സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ 19ന് തുറക്കും; പ്രവേശനം കര്‍ശന നിയന്ത്രണങ്ങളോടെ
text_fieldsതിരുവനന്തപുരം: കോവിഡിെൻറ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ആഗസ്റ്റ് 19 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് നിയന്ത്രണങ്ങളോടെ ഘട്ടംഘട്ടമായി പ്രവര്‍ത്തന സജ്ജമാക്കാനാണ് തീരുമാനം.
ഇക്കോ ടൂറിസം സെൻററുകളുടെ പ്രവര്‍ത്തനം നിലച്ചത് വനാശ്രിത സമൂഹത്തിലെ ദുര്‍ബല വിഭാഗക്കാരായ 2000 ആളുകളെ പ്രത്യക്ഷമായും 70,000 കുടുംബങ്ങളെ പരോക്ഷമായും ബാധിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് അഞ്ചുമാസമായി അടച്ചിട്ട കേന്ദ്രങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ പരീക്ഷണാര്‍ത്ഥം തുറക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ മൂന്നാംഘട്ട ലോക്ഡൗൺ ഇളവുകള്‍ക്കും കടുവ സംരക്ഷണ അതോറിറ്റിയുടെ നിയന്ത്രണങ്ങള്‍ക്കും വിധേയമായാണ് ഒന്നാംഘട്ട പ്രവര്‍ത്തനം. ആദ്യഘട്ടത്തില്‍ പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 65ന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കില്ല. താമസിക്കാനും കഫറ്റീരിയല്‍ ഇരുന്ന് കഴിക്കാനും വിലക്കുണ്ട്.
എന്നാല്‍, ഭക്ഷണം പാഴ്സലായി ലഭിക്കും. ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പ്രധാന സേവനങ്ങളായ ട്രെക്കിംഗ്, സഫാരി, മ്യൂസിയം, ഭക്ഷണശാല, ഇക്കോഷോപ്പ് തുടങ്ങിയവ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങളും നിർദേശങ്ങളും നല്‍കിയിട്ടുണ്ട്. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സെൻററിലേക്ക് പ്രവേശിക്കുന്ന എല്ലാവരുടെയും താപനില പരിശോധിക്കും. അനുവദനീയമായതില്‍ കൂടുതലാണ് താപനിലയെങ്കില്‍ അവരെ പ്രത്യേകം തയാറാക്കിയ സംവിധാനത്തിലേക്ക് മാറ്റി വൈദ്യസഹായം നല്‍കും. ഇതിനായി പ്രത്യേക വാഹനം, സ്ഥലം എന്നിവ ഒരുക്കും.
മാസ്‌ക്, സാനിറ്റൈസര്‍, കൃത്യമായ ഇടവേളകളിലെ അണുനശീകരണം, പ്രവേശന-പുറം കവാടങ്ങളില്‍ ശുചിമുറികള്‍ എന്നിവ സെൻററുകളില്‍ ഉറപ്പാക്കും. കേന്ദ്രങ്ങളില്‍ 65 വയസ്സിന് മുകളിലുള്ള ആളുകളെ സേവനത്തിനായി നിയോഗിക്കില്ല.
പൊതുജനങ്ങള്‍ക്ക് ടിക്കറ്റുകള്‍ ഓലൈനായി മാത്രമേ ബുക്ക് ചെയ്യാനാവൂ. ക്യൂ കഴിവതും ഒഴിവാക്കണം. വാഹനം പാര്‍ക്ക് ചെയ്യുന്നതിന് മുമ്പ് ടയര്‍ അണുവിമുക്തമാക്കണം. പകല്‍ മാത്രമായിരിക്കും ട്രക്കിംഗ്. ഒരു ബാച്ചില്‍ ഏഴുപേരെ വരെ അനുവദിക്കും. കാട്ടിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകാലുകള്‍ അണുവിമുക്തമാക്കണം. സാമൂഹിക അകലം പാലിക്കണം.
