ഊട്ടി, കൊടൈക്കനാൽ സന്ദർശിക്കാൻ ഇ-പാസ് നിർബന്ധമാക്കി ഹൈകോടതി
text_fieldsചെന്നൈ: ഊട്ടി, കൊടൈക്കനാൽ എന്നീ വിനോദസഞ്ചാര മേഖലകൾ സന്ദർശിക്കാൻ വാഹനങ്ങൾക്ക് ഇ-പാസ് ഏർപ്പെടുത്തണമെന്ന് മദ്രാസ് ഹൈകോടതി. മേയ് ഏഴുമുതൽ ജൂൺ 30 വരെയാണ് പാസ് നിർബന്ധമാക്കുക.
വിനോദസഞ്ചാരികളുടെ ആധിക്യം മേഖലയിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന ഹർജിയിലാണ് കോടതി നടപടി. ഇവിടെ എത്തുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും വിവരങ്ങൾ ശേഖരിക്കാൻ ഇ-പാസ് സംവിധാനം ജില്ലാ ഭരണകൂടങ്ങളെ സഹായിക്കുമെന്നും ഇത് അവലോകനം ചെയ്ത് ഭാവിയിൽ നിയന്ത്രണം ഏർപ്പെടുത്താമെന്നും ഹൈകോടതി ഉത്തരവിൽ പറഞ്ഞു. ചെക്ക്‌പോസ്റ്റുകൾക്ക് സമീപം മണിക്കൂറുകളോളം വാഹനങ്ങൾ കൂട്ടമായി കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും ഇന്ധനം ലാഭിക്കാനും കാർബൺ ബഹിർഗമനം തടയാനും ഇത് സഹായിക്കും.
വേനൽക്കാലത്ത് രണ്ട് ഹിൽ സ്റ്റേഷനുകളിലും എത്തുന്ന വാഹനങ്ങളുടെ എണ്ണം, തരം, സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം, പകൽ സന്ദർശിച്ച് മടങ്ങുന്നുണ്ടോ?, രാത്രി തങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ തുടങ്ങിയ പരമാവധി വിവരങ്ങൾ ശേഖരിക്കാൻ കലക്ടർമാർക്ക് നിർദേശം നൽകി. ഇതിനായി ദിണ്ടിഗൽ, നീലഗിരി ജില്ല കലക്ടർമാരെ ചുമതലപ്പെടുത്തി. എന്നാൽ മേഖലയിലെ സ്ഥിരംതാമസക്കാർക്ക് പാസ് ആവശ്യമില്ലെന്ന് ജസ്റ്റിസുമാരായ എൻ. സതീഷ് കുമാർ, ഡി. ഭരത ചക്രവർത്തി എന്നിവരടങ്ങിയ പ്രത്യേക ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കലക്ടർമാരുടെ നിർദേശപ്രകാരം മദ്രാസ് ഐ.ഐ.ടി പഠനം നടത്തി മേഖലയിലേക്ക് പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം നിശ്ചയിക്കും. പിന്നീട് ദിവസവും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വിനോദസഞ്ചാരികൾക്ക് പാസ് നൽകുക. ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിന്റെ സഹായത്തോടെ ഇ-പാസ് സംവിധാനവുമായി പേയ്‌മെൻറ് ഗേറ്റ്‌വേ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണം. അതുവഴി അപേക്ഷകർക്ക് ടോൾ ചാർജും ഓൺലൈനായി അടക്കാം.
എട്ട് ചെക്ക് പോസ്റ്റുകളിലൂടെ പ്രതിദിനം 20,000 വാഹനങ്ങൾ (11,500 കാറുകൾ, 1,300 വാനുകൾ, 600 ബസുകൾ, 6,500 ഇരുചക്രവാഹനങ്ങൾ) നീലഗിരിയിലേക്ക് പ്രവേശിക്കുന്നുവെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ട് വായിച്ച ജഡ്ജിമാർ ഞെട്ടൽ രേഖപ്പെടുത്തി. ഇത്രയധികം തിരക്കുള്ള റോഡ് മുറിച്ചുകടക്കാൻ ആനകൾക്ക് എങ്ങനെ കഴിയുമെന്ന് അവർ ചോദിച്ചു. കൂടാതെ, നീലഗിരിയിൽ പ്രദേശവാസികൾ പോലും വെള്ളത്തിനായി ബുദ്ധിമുട്ടുന്ന കടുത്ത വരൾച്ച നിലനിൽക്കുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരികൾക്ക് എങ്ങനെ വെള്ളം കണ്ടെത്താനാകുമെന്ന് ജസ്റ്റിസ് ചക്രവർത്തി ഉത്കണ്ഠ രേഖപ്പെടുത്തി. ഹർജി ജൂലൈ അഞ്ചിന് കോടതി വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.