വിൻപാർക്ക്; വയൽക്കരയിലെ സായാഹ്ന കാഴ്ചക്ക് അഴകേറെ...
text_fieldsഅരൂർ: വയൽക്കരയിലെ സായാഹ്ന കാഴ്ച ആസ്വദിക്കാനും അനുഭവിക്കാനും അനേകരെത്തുന്ന ഇടമായി എഴുപുന്നയിലെ വിൻപാർക്ക്. തിരക്കിൽ നിന്നൊക്കെ വിട്ട് ഗ്രാമക്കാഴ്ചകളുടെ സൗന്ദര്യത്തിൽ മുഴുകി ശാന്തമായി പ്രകൃതിയോടൊപ്പം ഇരിക്കാൻ പറ്റിയ ഇടം അന്വേഷിക്കുന്നവർക്ക് നല്ലൊരു ഉത്തരമാണ് എഴുപുന്ന നീണ്ടകര റോഡിനോട് ചേർന്നുള്ള വിൻപാർക്ക്. വൈകുന്നേരങ്ങൾ ഇവിടം ആഘോഷഭരിതമാണ്. ജനങ്ങളെ ആകർഷിക്കാൻ ചില ഘടകങ്ങളുണ്ട്. ഏക്കറുകണക്കിന് വിസ്തൃതമായി പരന്നുകിടക്കുന്ന പൊക്കാളി നിലങ്ങൾ, ഏതുസമയത്തും വീശിയടിക്കുന്നു കുളിർകാറ്റ് എന്നിങ്ങനെ ഗ്രാമീണ അനുഭവങ്ങളുടെ സ്വർഗമാണിത്.
എരമല്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്ത്രീശാക്തീകരണ സംഘടനയായ വിൻ സെൻററിന്റെ കീഴിലുള്ള ബ്രില്യൻറ് വിൻഗ്രൂപ് 2016ൽ രൂപംനൽകിയതാണ് വിൻപാർക്ക്. നോക്കെത്താദൂരത്ത് പരന്നുകിടക്കുന്ന വയലുകൾക്ക് നടുവിൽ കടൽ വരെയെത്തുന്നു നീണ്ടകര റോഡ്, ഇതിനോട് ചേർന്ന് കുറച്ച് സ്ഥലം വെട്ടി വെടിപ്പാക്കി വിശ്രമിക്കാൻ ഇരിപ്പിടങ്ങളും തയാറാക്കി.യാത്രികർ വിശ്രമസങ്കേതമായി പാർക്കിനെ അംഗീകരിച്ചതോടെ സംഘാടകർക്കും ആവേശമായി. തൊഴിലുറപ്പിൽപെടുത്തി കുറേസ്ഥലം ടൈൽ നിരത്തി ആകർഷണീയമാക്കി.
അരക്കിലോമീറ്റർ നീളത്തിൽ തുടക്കത്തിൽ രൂപപ്പെട്ട പാർക്ക് ഹാർബർ എൻജിനീയറിങ് റോഡ് പണി ഏറ്റെടുത്തതോടെ വിപുലീകരിച്ചു. ഇപ്പോൾ പാർക്കിൽ കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പ്രഭാതസവാരിക്ക് ഇറങ്ങുന്നവർക്ക് ചെറിയ വ്യായാമങ്ങൾക്ക് പ്രയോജനപ്പെടുന്ന ഉപകരണങ്ങൾകൂടി പാർക്കിൽ സ്ഥാപിക്കാൻ കഴിഞ്ഞാൽ നന്നായിരിക്കുമെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.