പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര പദ്ധതി; കിടിലമാണ് കുരുത്തിച്ചാൽ
text_fieldsമണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുരുത്തിച്ചാലില്‍ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര പദ്ധതി യാഥാര്‍ഥ്യമാകുന്നതിനുള്ള സാധ്യതകളേറി. റവന്യു വകുപ്പ് വിനോദ സഞ്ചാര വകുപ്പിന് ഭൂമി കൈമാറിയാല്‍ ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.
കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം വില്ലേജില്‍ കുരുത്തിച്ചാലില്‍ റവന്യു വകുപ്പിന്റെ പക്കലുള്ള ഒന്നരയേക്കര്‍ മിച്ചഭൂമിയാണ് പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ആഴ്ച എല്‍.ആര് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ജില്ല കലക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് സര്‍ക്കാറിലേക്ക് സമര്‍പ്പിക്കും. റവന്യു-വിനോദ സഞ്ചാര വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് വിവരം.
ഒരു കോടിയോളം രൂപയുടെ വിനോദസഞ്ചാര പദ്ധതിയാണ് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ ആദ്യഘട്ടത്തില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ജില്ല പഞ്ചായത്തും ഗ്രാമപഞ്ചായത്തും പദ്ധതിക്ക് വേണ്ടി തുക വകയിരുത്തിയിട്ടുണ്ട്. വ്യൂ പോയന്റ്, പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, സന്ദര്‍ശകര്‍ക്കുള്ള സുരക്ഷ സംവിധാനങ്ങള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. 2020ലാണ് കുരുത്തിച്ചാല്‍ കേന്ദ്രീകരിച്ച് വിനോദ സഞ്ചാര പദ്ധതി നടപ്പാക്കാന്‍ ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ നീക്കങ്ങളാരംഭിച്ചത്.
പദ്ധതി യാഥാർഥ്യമായാല്‍ കുമരംപുത്തൂര്‍ പഞ്ചായത്തിലേക്ക് വികസനത്തിന് വഴിതുറക്കും. പ്രകൃതിമനോഹര കാഴ്ചകള്‍ സമ്മാനിക്കുന്ന കുരുത്തിച്ചാല്‍ സന്ദര്‍ശകരുടെ പ്രിയപ്പെട്ട ഇടമാണ്. സൈലന്റ് വാലി മലനിരകളുടെ പച്ചപ്പും ഭംഗിയും തെളിമയുള്ള വെള്ളവും കുരുത്തിച്ചാലിന്റെ പ്രത്യേകതയാണ്.
വറ്റാത്ത നീര്‍ച്ചാലുകളാണ് ഇവിടെയുള്ളത്. ജില്ലക്കകത്തുനിന്നും പുറത്തുനിന്നും കുരുത്തിച്ചാലിന്റെ സൗന്ദര്യം നുകരാന്‍ നിരവധി സന്ദര്‍ശകരാണ് എത്തിച്ചേരാറുള്ളത്. ഏറെ അപകടങ്ങൾക്ക് ഇടയാക്കുന്ന കേന്ദ്രം കൂടിയാണ് മേഖല. ടൂറിസം പദ്ധതി യഥാർഥ്യമായാൽ അപകടരഹിതമായി ആളുകൾക്ക് നിയന്ത്രണത്തോടെ കുരുത്തിച്ചാലിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.