പറന്നുയരുന്നതും തിരിച്ചിറങ്ങുന്നതും ഒരേ എയർപോർട്ടിൽ; ലക്ഷ്യമില്ലാത്ത വിമാനങ്ങളിൽ ഇടിച്ചുകയറി യാത്രക്കാർ
text_fieldsകോവിഡ് കാലം നമ്മുടെ യാത്രാരീതികളെ എത്രത്തോളം മാറ്റിമറിച്ചു എന്നതിെൻറ പുതിയ ഉദാഹരണമാണ് ആകാശലോകത്തുനിന്ന് ഉയർന്നുവരുന്ന വാർത്തകൾ. മിക്ക ആളുകളും വിമാന യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു സ്ഥലത്തുനിന്ന് ലക്ഷ്യസ്ഥാനത്തേക്ക് കഴിയുന്നത്ര വേഗത്തിൽ എത്തുക എന്നതാണ്. എന്നാൽ, കോവിഡ് വന്നതോടെ എല്ലാവർക്കും യാത്രകൾ പരിമിതപ്പെടുത്തേണ്ടി വന്നു.
വിദൂര സ്ഥലങ്ങളിലെ കാഴ്ചകൾ മാത്രമല്ല, ആകാശത്തിലൂടെയുള്ള യാത്രകളും പലർക്കും പകൽസ്വപനമായി. ഇത്തരക്കാരെ ഉദ്ദേശിച്ച് പുതിയ യാത്രാപദ്ധതികൾ ആവിഷ്കരിച്ചിരിക്കുകയാണ് വിവിധ വിമാന കമ്പനികൾ. 'flights to nowhere' അതായത് എങ്ങോട്ടെന്നില്ലാത്ത യാത്ര എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. യാത്ര ചെയ്യാൻ മാത്രമായുള്ള ഒരു വിമാന യാത്ര.
പുതിയ പദ്ധതി എത്രമാത്രം ജനപ്രിയമാണെന്ന് തെളിയിച്ചിരിക്കുകയാണ് ആസ്ട്രേലിയയിലെ ക്വാണ്ടാസ് എയർലൈൻസ്. ആകാശത്തിലൂടെയുള്ള ഏഴ് മണിക്കൂർ യാത്രയുടെ 134 ടിക്കറ്റുകൾ 10 മിനിറ്റ് കൊണ്ടാണ് വിറ്റുപോയത്. 41,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് ടിക്കറ്റ് നിരക്ക് എന്ന് കേൾക്കുേമ്പാൾ പലരും മൂക്കത്ത് വിരൽവെച്ചുപോകും.
ഭൂമിയിൽനിന്ന് പറന്നുയരാനും വിമാനത്തിെൻറ കിളിവാതിലിലൂടെ കാഴ്ചകൾ കാണാനും യാത്രക്കാർ അത്രയും ആവേശത്തോടെ കാത്തിരിക്കുകയാണെന്നതിെൻറ തെളിവാണിതെന്ന് വിമാന കമ്പനി അധികൃതർ പറയുന്നു. ക്വാണ്ടാസിെൻറ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന ടിക്കറ്റുകളാണ് ഇവയെന്ന് എയർലൈൻ സി.ഇ.ഒ അലൻ ജോയ്‌സ് പറഞ്ഞു. ആളുകൾക്ക് യാത്രയും പറക്കലിെൻറ അനുഭവവും നഷ്ടപ്പെടുന്നു. ലോക്ഡൗൺ കാലം ഇനിയും നീണ്ടുപോവുകയാണെങ്കിൽ ഇത്തരം സർവിസുകൾ കൂടുതൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 10ന് സിഡ്നിയിൽനിന്ന് ആരംഭിക്കുന്ന സർവിസ് ക്വീൻസ്‌ലാൻഡ്, ഗോൾഡ് കോസ്റ്റ്, ന്യൂ സൗത്ത് വെയിൽസ് തുടങ്ങിയ മനോഹരമായ നാടുകൾക്ക് മുകളിലൂടെ പറക്കും. സിഡ്‌നി തുറമുഖം, ഗ്രേറ്റ് ബാരിയർ റീഫ് എന്നിവയുൾപ്പെടെയുള്ള പ്രശസ്തമായ കേന്ദ്രങ്ങൾ യാത്രക്കാർക്ക് കാണാനാകും. ഇതിനെല്ലാം പുറമെ ഒരു അപ്രതീക്ഷിത താരത്തിെൻറ നേതൃത്വത്തിലെ വിനോദ പരിപാടികളും വിമാനത്തിലുണ്ടാകും.
ആസ്ട്രേലിയയിൽ മാത്രമല്ല, ഏഷ്യയിലെ വിവിധ വിമാനകമ്പനികളും ഇത്തരത്തിൽ ലക്ഷ്യമില്ലാത്ത വിമാന സർവിസ് നടത്തുന്നുണ്ട്. തായ്വാനിെല ഇ.വി.എ, ജപ്പാനിലെ ആൾ നിപ്പോൺ എയർവേഴ്സ്, സിംഗപ്പൂർ എയർലൈൻസ് എന്നിവയെല്ലാം ഇത്തരം സർവിസുമായി രംഗത്തുവന്ന് കഴിഞ്ഞു. സെപ്റ്റംബർ 19ന് തായ്‌പേയ് വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന വിമാനം 120 തായ്‌വാൻ വിനോദ സഞ്ചാരികൾക്ക് ദക്ഷിണ കൊറിയയുടെ ജെജു ദ്വീപ് ആകാശത്തുനിന്ന് കാണാൻ അവസരം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.