ഇ-പാസും ഫീസ് വർധനയും; ഊട്ടിയിലേക്ക് സഞ്ചാരികളുടെ വരവ് കുറഞ്ഞു
text_fieldsഗൂഡല്ലൂർ: ഊട്ടിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ ഇ-പാസ് ഊട്ടി, കൂനൂർ, കോത്തഗിരി, ഗൂഡല്ലൂർ, മസിനഗുഡി ഉൾപ്പെടെയുള്ള വ്യാപാര കേന്ദ്രങ്ങളെ പ്രതികൂലമായി ബാധിച്ചു. ഊട്ടി പുഷ്പമേളക്കായി ലക്ഷങ്ങളാണ് മുൻവർഷം എത്തിയിരുന്നത്. എന്നാൽ ഇത്തവണ ഇ-പാസ് ഏർപ്പെടുത്തി സന്ദർശകരെ നിയന്ത്രിച്ചതോടെ വരവ് ഗണ്യമായി കുറഞ്ഞു.
സന്ദർശന പാസ് രജിസ്റ്റർ ചെയ്തവരിൽ പലരും യാത്ര ഒഴിവാക്കുകയായിരുന്നു. ഇതിനാൽ ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ബോട്ട് ഹൗസ് ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പുഷ്പമേള ദിനങ്ങളിൽ കാണാറുള്ള തിരക്ക് ഉണ്ടായില്ല. ഗാർഡൻ പ്രവേശന ഫീസ് മൂന്നിരട്ടി വർധിപ്പിച്ചതും യാത്രക്കാരെ അകറ്റിനിർത്താൻ കാരണമായി.
വലിയവർക്ക് 75 രൂപയും കുട്ടികൾക്ക് 30 രൂപയുമായിരുന്നതാണ് ഒറ്റയടിക്ക് മുതിർന്നവർക്ക്150 രൂപയും കുട്ടികൾക്ക് 75 രൂപയുമായി വർധിപ്പിച്ചത്.
പുഷ്പമേള ദിനങ്ങളിൽ മാത്രമാണ് ഇത് ബാധകമെങ്കിലും സഞ്ചാരികൾ കുറയാൻ വർധന കാരണമായിട്ടുണ്ട്. മേയ് ഏഴു മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ യാത്ര ചെയ്യാനായി ലക്ഷങ്ങൾ രജിസ്ട്രേഷൻ ചെയ്തിട്ടുണ്ടെങ്കിലും പലരും ഊട്ടിയിലേക്കെത്തിയില്ല എന്നതാണ് വസ്തുത.
സ്കൂൾ, കോളജ് അവധിയും വേനലവധിയും പ്രയോജനപ്പെടുത്താനാണ് പലരും ഏപ്രിൽ, മേയ് മാസങ്ങൾ വിനോദത്തിന് തെരഞ്ഞെടുക്കുന്നത്. പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ പലരും യാത്ര വേണ്ടെന്ന് വെക്കുകയായിരുന്നു. ഇതിനിടെ ഊട്ടിയിലെ കാലാവസ്ഥ മാറി തുടങ്ങിയതും സഞ്ചാരികളുടെ വരവിനെ ബാധിച്ചു.
പുഷ്പമേള ദിവസങ്ങളിൽ ഊട്ടിയിലേക്കുള്ള വാഹനങ്ങളുടെ വരവ് അതിരാവിലെ തന്നെ കാണാറുള്ളത് പതിവാണ്. എന്നാൽ വയനാട് ഭാഗത്തുനിന്ന് സുൽത്താൻബത്തേരി പാട്ടവയൽ അതിർത്തി വഴി വരുന്ന വാഹനങ്ങളും വളരെ കുറഞ്ഞിരുന്നു. ചോലാടി വഴിയും കുറവാണ്. നാടുകാണി വഴിയാണ് ടൂറിസ്റ്റുകൾ കുറച്ചെങ്കിലും കയറുന്നത്. ഇവരുടെ വരവാണ് ഹോട്ടൽ, ലോഡ്ജുകാർക്ക് അൽപമെങ്കിലും ആശ്വാസമാകുന്നത്.
അതേസമയം, വഴിക്കടവ് നാടുകാണി ചെക്പോസ്റ്റ് വഴി വയനാട്ടിലേക്കും കർണാടകയിലേക്കു പോകുന്ന യാത്രക്കാരെ ഇ-പാസിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ഊട്ടിയിലേക്കല്ലാത്ത യാത്രക്കാരും ബുദ്ധിമുട്ടിലായിരിക്കയാണ്.
നാടുകാണി ചെക്പോസ്റ്റ് കടന്ന് നീലഗിരിയിലേക്ക് പ്രവേശിക്കണമെങ്കിൽ എല്ലാ യാത്രക്കാർക്കും ഇ-പാസ് നിർബന്ധമാക്കിയിരിക്കയാണ്. ഊട്ടിയിലേക്കുള്ള യാത്രക്കാരേക്കാൾ കൂടുതൽ യാത്രക്കാരാണ് വയനാട്ടിലേക്കും കർണാടകയിലേക്കും നാടുകാണി വഴി പോകുന്നത്.
ഊട്ടിയിലെ തിരക്ക് നിയന്ത്രിക്കണമെന്ന് ആവശ്യത്തിന് ഊട്ടിയിലെ ചില വ്യാപാരികളുടെ ഭാഗത്തുനിന്നും ആവശ്യം ഉയർന്നിരുന്നു. ടൂറിസ്റ്റ് വരവ് കുറഞ്ഞതോടെ വ്യാപാര മേഖല മന്ദഗതിയിലായത് എല്ലാ വ്യാപാരികളെയും ആശങ്കയിലാക്കിയിരിക്കുകണ്. വിനോദസഞ്ചാരികളെ നിയന്ത്രിക്കണമെന്നത് പൊതു താൽപര്യമല്ലെന്നും ചില സന്നദ്ധ സംഘടനകളുടെ സ്വാർഥ താൽപര്യങ്ങളാണന്നും പൊതുവേ ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.