എക്സ്പ്ലോർ ദുബൈ
text_fieldsവേനൽ വരികയാണ്. തണുപ്പും മഴയും മാറിമാറി താമസക്കാരെ ആസ്വദിപ്പിച്ച് കാലം ചൂടിന് വഴിമാറുകയാണ്. മെയ് ആദ്യത്തോടെ തന്നെ ചുട്ടുപൊള്ളുന്ന ചൂടിലേക്ക് മറ്റെല്ലാ ഗൾഫ് നഗരങ്ങളെയും പോലെ ദുബൈയും കൂടുമാറും. പിന്നീട് മിക്ക ഔട്ഡോർ വിനോദ കേന്ദ്രങ്ങളും നാലും അഞ്ചും മാസത്തേക്ക് സന്ദർശിക്കാൻ അവസരമുണ്ടാകില്ല. എന്നാൽ ഇൻഡോർ വിനോദ കേന്ദ്രങ്ങൾ ധാരാളമുണ്ടെന്നതിനാൽ സഞ്ചാരികളുടെ ഒഴുക്കിന് കുറവൊന്നുമുണ്ടാകില്ല. അതേസമയം, ദുബൈയിൽ എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന ചില പ്രധാനപ്പെട്ട വിനോദകേന്ദ്രങ്ങൾ ഇനി ആഴ്ചകൾ കൂടിയേ പ്രവർത്തിക്കൂ. ഇത്തവണ സന്ദർശിക്കാൻ മറന്നവർക്ക് അവിടങ്ങളിൽ പോകാൻ അവസാന അവസരമാണ് മുന്നിലെത്തുന്നത്. അവ ഏതൊക്കെയെന്ന് അറിയാം.
ദുബൈ ഗ്ലോബൽ വില്ലേജ്:
പതിവിലും നേരത്തെ തുറന്ന ദുബൈ ഗ്ലോബൽ വില്ലേജ് ഈ മാസം 28ന് അടക്കാനിരിക്കുകയാണ്. ആഗോളഗ്രാമം സഞ്ചാരികളെ വരവേറ്റുതുടങ്ങുമ്പോഴാണ് ദുബൈയിലെ ടൂറിസം സീസൺ സജീവമാവുകന്നതെന്നാണ് പറയപ്പെടുന്നത്. ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തിയെട്ടാമത്തെ സീസണാണ് ഇത്തവണത്തേത്. ലോകമെമ്പാടുമുള്ള സാംസ്കാരിക കാഴ്ചകളും ആഘോഷങ്ങളും രുചി വൈവിധ്യങ്ങളും സംഗമിക്കുന്ന കേന്ദ്രം ഏത് സാധാരണക്കാരനും സന്ദർശിക്കാവുന്ന ചെറിയ പ്രവേശന നിരക്കാണ് ഈടാക്കുന്നത്. 25 ദിർഹമാണ് നിരക്ക്. ഓൺലൈൻ വഴി ടിക്കറ്റെടുത്താൽ 22.50 ദിർഹം മതി. പ്രവർത്തിദിവസങ്ങളിൽ വൈകീട്ട് നാല് മുതല് രാത്രി 12 വരെയും വെള്ളി, ശനി, ഞായര് ദിവസങ്ങളിൽ രാത്രി ഒന്ന് വരെയുമാണ് ഗ്ലോബൽ വില്ലേജ് സജീവമാകുന്നത്. വിവിധ രാജ്യങ്ങളിലെ പ്രമുഖരായ 400 കലാകാരന്മാർ വേദിയിലെത്തുന്ന പരിപാടികളിൽ മിക്കതും അവസാനിച്ചു കഴിഞ്ഞു. എങ്കിലും അവസാന ദിനങ്ങളിൽ ഗ്ലോബൽ വില്ലേജിന് സൗന്ദര്യം ഒന്നുവേറെതന്നെയാണ്. വേനലെത്തും മുമ്പ് കണ്ടിരിക്കേണ്ട ആദ്യ സ്ഥലം ഗ്ലോബൽ വില്ലേജ് തന്നെ.
