മഞ്ഞണിഞ്ഞ മാമലകൾ നിറഞ്ഞ മലയോര ഗ്രാമങ്ങൾ; വിനോദസഞ്ചാര മേഖലകളെ കോർത്തിണക്കി പഞ്ചായത്തുകളും ടൂറിസം വകുപ്പും
text_fieldsകേളകം: മഞ്ഞണിഞ്ഞ മാമലകൾ നിറഞ്ഞ മലയോര ഗ്രാമങ്ങൾ വിനോദസഞ്ചാര മേഖലകളെ കോർത്തിണക്കി വികസന മുന്നേറ്റത്തിനുള്ള ഒരുക്കത്തിലാണ്. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതോടെ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലെ പശ്ചിമഘട്ട മലനിരകളും, പുഴകളും, വെള്ളച്ചാട്ടങ്ങളും, തീർഥാടന കേന്ദ്രങ്ങളും കോർത്തിണക്കി ടൂറിസം, വികസനത്തിനും, പരിസ്ഥിതി വിനോദ സഞ്ചാരത്തിനും, സാഹസിക വിനോദ സഞ്ചാരികൾക്കും വഴിതുറക്കുകയാണ് മലയോര ഗ്രാമങ്ങൾ.
കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടിക, കേളകം പഞ്ചായത്തിന്റെ അഭിമാനസ്തംഭമായ പാലുകാച്ചി മല, കൊട്ടിയൂർ പഞ്ചായത്തിലെ പാൽച്ചുരം പ്രദേശങ്ങളും, കണ്ണൂരിന്റെ ജീവനാഡിയായ ചീങ്കണ്ണിപ്പുഴയും, ജൈവ വൈവിധ്യങ്ങളുടെ നിറകുടവും, ജന്തുജീവജാലങ്ങളുടെ നിറസാന്നിധ്യമുള്ള ആറളം വന്യജീവി സങ്കേതവും കോർത്തിണക്കിയാണ് വിനോദ സഞ്ചാരികൾക്ക് വഴിതുറക്കുന്നത്. വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന ഏലപ്പീടിക തലശ്ശേരി-ബാവലി അന്തർ സംസ്ഥാന പാതയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. മലകളും അരുവികളും ധാരാളം പക്ഷിമൃഗാദികളും ഉള്ള ഈ പ്രദേശം സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1000 മീറ്റർ ഉയരത്തിലാണ് . കണ്ണൂരിന്റെ പലഭാഗങ്ങളും അറബിക്കടലും ഇവിടെനിന്ന് മനോഹരമായി കാണാം. തലശ്ശേരി-വയനാട് സംസ്ഥാനപാതയിൽനിന്ന് ഒരു കിലോമീറ്റർ മാറി വയനാട് ചുരത്തിന്റെ അടിവാരത്ത് സ്ഥിതിചെയ്യുന്ന പ്രദേശത്തെ വെള്ളച്ചാട്ടം കാണാൻ ധാരാളം വിനോദസഞ്ചാരികൾ എത്താറുണ്ട്.
പശ്ചിമഘട്ടത്തിൽ വരുന്ന വയനാടൻ മലനിരകളുടെ ഭാഗമായ ഈ പ്രദേശത്തിന്റെ കിഴക്ക്, തെക്ക് ഭാഗങ്ങൾ സംരക്ഷിത വനമേഖലയാണ്. മലകളിൽനിന്ന് താഴ് വാരത്തേക്ക് ഒഴുകുന്ന ധാരാളം നീരൊഴുക്കുകളുമുണ്ട്. ഉയർന്നപ്രദേശമായതിനാലും വനത്തിന്റെ സാമീപ്യം ഉള്ളതിനാലും അന്തരീക്ഷത്തിൽ എപ്പോഴും ഈർപ്പം തങ്ങിനിൽക്കുന്നു.
വേനൽക്കാലത്ത് കൂടിയ അന്തരീക്ഷ താപനില 35 ഡിഗ്രി സെൽഷ്യസ് ആണ്. മഴക്കാലത്തും ശൈത്യകാലത്തും ഇത് 15 ഡിഗ്രി സെൽഷ്യസ് വരെ താഴുന്നു. മൺസൂണിന്റെ തുടക്കത്തിൽ ശക്തമായ കാറ്റുമുണ്ടാകാറുണ്ട്. കോടമഞ്ഞുമുണ്ടാകും. മലയോര ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കാൻ ഏറെ സാധ്യതയുള്ളതാണ് ഏലപ്പീടിക. ഏറ്റവും ഉയരംകൂടിയ തമ്പുരാൻ മലക്ക് പുറമെ വെള്ളൂന്നിമല, ഏലപ്പീടിക മല എന്നീ മൂന്നു മലകൾ ഇവിടെ സംഗമിക്കുന്നു. മലയുടെ മുകളിൽ വാച്ച് ടവർ നിർമിച്ചാൽ കാഴ്ചകൾക്ക് കൂടുതൽ അഴകേറും.അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് വിനോദ സഞ്ചാരികൾക്ക് വഴിയൊരുക്കാനാണ് കണിച്ചാർ പഞ്ചായത്ത് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.