സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണ്ണിൽ
text_fieldsതൊടുപുഴ: ടൂറിസത്തിന് പുത്തൻ ഉണർവ് നൽകി സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്കിന്റെ ഉദ്ഘാടനം വാഗമണ്ണിൽ. വെള്ളിയാഴ്ച രാവിലെ 10ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
കേരളത്തിന്റെ മനോഹരമായ കുന്നും കാടും കടലും കായലും എല്ലാം ഇനി സഞ്ചരിച്ചുകൊണ്ട് കാണാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. സ്വകാര്യ സംരംഭ സഹകരണത്തോടെയാണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് കാരവൻ കേരള പദ്ധതി നടപ്പാക്കുന്നത്. സ്ക്രീനിൽ മാത്രം കണ്ട് പരിചയമുള്ള കാരവനുകൾ കേരള ടൂറിസത്തിന്റെ ഭാഗമാകുന്നത് ടൂറിസം മേഖലക്ക് കൂടുതൽ സാധ്യതകൾ തുറക്കുമെന്നാണ് കരുതുന്നത്.
ആദ്യ 100 കാരവൻ പാർക്കുകൾക്കായി 67 സ്ഥാപനങ്ങൾ മുന്നോട്ട് വന്നുകഴിഞ്ഞു. ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എല്ലാ അവശ്യ ഉപകരണങ്ങളോടും കൂടിയ അടുക്കള, ഷവർ സൗകര്യമുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി തുടങ്ങിയ സൗകര്യങ്ങളുള്ള കാരവനുകളാണ് ഒരുക്കുന്നത്.
അധികമാരും എത്തിപ്പെടാത്ത പ്രകൃതിയോടിണങ്ങിയ സ്ഥലങ്ങളിലാണ് കാരവൻ പാർക്കുകൾക്ക് അനുമതി നൽകുന്നത്. 50 സെന്റ് ഭൂമിയാണ് കാരവൻ പാർക്കുകൾക്ക് ആവശ്യമായ ചുരുങ്ങിയ സ്ഥലം.
ആദ്യ 100 കാരവൻ അപേക്ഷകർക്ക് 7.5 ലക്ഷം രൂപ അല്ലെങ്കിൽ നിക്ഷേപത്തുകയുടെ 15 ശതമാനം, അടുത്ത 100 പേർക്ക് യഥാക്രമം അഞ്ചു ലക്ഷം, അല്ലെങ്കിൽ 10 ശതമാനം, അടുത്ത 100 പേർക്ക് 2.5 ലക്ഷം രൂപ അല്ലെങ്കിൽ അഞ്ചു ശതമാനം എന്നിങ്ങനെ സബ്സിഡി വിനോദസഞ്ചാര വകുപ്പ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.