മിറക്കിൾ ഗാർഡൻ:
പുക്കളുടെ സൗന്ദര്യത്താൽ ഏവരെയും ആകർഷിക്കുന്ന ദുബൈ മിറക്കിൾ ഗാർഡൻ ജൂൺ രണ്ടിന് വേനലവധിക്ക് അടക്കുകയാണ്. വ്യത്യസ്ത നാടുകളിലെ അപൂർവ പുഷ്പങ്ങൾ വിടർന്നു നിൽക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടമാണിതെന്നാണ് അറിയപ്പെടുന്നത്. 120ൽ ഏറെ ഇനങ്ങളിലായി 15 കോടിയിലേറെ പൂക്കൾകൊണ്ടാണ് ഈ സുന്ദരത്തോട്ടം ഒരുക്കിയത്. പുഷ്പങ്ങളും അലങ്കാരച്ചെടികളും കൊണ്ടു നിർമിച്ച ഗോപുരങ്ങൾ, കൂറ്റൻ മൃഗരൂപങ്ങൾ, തോരണങ്ങൾ എന്നിവയും സന്ദർശകർക്ക് ഇവിടെ ആസ്വദിക്കാം. ഇവിടെ വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാനായി വിവിധ പരിപാടികളും ഏർപ്പെടുത്താറുണ്ട്. സന്ദർശകരെ വരവേൽക്കാൻ ഗേറ്റുകളിൽ പ്രമുഖ കാർട്ടൂൺ രൂപങ്ങളുമുണ്ട്. അതിനാൽതന്നെ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണിത്. വിമാനത്തിന്റെയും വ്യത്യസ്ത കമാനങ്ങളുടെയും ആകൃതിയിലൊരുക്കിയ പൂന്തോട്ടം കാണാൻ ഓരോ വർഷവും നിരവധിപേരാണ് ഇവിടെയെത്താറുള്ളത്. കുട്ടികൾക്കുള്ള പ്രത്യേക മേഖലയിൽ അനിമേഷൻ, കാർട്ടൂൺ കഥാപാത്രങ്ങളുടെ രൂപത്തിൽ അലങ്കരിച്ചിട്ടുണ്ട്. ദുബൈ ലാൻഡിന്റെ ഹൃദയഭാഗത്താണ് മിറക്കിൾ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. വിനോദ സ്ഥലങ്ങൾ, ദീപാലങ്കാരങ്ങൾ, ആംഫി തിയറ്റർ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. 12വയസിൽ കൂടുതലുള്ളവർക്ക് പ്രവേശനത്തിന് 95ദിർഹമാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് 80ദിർഹമുമാണ് നിരക്ക്. എന്നാൽ മൂന്നു വയസിന് താഴെയുള്ള കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് സൗജന്യമാണ്. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 9മുതൽ രാത്രി 9വരെയാണ് പ്രവർത്തനം. വാരാന്ത്യങ്ങളിൽ രാവിലെ 9മുതൽ രാത്രി 10വരെയും പ്രവർത്തിക്കും.
ദുബൈ സഫാരി പാർക്ക്:
ഒക്ടോബറിൽ തുറന്ന ദുബൈ സഫാരി മെയ് 31ന് ഈ സീസണിലെ പ്രവർത്തനം അവസാനിപ്പിക്കും. കനത്ത വേനൽചൂടിൽ നിന്ന് മൃഗങ്ങളെ ഒഴിവാക്കി പരിപാലിക്കുന്നതിനാണ് സഫാരി വേനൽകാലത്ത് അടച്ചിടുന്നത്. ആകർഷകമായ കൂടുതൽ പരിപാടികളും ഷോകളും ഉൾപ്പെടുത്തിയാണ് സഫാരി ഇത്തവണ ദുബൈ മുനിസിപ്പാലിറ്റി ഒരുക്കിയത്. വേനൽചൂട് കുറയുന്നതോടെ ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സജീവമാകുന്നതിന്റെ ഭാഗമായാണ് സഫാരിയും തുറക്കാറുള്ളത്. 119 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിൽ ആയിരക്കണക്കിന് മൃഗങ്ങളും പക്ഷിജാലങ്ങളുമുണ്ട്. ആഫ്രിക്കൻ വില്ലേജ്, ഏഷ്യൻ വില്ലേജ്, എക്സ്പ്ലോറർ വില്ലേജ് എന്നിങ്ങനെ വേർതിരിച്ചിരിക്കുന്ന പാർക്കിൽ അറേബ്യൻ ഡെസേർട്ട് സഫാരിക്കും അവസരമുണ്ട്. മുതിർന്നവർക്ക് 50ദിർഹമും മൂന്നു മുതൽ 12വയസുവരെയുള്ള കുട്ടികൾക്ക് 20ദിർഹമുമാണ് നിരക്ക്. രാവിലെ 10മുതൽ വൈകുന്നേനരം ആറുവരെ പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.