണ്ട്. റസ്റ്റോറന്റ്, സലൂൺ സപ്ലൈസ് ട്രേഡിങ് തുടങ്ങിയ മേഖലകളിലും വിജയകരമായ സംരംഭങ്ങളുണ്ട്.
ദുബൈ ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബൈ അടുത്തിടെ സംഘടിപ്പിച്ച ഹത്ത ഫെസ്റ്റിവൽ, ഹത്തയിലെ പ്രാദേശിക ബിസിനസുകൾക്ക് ഊർജം പകരുന്നതായിരുന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ‘പ്രൗഡലി ഫ്രം ദുബൈ മാർക്കറ്റ്’ ഹത്ത ആസ്ഥാനമായുള്ള കമ്പനികളുടെ നിരവധി ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.