സഫാരി വാഹനങ്ങളില്‍ ഡ്രൈവർ കാബിനും സന്ദര്‍ശക ഭാഗവും വേര്‍തിരിക്കുകയും സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രം കയറ്റുകയും ചെയ്യും. സഫാരിക്കിടെ പുറത്തിറങ്ങാന്‍ പാടില്ല. വാഹനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കണം. ഓരോ സഫാരിക്ക് ശേഷവും വാഹനം അണുവിമുക്തമാക്കണം.
മ്യൂസിയം / ഇൻറര്‍പ്രട്ടേഷന്‍ സെൻററുകളില്‍ ഒരേസമയം 10 പേര്‍ക്കും ഇക്കോഷോപ്പുകളില്‍ അഞ്ചുപേര്‍ക്കും മാത്രമായിരിക്കും പ്രവേശനം. നിയന്ത്രണങ്ങളും നിർദേശങ്ങളും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല ബന്ധപ്പെട്ട ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍മാര്‍ക്കും റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍മാര്‍ക്കുമായിരിക്കും. കൃത്യമായ ഏകോപനത്തിന് അതത് മേഖലകളിലെ ചീഫ് ഫോറസ്റ്റ് കൺസര്‍വേറ്റര്‍മാരെ നോഡല്‍ ഓഫിസര്‍മാരായി നിയോഗിച്ചിട്ടുണ്ടെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.
വിവിധ ജില്ലകളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ:
തിരുവനന്തപുരം: പൊൻമുടി - മാങ്കയം, പേപ്പാറ, അഗസ്ത്യാർവനം, നെയ്യാർ.
കൊല്ലം: അച്ചൻകോവിൽ, കുളത്തുപ്പുഴ, പാലരുവി, പുനലൂർ, ശെന്തുരുണി, തെന്മല.
പത്തനംതിട്ട: കൊച്ചാണ്ടി, കോന്നി.
ആലപ്പുഴ: പുറക്കാട് ഗാന്ധി സ്മൃതിവനം.
കോട്ടയം: കുമരകം.
ഇടുക്കി: ചിന്നാർ, ഇടുക്കി, കോലാഹലമേട്, കുട്ടിക്കാനം, തേക്കടി, തൊമ്മൻകുത്ത്.
എറണാകുളം: ഭൂതത്താൻകെട്ട്, കോടനാട്/കപ്രിക്കാട്, മംഗളവനം, മുളംകുഴി, പാണിയേലി പോര്, തട്ടേക്കാട്.
തൃശൂർ: അതിരപ്പിള്ളി - വാഴച്ചാൽ, ചിമ്മിണി, പീച്ചി - വഴനി, ഷോളയാർ.
പാലക്കാട്: അനങ്ങൻമല, ചൂളന്നൂർ, ധോണി വെള്ളച്ചാട്ടം, മലമ്പുഴ, മണ്ണാർക്കാട്, നെല്ലിയാമ്പതി, നെമ്മാറ, പറമ്പിക്കുളം, സൈലൻറ് വാലി, തുടിക്കോട് - മീൻവല്ലം.
മലപ്പുറം: നെടുങ്കയം, നിലമ്പൂർ.
കോഴിക്കോട്: കാക്കവയൽ - വനപർവം, ചാലിയം, ജാനകിക്കാട്, കടലുണ്ടി, കക്കാട്, കക്കയം, പെരുവണ്ണാമുഴി, തുഷാരഗിരി.
വയനാട്: ബാണാസുരമല - മീൻമുട്ടി, ചെമ്പ്ര മല, മാനന്തവാടി, മുത്തങ്ങ, കുറുവ ദ്വീപ്, സൂചിപ്പാറ, തിരുനെല്ലി, തോൽപ്പെട്ടി.
കണ്ണൂർ: പൈതൽമല, ആറളം.
കാസർകോട്: റാണിപുരം.
( അവലംബം: http://www.forest.kerala.gov.in )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.