ഇംഗ്ലണ്ടിലേക്ക് ഫായിസ് ഇനി സൗദി മണ്ണിലൂടെ സൈക്കിൾ ചവിട്ടും
text_fieldsദമ്മാം: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യവാർഷികദിനത്തിൽ കേരളത്തിൽനിന്ന് സൈക്കിളിൽ ഇംഗ്ലണ്ട് ലക്ഷ്യമാക്കി യാത്രതിരിച്ച ഫായിസ് സൗദിയിലെത്തി. സൈക്കിൾ ചവിട്ടി തുടങ്ങിയിട്ട് മൂന്നു മാസം പിന്നിടുന്നു. സവാരിക്കിടയിൽ ഖത്തറിലെത്തി അവിടെ 12 ദിവസത്തെ പര്യടനം പൂർത്തിയാക്കിയാണ് സൽവ അതിർത്തി കവാടം വഴി സൗദിയിലേക്ക് കടന്നത്. മുമ്പ് പ്രവാസിയായി ജീവിച്ച സൗദിയുടെ വിവിധ പ്രവിശ്യകളിലൂടെ സൈക്കിളിൽ ചുറ്റിയടിച്ച ശേഷം ലക്ഷ്യത്തിലേക്ക് യാത്ര തുടരും. ഡിസംബർ അവസാന ആഴ്ച വരെ സൗദിയിൽ ഉണ്ടാകുമെന്ന് ഫായിസ് പറയുന്നു.
2011 മുതൽ 2015 വരെ വിപ്രോയിലെ ജീവനക്കാരനായി സൗദി കിഴക്കൻ പ്രവിശ്യയിൽ ഫായിസ് ജോലി ചെയ്തിട്ടുണ്ട്. പിതാവ് അസുഖബാധിതനായതോടെ ജോലിയൊഴിവാക്കി നാട്ടിലേക്ക് മടങ്ങി. പിതാവിന്റെ മരണശേഷമുള്ള ഒറ്റപ്പെടലിൽനിന്ന് രക്ഷപ്പെടാനാണ് സൈക്കിളെടുത്ത് പുറപ്പെട്ടത്. കോഴിക്കോട്ടുനിന്ന് സിംഗപ്പൂരിലേക്കായിരുന്നു ആദ്യ സൈക്കിൾ സവാരി. നേപ്പാൾ, ഭൂട്ടാൻ, മ്യാന്മർ, തായ്ലൻഡ്, മലേഷ്യ വഴി 104 ദിവസം കൊണ്ട് 8,000 കി.മീറ്റർ സഞ്ചരിച്ചാണ് സിംഗപ്പൂരിലെത്തിയത്. ആ യാത്ര നൽകിയ പ്രചോദനമാണ് ഇംഗ്ലണ്ടിലേക്ക് സൈക്കിൾ ചവിട്ടാനുള്ള തീരുമാനത്തിനുപിന്നിൽ.
35 രാജ്യങ്ങളിലൂടെ 30,000 കി.മീറ്റർ സഞ്ചരിച്ച് 450 ദിവസം കൊണ്ട് ഇംഗ്ലണ്ടിൽ എത്തിച്ചേരും വിധമാണ് യാത്ര ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതൊരു യാത്ര മാത്രമല്ല, ഇന്ത്യയിലെ 120 കോടി ജനങ്ങളുടെ സ്നേഹവും സൗഹൃദവും സമാധാനവും പകരുന്ന ഒരു സന്ദേശം കൂടിയാണെന്ന് ഫായിസ് പറയുന്നു. സ്വാതന്ത്ര്യത്തിന്റെ 75 ആണ്ടുകൾ പിന്നിട്ട് ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന നമ്മുടെ രാജ്യം ലോകത്തോട് സഹവർത്തിത്വം ആവശ്യപ്പെടുമ്പോൾ ഹൃദയത്തിൽനിന്നും ഹൃദയത്തിലേക്ക് എന്ന സന്ദേശമാണ് താൻ ഉയർത്തിപ്പിടിക്കുന്നതെന്നും ഫായിസ് കൂട്ടിച്ചേർത്തു.
ഏഴുവർഷത്തെ ഇടവേളക്കുശേഷം തിരിച്ചെത്തുമ്പോൾ സൗദി ആകെ മാറിക്കഴിഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെടുന്നു. അതിർത്തിയിൽനിന്നുതന്നെ പൊലീസുകാരുൾപ്പെടെയുള്ളവരിൽനിന്ന് വലിയ സ്നേഹമാണ് കിട്ടിയത്. രാവിലെ ഭക്ഷണം കഴിക്കാൻ സ്നേഹപൂർവം ക്ഷണിക്കുകയും ഭക്ഷണം കഴിച്ചുപോയല്ലോ എന്നറിയിച്ചപ്പോൾ സൈക്കിളിനുപിറകെ സംരക്ഷകരായി ഒപ്പംവരുകയും ചെയ്തു. ഇടക്ക് ജ്യൂസും വെള്ളവും കേക്കുകളും സമ്മാനിച്ചു. ഈ ഇഷ്ടം എന്നോടുള്ളത് മാത്രമല്ല, നമ്മുടെ രാജ്യത്തോടു കൂടിയുള്ളതാണെന്ന് ഫായിസ് വികാരാധീനനായി പറഞ്ഞു.
അബ്ഖൈഖ് വഴി ബുധനാഴ്ച ദമ്മാമിലെത്തിയ ഫായിസ് അടുത്ത ദിവസം ബഹ്റൈനിലേക്ക് പോകും. അവിടെനിന്ന് തിരികെയെത്തി റിയാദും ജിദ്ദയും മക്കയും സന്ദർശിച്ച് വീണ്ടും ദമ്മാമിലെത്തി അവിടെനിന്ന് കുവൈത്തിലേക്ക് പോകും. തുടർന്ന് ഇറാഖ്, ഇറാൻ, ജോർജിയ, തുർക്കിയ, ബൾഗേറിയ, റുമേനിയ, മൾഡോവ, യുക്രെയ്ൻ, പോളണ്ട്, ചെകോസ്ലോവാക്യ, ഹംഗറി, സെർബിയ, ക്രൊയേഷ്യ, ഓസ്ട്രിയ, ഇറ്റലി, സ്വിറ്റ്സർലൻഡ്, ജർമനി, നെതർലൻഡ്സ്, ബെൽജിയം, ലക്സംബർഗ്, ഫ്രാൻസ് എന്നിവിടങ്ങളിലൂടെ രണ്ടു ഭൂഖണ്ഡങ്ങൾ താണ്ടിയാണ് ലണ്ടനിൽ എത്തിച്ചേരുക. 2024 മാർച്ചിൽ ബ്രിട്ടനിൽ എത്തുകയാണ് ലക്ഷ്യം.
കോഴിക്കോട് തലക്കുളത്തൂർ സ്വദേശിയാണ് ഫായിസ് അഷ്റഫ് അലി (34). ഉമ്മയും ഉമ്മുമ്മയും ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം. ഭാര്യ ഡോ. അസ്മിൻ ഫായിസയാണ് യാത്ര കോഓഡിനേറ്റ് ചെയ്യുന്നത്. മക്കൾ ഫഹ്സിന് ഒമറും അയ്സിന് നഹേലും ഉപ്പയുടെ യാത്രക്ക് മനസ്സുകൊണ്ട് ഒപ്പമുണ്ട്. പാരാജോൻ, എമിറേറ്റ് ഫസ്റ്റ് എന്നീ കമ്പനികളാണ് യാത്രയുടെ സ്പോൺസർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.